കൊല്ലം: പതിനൊന്ന് വർഷം മുമ്പ് കരുനാഗപ്പള്ളിയിൽ വച്ച് കർണാടക രജിസ്ട്രേഷൻ ലോറിയിൽ കടത്തിക്കൊണ്ടുവന്ന 3630 ലിറ്റർ സ്പിരിറ്റ് എക്സൈസ് പിടികൂടിയ കേസിലെ പ്രതികളെ വെറുതെ വിട്ടു. ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികളായ കോട്ടയം സ്വദേശി ജോസി സെബാസ്റ്റ്യൻ, കാസർകോട് സ്വദേശി സന്തോഷ്‌കുമാർ, കോട്ടയം മീനച്ചിൽ സ്വദേശി സുമോദ്, കാസർകോട് മഞ്ചേശ്വരം സ്വദേശി അബ്‌ദുൾ ഷമീർ, എറണാകുളം കണയന്നൂർ സ്വദേശി കുര്യാക്കോസ് സേവ്യർ, കൊല്ലം കൊട്ടാരക്കര വെട്ടിക്കവല സ്വദേശി മനോജ് എന്നിവരെ കൊട്ടാരക്കര അബ്‌കാരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്‌ജ് ടി.ആർ.റീന ദാസാണ് വെറുതെ വിട്ടത്.
2014 ഫെബ്രുവരി 25ന് രാത്രി 9 മണിക്ക് കരുനാഗപ്പള്ളി പുതിയകാവ് ജംഗ്ഷന് സമീപത്ത് വച്ചാണ് എക്സൈസ് കമ്മിഷണറുടെ തെക്കൻ മേഖല സ്പെഷ്യൽ സ്‌ക്വാഡ് സ്പിരിറ്റ് ലോറി പിടികൂടിയത്. പ്രത്യേകസംഘത്തെ നിയോഗിച്ചാണ് കേസ് അന്വേഷിച്ചത്. എന്നാൽ പ്രതികൾക്കെതിരെയുള്ള കുറ്റം സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന കാരണത്താലാണ് പ്രതികളെ വെറുതേവിട്ടത്.
ഒന്നും രണ്ടും പ്രതികൾക്ക് വേണ്ടി കൊല്ലം ബാറിലെ അഭിഭാഷകരായ ആൽബർട്ട്.പി.നെറ്റോ, റിനോജ് സുധർമ്മൻ, എ.ഹരിപ്രിയ, മൂന്നാം പ്രതിക്കുവേണ്ടി കരുനാഗപ്പള്ളി ബാറിലെ അഭിഭാഷകനായ മുഹമ്മദ് ഷൈൻ, നാലാം പ്രതിയ്ക്കുവേണ്ടി ചേർത്തല ബാറിലെ അഭിഭാഷകനായ എസ്.ഉണ്ണിക്കൃഷ്ണൻ, അഞ്ചും ആറും പ്രതികൾക്ക് വേണ്ടി കരുനാഗപ്പള്ളി ബാറിലെ അഭിഭാഷകരായ പ്രദീപ് ആർ. ശ്രീകുലം, ബി.അരുൺ, അമലു രാജു എന്നിവർ കോടതിയിൽ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |