ആലപ്പുഴ : കിടങ്ങാംപറമ്പ് വാർഡിൽ സ്വകാര്യ വ്യക്തികൾ നികത്തിയ നീർച്ചാലും കൈയ്യേറിയ മിച്ചഭൂമിയും പുനഃസ്ഥാപിക്കാൻ നഗരസഭ 1.34 ലക്ഷം അനുവദിച്ചു. കൈയ്യേറ്റം പൊളിച്ചുനീക്കി നീർച്ചാൽ പുനസ്ഥാപിക്കാനാണ്പദ്ധതി. കൈയ്യേറ്റം സംബന്ധിച്ച് മേയ് 31ന് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
നഗരസഭയിൽ കിടങ്ങാംപറമ്പിന് സമീപത്തെ കയർമെഷീൻ ടൂൾസ് കമ്പനിയ്ക്ക് സമീപത്തെ മുപ്പതോളം വീട്ടുകാരെ വെള്ളക്കെട്ടിലകപ്പെടുത്തിയ സംഭവത്തിലാണ് ഏറെ വൈകി നഗരസഭ നടപടിയ്ക്ക് തയ്യാറായത്. കൈയ്യേറ്റം സംബന്ധിച്ച് റവന്യൂ വിഭാഗം നഗരസഭയ്ക്ക് നൽകിയ റിപ്പോർട്ടിലും നടപടിയുണ്ടാകാത്ത സാഹചര്യത്തിൽ നാട്ടുകാർ മുഖ്യമന്ത്രിക്ക് പരാതി നൽകുകയും സനാതനം റസിഡന്റ്സ് അസോസിയേഷൻ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.
കൈയേറ്റക്കാർ തോട് മണ്ണിട്ട് നികത്തിയതും കോൺക്രീറ്റ് ചെയ്ത് ഗോഡൗണും, സെപ്റ്റിക് ടാങ്കും പണിയുകയും ചെയ്തതാണ് പ്രദേശത്തെ മുപ്പതോളം കുടുംബങ്ങളെ കഴിഞ്ഞ രണ്ട് വർഷമായി വെള്ളക്കെട്ടിലാക്കിയത്. കൈയ്യേറ്റക്കാരുടെ വീടുകളും വെള്ളക്കെട്ടിലകപ്പെട്ടതോടെ അയൽവാസിയുടെ മതിൽ കുത്തിപൊട്ടിച്ച് വെള്ളം ഒഴുക്കിവിടുകയും അയൽവാസിയുടെ മതിലിനു മുകളിൽ വലിയ ഇരുമ്പ് ഷീറ്റ് ക്ലാമ്പടിച്ച് മതിൽ തകർത്ത് ലക്ഷങ്ങളുടെ നഷ്ടം ഉണ്ടാക്കിയതും പരാതികൾക്ക് ഇടയാക്കിയിരുന്നു.
കയർ മെഷീൻ ടൂൾസ് കമ്പനിയുടെ വടക്കേ അറ്റത്തുകൂടി ചാത്തനാട് കോളനിയിലൂടെ വൈ.എം.സി.എ പാലത്തിന്റെ വടക്കേക്കരവഴി കാനലിൽ ചേരുന്നതായിരുന്നു നീർച്ചാൽ.12 ലക്ഷത്തിനുമേൽ സെന്റിന് വിലയുള്ള ഏകദേശം പത്തു സെന്റ് സ്ഥലമാണ് കൈയ്യേറിയിട്ടുള്ളത്.
നഗരസഭയുടെ 2025 - 26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തോട് പൂർവസ്ഥിതിയിലാക്കുന്നത്. മതിലിന് കേടുപാടുകൾ വരുത്തിയതുമായി ബന്ധപ്പെട്ട നഷ്ടപരിഹാരത്തിന് കോടതിയിൽ അന്യായം ഫയൽ ചെയ്യാനോ പൊലീസിനെ സമീപിച്ച് പ്രശ്നപരിഹാരത്തിനോ ആണ് നഗരസഭയുടെ നിർദേശം.
നഗരസഭ 2024 നവംബർ 6നാണ് കൈയ്യേറ്റക്കാർക്ക് രണ്ടാഴ്ചയ്ക്കകം കൈയ്യേറ്റം ഒഴിഞ്ഞുപോകാൻ ആദ്യം നോട്ടീസ് കൊടുക്കുന്നത്. എന്നാൽ കൈയ്യേറ്റക്കാർ ഒഴിയാൻ കൂട്ടാക്കാതിരുന്നതോടെ നാട്ടുകാർ പലതവണ നഗരസഭയിലെത്തി ബന്ധപ്പെട്ടവരെ കണ്ടെങ്കിലും നടപടി ഉണ്ടായില്ല.
കൈയ്യേറ്റം പൊളിച്ചുനീക്കി നീർച്ചാൽ പുനഃസ്ഥാപിക്കാനും കൈയ്യേറ്റക്കാരിൽ നിന്നും നഷ്ടപരിഹാരം ഈടാക്കാനുമാണ് ഉദ്ദേശിക്കുന്നതെന്ന് ആലപ്പുഴ നഗരസഭ വെളിപ്പെടുത്തി.
കേസ് ഇന്ന് ഹൈക്കോടതിയിൽ
ഹൈക്കോടതി നിദേശപ്രകാരം ലീഗൽ സർവീസസ് ജഡ്ജി പ്രമോദ് മുരളി സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് കൈമാറിയിട്ടുണ്ട്. എതിർ കക്ഷികൾ സത്യവാങ്മൂലം നൽകാത്തതിനാൽ പലതവണ മാറ്റിവച്ച കേസ് ഇന്ന് വീണ്ടും കോടതിയുടെ പരിഗണനയ്ക്ക് വരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |