ഭുവനേശ്വർ: ഗ്രാമത്തിലെ സ്ത്രീകളെ പീഡിപ്പിച്ച പ്രതിയെ കൊന്നുകത്തിച്ചു. അറുപതുകാരൻ കൊല്ലപ്പെട്ട കേസിൽ എട്ട് സ്ത്രീകൾ അടക്കം 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒഡീഷയിലെ ഗജപതി ജില്ലയിലാണ് സംഭവം. പഞ്ചായത്തംഗവും അറസ്റ്റ് ചെയ്യപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്. കഴിഞ്ഞ മൂന്നാം തീയതി പ്രതി 52 വയസുള്ള വിധവയെ പീഡിപ്പിച്ചതായി അറസ്റ്റിലായവർ പറയുന്നു. ഇയാൾ മുൻപ് പീഡിപ്പിച്ച സ്ത്രീകൾ വിധവയുടെ വീട്ടിൽ ഒത്തുചേർന്നശേഷം മറ്റ് രണ്ട് പേരുടെ സഹായത്തോടെയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. കൊലപാതകം നടന്ന ദിവസം സ്ത്രീകൾ ഒന്നിച്ച് വയോധികന്റെ വീട്ടിലെത്തുകയായിരുന്നു.
ഉറക്കത്തിലായിരുന്ന ഇയാളെ 52 വയസുകാരി മറ്റുള്ള സ്ത്രീകളുടെ സഹായത്തോടെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിക്കുകയായിരുന്നു. വയോധികനിൽ നിന്ന് നിരന്തരം ലെെംഗികാതിക്രമങ്ങൾ നേരിട്ടിരുന്നെന്നാണ് പിടിയിലായവർ പൊലീസിന് നൽകിയ മൊഴി. ഇത്തരം അതിക്രമങ്ങൾ ആവർത്തിക്കാതിരിക്കാണ് കൊലപാതകം നടത്തിയതെന്നും ഇവർ വ്യക്തമാക്കി. വയോധികനെ കാണാനില്ലെന്ന കുടുംബത്തിന്റെ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തിയത്. അന്വേഷണത്തിൽ വയോധികൻ കൊല്ലപ്പെട്ടതായും മൃതദേഹം കത്തിച്ചതായും വിവരം ലഭിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |