കൊച്ചി: കപ്പലിലെ ചരക്കുകളുടേയും യാത്രയുടേയും സമഗ്രവിവരങ്ങൾ ഉൾപ്പെട്ട രേഖയാണ് കാർഗോ മാനിഫെസ്റ്റ്. കേരള തീരത്തുണ്ടായതുപോലെ സംഭവങ്ങളുണ്ടാകുമ്പോൾ രക്ഷാപ്രവർത്തനത്തിനും അപകടങ്ങളുടെ വ്യാപ്തി കുറയ്ക്കാനും ചരക്കുകളുടെ വിവരങ്ങൾ നിർണായകമാണ്. പ്രത്യേകിച്ച് അപകടകരമായ ചരക്കുകളുള്ളപ്പോൾ. ഇത്തരം ചരക്കുകളുടെ വിവരം കാർഗോ മാനിഫെസ്റ്റിൽ പ്രത്യേകം രേഖപ്പെടുത്തും. ഇവയുണ്ടെങ്കിൽ മാത്രമേ ഇത്തരം ചരക്കുകൾ കയറ്റാൻ പാടുള്ളൂ. കപ്പൽ എത്തുംമുമ്പ് തുറമുഖത്തിന് കാർഗോ മാനിഫെസ്റ്റ് അയക്കണം.
കപ്പൽഅധികൃതർ, ഏജന്റ്, കസ്റ്റംസ് എന്നിവരുടെ പക്കൽ കാർഗോ മാനിഫെസ്റ്റിന്റെ പകർപ്പുകളുണ്ടാകും. ചരക്കുസംബന്ധിച്ച് ബിസിനസ് രഹസ്യങ്ങൾ ഉള്ളതിനാൽ മാനിഫെസ്റ്റിന്റെ രഹസ്യസ്വഭാവം സൂക്ഷിക്കാൻ ബന്ധപ്പെട്ടവർ ബാദ്ധ്യസ്ഥരാണ്. എന്നാൽ അപകടങ്ങളുണ്ടായാൽ കപ്പൽ രജിസ്റ്റർചെയ്ത രാജ്യത്തിനും കപ്പൽ അടുക്കേണ്ട രാജ്യത്തിനും ഇവ പരസ്യപ്പെടുത്താം.
അതത് രാജ്യത്തെ ഡയറക്ടർ ജനറൽ ഒഫ് ഷിപ്പിംഗിന് കീഴിലുള്ള മറൈൻ മർക്കന്റൈൽ വകുപ്പിനാണ് കപ്പലുകൾ സംബന്ധിച്ച ചുമതല. തുറമുഖത്തെത്തുന്ന കപ്പലുകളും ചരക്കും പരിശോധിക്കാൻ ഇവർക്ക് വലിയ അധികാരങ്ങളുണ്ട്. കപ്പലിന്റെ സുരക്ഷിതത്വം, സ്ഥിതി, ജീവനക്കാരുടെ കഴിവ്, ചരക്കുകൾ തുടങ്ങിയവ ഇവർക്ക് പരിശോധിക്കാം. അപാകതകൾ കണ്ടാൽ കപ്പൽ പിടിച്ചെടുക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |