കടയ്ക്കൽ: ഇടവപ്പാതി കനക്കുമ്പോൾ കടയ്ക്കൽ ഇരുട്ടുകാട് നിവാസികൾക്കിടയിൽ ഒരു വൃദ്ധമാതാവിനെച്ചൊല്ലിയുള്ള ആശങ്ക വർദ്ധിക്കുകയാണ്. പാണ്ടിയമ്മ എന്ന് നാട്ടുകാർ വിളിക്കുന്ന ജയഗൗരിയുടെ 'ഗൗരിനിവാസ്' എന്ന കൊച്ചുകൂര ഏത് നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. ഒരു വ്യാഴവട്ടത്തിലേറെയായി ജയഗൗരിയുടെ ദുരിതജീവിതം ഈ പ്രദേശത്തിന് തീരാനൊമ്പരമാണ്. ഈ മഴക്കാലം കൂടി അതിജീവിക്കാൻ 'ഗൗരിനിവാസിന്' ത്രാണിയില്ലെന്നത് നാട്ടുകാരെ ആശങ്കയിലാക്കുന്നു.
പ്രണയവും പീഡനവും നിറഞ്ഞ ഭൂതകാലം
തമിഴ്നാട്ടിലെ കോയമ്പത്തൂർ രാമനാഥപുരത്തുനിന്നും നഴ്സറി സ്കൂൾ അദ്ധ്യാപികയായിരുന്ന ജയഗൗരിയെ നഗരൂർ സ്വദേശിയായ ജയപ്രകാശ് പ്രണയിച്ച് വിവാഹം കഴിച്ച് നാട്ടിലെത്തിച്ചതാണ്. എന്നാൽ, രണ്ടുവർഷം പിന്നിട്ടതോടെ ഇവരുടെ ജീവിതത്തിൽ ദുരിതങ്ങൾ ആരംഭിച്ചു. ഒരു മകൻ ജനിച്ച ശേഷം ഭർത്താവുമായി സ്വരച്ചേർച്ചയില്ലാതാകുകയും കൊടിയ ഗാർഹിക പീഡനത്തിന് ഇരയാകേണ്ടി വരികയും ചെയ്തു. ശരീരമാസകലം പൊള്ളിച്ച്, മുടിമുറിച്ച്, മാനസികരോഗിയാണെന്ന് വരുത്തിത്തീർത്ത് മാസങ്ങളോളം ആശുപത്രിയിൽ പാർപ്പിച്ചു. ക്രൂരതകളെല്ലാം സ്വയം ചെയ്തതാണെന്ന് ആശുപത്രി ജീവനക്കാരെ തെറ്റിദ്ധരിപ്പിച്ചാണ് അവരെ സെല്ലിൽ അടച്ചത്.
ഭൂമി തട്ടിയെടുക്കലും ജപ്തി ഭീഷണിയും
ഏതാനും വർഷങ്ങൾക്കുശേഷം ഭർത്താവ് മരണപ്പെട്ടു. ഇരുട്ടുകാട്ടിലുള്ള ആറ് സെന്റ് ഭൂമിയിൽ ജയഗൗരി ഒരു പെട്ടിക്കട കെട്ടി ചെറിയ കച്ചവടം നടത്തി ജീവിതം മുന്നോട്ട് കൊണ്ടുപോവുകയായിരുന്നു. ഇതിനിടെ, വിവാഹിതനായ മകന്റെ ഭാര്യ മാതാവ് വൈദ്യുതി കണക്ഷൻ വാങ്ങി നൽകാമെന്ന് പറഞ്ഞ് ഏതാനും മുദ്രപ്പത്രങ്ങളിൽ മലയാളം വശമില്ലാതിരുന്ന ജയഗൗരിയെക്കൊണ്ട് ഒപ്പിട്ടുവാങ്ങി. എന്നാൽ, ഈ സ്ഥലവും കടയും അവരുടെ പേരിലാക്കുകയും കടയ്ക്കൽ കാർഷിക വികസന ബാങ്കിൽ നിന്ന് മൂന്നുലക്ഷം രൂപ വായ്പയെടുക്കുകയും ചെയ്തു. വായ്പാ തിരിച്ചടവില്ലാതെ കടയും പുരയിടവും ജപ്തിയിലായി.
ഒടുങ്ങാത്ത ദുരിതങ്ങൾ
ഇതിനിടയിൽ മകന്റെ ഭാര്യയും വസ്തു കൈക്കലാക്കിയ ഭാര്യ മാതാവും മരണപ്പെട്ടതോടെ, ഈ വസ്തു ജയഗൗരിക്ക് ഒരിക്കലും തിരിച്ചെടുക്കാൻ കഴിയാത്ത അവസ്ഥയിലായി. ജപ്തിയിലായ പുരയിടത്തിൽ വീട് അനുവദിക്കാൻ പഞ്ചായത്തിനും സാധിക്കാതെ വന്നതോടെ, ഏതുനിമിഷവും നിലംപൊത്താറായ ഈ കൂരയ്ക്കുള്ളിലെ പെട്ടിക്കടയിലാണ് ജയഗൗരി രാത്രികാലങ്ങളിൽ ചുരുണ്ടുകൂടി ഉറങ്ങുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |