തൃശൂർ: സേലത്തിന് സമീപം ധർമ്മപുരിയിൽ ലോറിക്ക് പിന്നിൽ കാറിടിച്ച് പരിക്കേറ്റ നടൻ ഷൈൻ ടോം ചാക്കോയുടെ ശസ്ത്രക്രിയ പൂർത്തിയായി. ഇടതുകൈ മുട്ടിന് മുകളിൽ മൂന്ന് പൊട്ടലുള്ളതിനാൽ പ്ലേറ്റിട്ടായിരുന്നു ശസ്ത്രക്രിയ. ഇതുകാരണം ആക്ഷൻ രംഗങ്ങളിൽ അഭിനയിക്കാൻ ഷൈൻ മൂന്ന് മാസം കാത്തിരിക്കണം.
തൃശൂരിലെ സൺ ആശുപത്രിയിൽ ഇന്നലെ രാവിലെ എട്ടിന് തുടങ്ങിയ ശസ്ത്രക്രിയ പത്തിനാണ് പൂർത്തിയായത്. തുടർന്ന് മൂന്ന് മണിക്കൂറത്തെ നിരീക്ഷണത്തിന് ശേഷം മുറിയിലേക്ക് മാറ്റി. വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ വീട്ടിലേക്ക് പോകാം. ആറ് മുതൽ എട്ടാഴ്ച വരെ വിശ്രമിക്കണം. ഒരാഴ്‌ചയ്‌ക്ക് ശേഷം ഫിസിയോതെറാപ്പി ആരംഭിക്കണമെന്നും ഡോക്ടർമാർ നിർദ്ദേശിച്ചു.
അപകടത്തിൽ ഇടുപ്പെല്ലിന് പരിക്കേറ്റ ഷൈനിന്റെ അമ്മ മരിയ രണ്ടാഴ്ച കൂടി ആശുപത്രിയിൽ തുടരണം. ആറ് മുതൽ എട്ടാഴ്ച വരെ പൂർണ വിശ്രമമാണ് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുള്ളത്. കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ ഷൈനിന്റെ പിതാവ് സി.പി. ചാക്കോ കൊല്ലപ്പെട്ടിരുന്നു. തിങ്കളാഴ്ച അദ്ദേഹത്തിന്റെ സംസ്‌കാരച്ചടങ്ങുകൾക്ക് ശേഷമാണ് ഇന്നലെ ഷൈനിന് ശസ്ത്രക്രിയ നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |