കോഴിക്കോട്: മോടി കൂട്ടി കൂടുതൽ സഞ്ചാരികളെ വരവേൽക്കാനൊരുങ്ങുകയാണ് സരോവരം ബയോ പാർക്ക്. നവീകരണ പ്രവർത്തനത്തിന്റെ ഭാഗമായി ചുറ്റുമതിൽ നിർമാണം പുരോഗമിക്കുകയാണ്. ഗ്രീൻ ഷെൽട്ടറുകളും മാറ്റി സ്ഥാപിക്കും. ടൂറിസം വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ചാണ് പാർക്ക് നവീകരണം നടക്കുന്നത്. 2023 ലാണ് നവീകരണത്തിനായി 2.19 കോടിയുടെ പദ്ധതിയ്ക്ക് ഭരണാനുമതി ലഭിച്ചത്. അവധിക്കാലത്ത് കുട്ടികൾക്കും മുതിർന്നവർക്കും പ്രകൃതിയോടൊപ്പം സമയം ചെലവഴിക്കാനുള്ള നഗരത്തിലെ ഏക തണലിടമാണ് സരോവരം ബയോ പാർക്ക്. 55 ഏക്കർ ഇക്കോ ടൂറിസം ഡെസ്റ്റിനേഷൻ ജൈവ വൈവിദ്ധ്യത്തിന്റെയും തണ്ണീർത്തട ആവാസ വ്യവസ്ഥയുടെയും കലവറയാണ്. നേരത്തെ പാർക്കിന്റെ നവീകരണത്തിനായി 1.74കോടി രൂപ ടൂറിസം വകുപ്പ് ചെലവഴിച്ചിരുന്നു. എന്നാൽ പരിപാലനമില്ലാതെ പാർക്ക് നശിച്ചു. അറ്റകുറ്റപ്പണിയും മുടങ്ങി.
സി.സി.ടി.വിയും കുട്ടികളുടെ പാർക്കും ഉടൻ
പാർക്കിലെ ജെെവവെെവിധ്യ സംരക്ഷണത്തിനാണ് നവീകരണത്തിൽ മുൻതൂക്കം നൽകുന്നത്. കണ്ടൽ ചെടികളുൾപ്പെടെയുള്ളവയുടെ സംരക്ഷണം ഉറപ്പാക്കുന്നുണ്ട്. മൂന്ന് മാസത്തിനകം സി.സി.ടി.വി സജ്ജീകരിക്കും. കുട്ടികളുടെ പാർക്കിന്റെ പണികളും പുരോഗമിക്കുകയാണ്. നിലവിൽ പ്രവർത്തിക്കുന്ന കഫ്തീരിയും നവീകരിക്കും. ആദ്യ ഘട്ടത്തിൽ ഓപ്പൺ എയർ തിയേറ്റർ, ബയോ പാർക്കിനകത്തെ കല്ല് പാകിയ നടപ്പാത, റെയിൻ ഷെൽട്ടറുകൾ, മരം കൊണ്ടുള്ള ചെറുപാലങ്ങൾ, സെക്യൂരിറ്റി ക്യാബിൻ, കവാടം എന്നിവയാണ് നവീകരിക്കുന്നത്. തകർന്നതും തുരുമ്പെടുത്തതുമായ ഇരിപ്പിടങ്ങൾ, വിളക്ക് കാലുകൾ, അമിനിറ്റി സെന്റർ, ടോയ്‌ലറ്റ് ബ്ലോക്ക് എന്നിവയുടെ നവീകരണവും പദ്ധതിയിലുണ്ട്.
''മൂന്ന് വർഷത്തെ പദ്ധതിയായാണ് നവീകരണം വിഭാവനം ചെയ്തത്. പണികൾ പുരോഗമിക്കുകയാണ്. ജനങ്ങൾക്ക് കൂടുതൽ ഉപയോഗപ്രദമാകുന്ന രീതിയിലാണ് നവീകരണ പ്രവൃത്തികൾ നടത്തുന്നത്. ''
നന്ദുലാൽ,മാനേജർ, സരോവരം ബയോപാർക്ക്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |