തിരുവനന്തപുരം: കൊച്ചിയിൽ കപ്പൽ മുങ്ങിയതിലും കോഴിക്കോട്ട് കപ്പലിന് തീ പിടിച്ചതിലും കേസെടുക്കാൻ സംസ്ഥാനത്തിന് അധികാരമില്ല. തീരത്തു നിന്ന് 12 നോട്ടിക്കൽ മൈൽ (22.224കിലോമീറ്റർ) വരെയാണ് സംസ്ഥാനത്തിന്റെ അധികാര പരിധി. ഈ ദൂരപരിധിയിലെ സംഭവങ്ങളിൽ പൊലീസിന് കേസെടുക്കാം. എൽസ-3 കപ്പൽ മുങ്ങിയത് 14.6 നോട്ടിക്കൽ മൈലും (27.04കി.മി), വാൻഹായ്-503 കപ്പൽ തീപിടിച്ചത് 83 നോട്ടിക്കൽ മൈലും (153.716കി.മി) അകലെയാണ്. അതിനാൽ കേസെടുത്താലും നിലനിൽക്കില്ലെന്നാണ് ഡൽഹിയിൽ നിന്നടക്കം സർക്കാരിന് ലഭിച്ച നിയമോപദേശം.
ഇതിന്റെ അടിസ്ഥാനത്തിലാണ് കേസില്ലാതെ കപ്പൽ, ഇൻഷ്വറൻസ് കമ്പനികളിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കിയെടുക്കാൻ സർക്കാർ ശ്രമിക്കുന്നത്. കപ്പലപകടമുണ്ടായാൽ പരിസ്ഥിതിക്കും കടൽ ആവാസ വ്യവസ്ഥയ്ക്കും മത്സ്യത്തൊഴിലാളികൾക്കും കടലോരവാസികൾക്കുമുണ്ടാവുന്ന നാശനഷ്ടം കൂടി ഉൾപ്പെടുത്തിയുള്ളതാണ് കപ്പലുകളുടെ ഇൻഷ്വറൻസ്. നാശനഷ്ടങ്ങൾ തെളിവു സഹിതം അന്താരാഷ്ട്ര ഇൻഷ്വറൻസ് ഏജൻസിയെ ബോദ്ധ്യപ്പെടുത്തണം. നഷ്ടപരിഹാരം ഈടാക്കാനുള്ള നടപടികൾ സ്വീകരിക്കാൻ ചീഫ്സെക്രട്ടറിയും,നിയമ-ശാസ്ത്ര-പരിസ്ഥിതി-റവന്യൂ-കൃഷി സെക്രട്ടറിമാരുൾപ്പെട്ട സമിതികളെ നിയോഗിച്ചത് ഇതിനാണ്.
എൽസ-3 കപ്പൽ മുങ്ങിയതു കാരണമുള്ള നഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകാമെന്ന് കപ്പൽ കമ്പനിയായ എം.എസ്.സി സർക്കാരിനെ അറിയിച്ചിട്ടുണ്ട്. ക്രിമിനൽ കേസെടുത്താൽ നടപടിക്രമങ്ങൾ പൂർത്തിയാവണമെന്ന കാരണം പറഞ്ഞ് നഷ്ടപരിഹാരം വൈകിപ്പിക്കാൻ ഇൻഷ്വറൻസ് കമ്പനിക്കാവും. കൊച്ചിയിൽ മത്സ്യത്തൊഴിലാളികളെ ഇറ്റാലിയൻ കപ്പലിൽ നിന്ന് വെടി വച്ച സംഭവത്തിൽ 10 കോടി രൂപ നഷ്ടപരിഹാരം വാങ്ങി കേസ് അവസാനിപ്പിക്കുകയായിരുന്നു.
കടലിലുണ്ട് 5
അധികാരമേഖല
1)ഇന്റേണൽ വാട്ടേഴ്സ്
കരയോട് ചേർന്ന തീരക്കടൽ മേഖല. കരപ്രദേശം പോലെ സംസ്ഥാനങ്ങൾക്ക് സമ്പൂർണ അധികാരം.
2)ടെറിട്ടോറിയൽ സോൺ
സംസ്ഥാന സർക്കാരിന് അധികാരമുള്ള മേഖല. മത്സ്യബന്ധനം, ക്രമസമാധാനം അടക്കം സംസ്ഥാനത്തിന്റെ ചുമതലയിൽ.
3)എക്സ്ക്ലൂസീവ്
സോൺ
കരയിൽനിന്ന് 12 മുതൽ 200 നോട്ടിക്കൽ മൈൽ വരെയുള്ള പ്രദേശം കേന്ദ്ര സർക്കാരിന് പൂർണാധികാരം
4)കണ്ടിജിയസ് സോൺ
24 നോട്ടിക്കൽ മൈൽ (44.4കി.മി) വരെയുള്ള സമുദ്ര മേഖല. മത്സ്യബന്ധനത്തിനടക്കം സംസ്ഥാനങ്ങൾക്ക് നിയന്ത്രിത അധികാരം.
5)ഹൈ സീ
200 നോട്ടിക്കൽമൈലിന് അപ്പുറത്തുള്ള മേഖല. അതിർത്തികളില്ല. എല്ലാ രാജ്യങ്ങൾക്കും വിഭവങ്ങൾ ഉപയോഗിക്കാം.
''നടപടികളെടുക്കേണ്ടത് ഷിപ്പിംഗ് ഡയറക്ടർ ജനറലും മറൈൻ മർക്കന്റൈൻ വകുപ്പും കോസ്റ്റ് ഗാർഡുമാണ്. സംസ്ഥാനത്തിന് റോളില്ല.ക്രിമിനൽ കുറ്റകൃത്യം നടന്നാലേ ക്രിമിനൽ കേസെടുക്കാനാവൂ.''
-എൻ.എസ്.പിള്ള
ചെയർമാൻ,
മാരിടൈം ബോർഡ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |