തിരുവനന്തപുരം: അങ്കമാലി-ശബരി റെയിൽപ്പാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുനഃരുജ്ജീവിപ്പിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് റെയിൽവേ ചുമതലയുള്ള മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയ്ക്കു ശേഷമാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
അങ്കമാലി ശബരി റെയിൽപ്പാത നടപ്പാക്കാൻ മുഖ്യമന്ത്രിയും മന്ത്രി വി അബ്ദുറഹിമാനും കേന്ദ്ര റെയിൽവേ മന്ത്രിയുമായി കഴിഞ്ഞയാഴ്ച ഡൽഹിയിൽ നടന്ന ചർച്ചയിൽ തീരുമാനമായിരുന്നു. കേന്ദ്രത്തിൽ നിന്നുള്ള റെയിൽവേ ഉന്നത സംഘം കേരളത്തിലെത്താനും നിശ്ചയിച്ചിട്ടുണ്ട്.
ശബരിപാത കടന്നുപോകുന്ന എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലെ കലക്ടർമാരും കെആർഡി സി എൽ എക്സിക്യൂട്ടീവ് ഡയറകടർ, റെയിൽവേ കൺസ്ട്രക്ഷൻ വിഭാഗം ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എന്നിവരാണ് ബുധനാഴ്ച ചേർന്ന യോഗത്തിൽ പങ്കെടുത്തത്. ശബരി പാതയ്ക്കു വേണ്ടി മൂന്ന് ജില്ലകളിലായി 204 ഹെക്ടറോളം ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്.
എറണാകുളം ജില്ലയിൽ ആവശ്യമായ 152 ഹെക്ടറിൽ 24.40 ഹെക്ടർ നേരത്തേ ഏറ്റെടുത്തതാണ്. എല്ലാ ജില്ലകളിലെയും നിർത്തലാക്കിയ ലാന്റ് അക്വിസിഷൻ ഓഫീസുകൾ പുനഃരാരംഭിക്കുവാനും കൂടുതൽ ജീവനക്കാരെ നിയോഗിക്കാനും ധാരണയായി. റെയിൽവേ ഉന്നതസംഘത്തിന്റെ സന്ദർശനത്തോടെ നിർമ്മാണം തുടങ്ങാനുള്ള നടപടികൾ ആരംഭിക്കാൻ കഴിയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |