വിതുര: തൊളിക്കോട് പഞ്ചായത്തിലെ തോട്ടുമുക്ക് താന്നിമൂട് ആനപ്പെട്ടി റോഡിന് ശാപമോക്ഷമാകുന്നു. റോഡ് ടാറിംഗ് നടത്തുന്നതിനായി ജില്ലാപഞ്ചായത്തും തൊളിക്കോട് പഞ്ചായത്തും ഫണ്ടനുവദിച്ചു. തോട്ടുമുക്ക് ആനപ്പെട്ടി റോഡിന്റെ ശോച്യാവസ്ഥയും അപകടങ്ങളും ചൂണ്ടിക്കാട്ടി കേരളകൗമുദി കഴിഞ്ഞ ദിവസം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെ തുടർന്ന് ജില്ലാപഞ്ചായത്ത് സ്റ്റാൻഡിംഗ്കമ്മിറ്റി അദ്ധ്യക്ഷ എസ്.സുനിതയും തൊളിക്കോട് പഞ്ചായത്ത് തോട്ടുമുക്ക് വാർഡ് മെമ്പർ തോട്ടുമുക്ക് അൻസറും പ്രശ്നത്തിൽ അടിയന്തരമായി ബന്ധപ്പെട്ട് ഫണ്ട് അനുവദിക്കുകയായിരുന്നു.
പൊൻമുടി തിരുവനന്തപുരം സംസ്ഥാനപാതയിൽ തൊളിക്കോട് പഞ്ചായത്തിലെ തോട്ടുമുക്ക് ജംഗ്ഷനിൽ നിന്നും ആനപ്പെട്ടി മേഖലയിലേക്കുള്ള റോഡ് പൊട്ടിപ്പൊളിഞ്ഞ് വർഷങ്ങളായി ഗതാഗതയോഗ്യമല്ലാതെ കിടക്കുകയായിരുന്നു. അടുത്തിടെ റോഡ് തകർന്നതിൽ പ്രതിഷേധിച്ച് നാട്ടുകാർ റോഡിൽ വാഴനട്ട് പ്രതിഷേധിച്ചിരുന്നു. ജി.സ്റ്റീഫൻ എം.എൽ.എക്കും നിവേദനം നൽകി. നടപടികൾ സ്വീകരിക്കാമെന്ന് എം.എൽ.എ ഉറപ്പ് നൽകിയിട്ടുണ്ട്.
ഗതാഗതയോഗ്യമല്ലാതെ
അപകടം നിറഞ്ഞതാണ് ഈ റോഡിലൂടെയുള്ള യാത്ര. റോഡിന്റെ മിക്ക ഭാഗത്തും കുഴികളാണ്. ഗട്ടറുകളിൽ വീണ് ഇരുചക്രവാഹനങ്ങളടക്കം അനവധി അപകടങ്ങളാണ് നടന്നത്.
സ്കൂൾ വാഹനങ്ങളുൾപ്പെടെ ധാരാളം വാഹനങ്ങൾ ഇതുവഴി കടന്നുപോകുന്നുണ്ട്. മഴക്കാലത്ത് റോഡിലൂടെയുള്ള യാത്ര കൂടുതൽ ബുദ്ധിമുട്ടുള്ളതാകും. മാത്രമല്ല ഓടകൾ ഇല്ലാത്തതിനാൽ മഴയത്ത് ചെളിയും മണ്ണും കല്ലും മണലും ഒഴുകിയിറങ്ങി റോഡ് വികൃതമാകും.
ഓടകൾ നിർമ്മിച്ചിട്ടില്ല
റോഡിന്റെ മിക്ക ഭാഗത്തും ഓടകൾ നിർമ്മിച്ചിട്ടില്ല. നിലവിലുണ്ടായിരുന്ന ഓടകൾ കൈയേറിയ നിലയിലുമാണ്. ഇതുമൂലം റോഡിന്റെ വീതിയും കുറഞ്ഞിട്ടുണ്ട്. പത്ത് വർഷം മുൻപ് റോഡ് തകർന്നുകിടന്നപ്പോൾ കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെ തുടർന്ന് മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു റോഡ് സന്ദർശിക്കുകയും ഉടൻ ടാറിംഗ് നടത്താൻ ഫണ്ട് അനുവദിക്കുകയും ചെയ്തു. റോഡ് ടാറിംഗ് നടത്തിയെങ്കിലും മാസങ്ങൾ പിന്നിട്ടപ്പോൾ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി വാട്ടർഅതോറിട്ടി റോഡരികുകൾ വെട്ടിപ്പൊളിച്ചു. ഇതോടെ റോഡ് വീണ്ടും ശോച്യാവസ്ഥയിലായി. റോഡിന്റെ നിർമ്മാണപ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് എസ്.സുനിതയും, തോട്ടുമുക്ക് അൻസറും, ബ്ലോക്ക് പഞ്ചായത്തംഗം എസ്.എസ്.ഫർസാനയും അറിയിച്ചു.
നന്ദി രേഖപ്പെടുത്തി
തോട്ടുമുക്ക് ആനപ്പെട്ടി റോഡ് ഗതാഗതയോഗ്യമാക്കാൻ ഫണ്ട് അനുവദിച്ച എസ്.സുനിതയ്ക്കും, തോട്ടുമുക്ക് അൻസറിനും തോട്ടുമുക്ക് റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ നന്ദി രേഖപ്പെടുത്തി.
അനുവദിച്ച തുക
ജില്ലാപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ എസ്.സുനിത-25 ലക്ഷം രൂപ
തോട്ടുമുക്ക് വാർഡ് മെമ്പർ തോട്ടുമുക്ക് അൻസർ-8.5 ലക്ഷം രൂപ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |