തിരുവനന്തപുരം: വാൻ ഹായ് 503 എന്ന ചരക്കുകപ്പലിന് തീപിടിച്ചുണ്ടായ അപകടത്തെത്തുടർന്ന് കേരളത്തിന്റെ തീരമേഖലയിൽ വ്യാപകമായി എണ്ണച്ചോർച്ചയ്ക്ക് സാദ്ധ്യതയുണ്ടെന്ന് ഇന്ത്യൻ സമുദ്രവിജ്ഞാന സേവനകേന്ദ്രത്തിന്റെ (ഇൻകോയ്സ്) മുന്നറിയിപ്പ്. മലിനകാരിയായ നൂറുടൺ ബങ്കർ ഓയിൽ കപ്പലിലുണ്ടെന്നാണ് വിവരം. കടലിലേക്ക് വീണ കണ്ടെയ്നറുകൾ കോഴിക്കോടിനും കൊച്ചിക്കുമിടയിൽ ഒഴുകിക്കൊണ്ടിരിക്കുകയാണെന്നും കേന്ദ്ര ഭൗമമന്ത്രാലയം അറിയിച്ചു.
'കണ്ടെയ്നറുകൾ മൂന്നുദിവസം കടലിൽ ഒഴുകിനടക്കാനാണ് സാദ്ധ്യത. ബങ്കർ ഓയിൽ അപകടകാരിയാണ്. ഇത് ചൊവ്വാഴ്ച വെെകിട്ടോടെ തീരമേഖലയ്ക്ക് സമാന്തരമായി ഒഴുകിപ്പരന്നേക്കും. ബുധനാഴ്ച വെെകിട്ടോടെ ഇതിന്റെ പ്രവാഹം കൂടും. വ്യാഴം വെള്ളി ദിവസങ്ങളിലും ഇതേ ദിശയിൽത്തന്നെയായിരിക്കും പ്രവാഹം'- ഇൻകോയ്സ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു.
കൊളംബോയിൽ നിന്ന് മുംബയിലേക്ക് പോകുകയായിരുന്ന ചരക്കുകപ്പലാണ് ഇന്നലെ കത്തിയത്. കപ്പലിൽ 22 പേരാണുണ്ടായിരുന്നത്. ലൈഫ്ബോട്ടിൽ കടലിൽ ചാടിയ ക്യാപ്‌ടൻ ഉൾപ്പെടെ 18 ജീവനക്കാരെ നേവി മംഗലാപുരത്ത് എത്തിച്ചു. കണ്ണൂർ അഴീക്കൽ പോർട്ടിൽ നിന്ന് 44 നോട്ടിക്കൽ മൈൽ ( 81. 5. കിമി) ദൂരത്താണ് ദുരന്തം. കോസ്റ്റ് ഗാർഡും നാവികസേനയും അകലം പാലിച്ച് കപ്പലിന് ചുറ്റുമുണ്ടെങ്കിലും തീകെടുത്താൻ കഴിഞ്ഞിട്ടില്ല. ഇന്നലെ രാവിലെ 9.30നാണ് കണ്ടെയ്‌നർ പൊട്ടിത്തെറിച്ചത്. ഉച്ചയ്‌ക്ക് 12.40 ഓടെ കപ്പലിന് തീപിടിച്ചു. കപ്പലപകടത്തിൽ കാണാതായ നാല് പേർക്കായി തെരച്ചിൽ തുടരുകയാണ്. നാലിൽ രണ്ടുപേർ തായ്‌വാൻ സ്വദേശികളും ഒരാൾ ഇന്തോനേഷ്യനും മറ്റൊരാൾ മ്യാൻമാർ പൗരനുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |