ആലപ്പുഴ : കാലവർഷത്തിന്റെ തുടക്കത്തിൽ പെയ്ത ശക്തമായ മഴയിലും കിഴക്കൻവെള്ളത്തിന്റെ വരവിലും തകർച്ചയിലായ ബണ്ടുകൾ ബലപ്പെടുത്താൻ ജില്ലാ ദുരന്ത നിവാരണ അതോറിട്ടി വാഗ്ദാനം ചെയ്ത തോട്ടപ്പള്ളി സ്പിൽവേ ചാനലിൽ നിന്ന് നീക്കുന്ന മണ്ണ് ലഭ്യമാകാത്തതിനെത്തുടർന്ന് വിവിധ പാടശേഖരങ്ങളിലെ കർഷകർ പ്രതിസന്ധിയിൽ. രണ്ടാംകൃഷിയുടെ വിതയ്ക്കുള്ള തയ്യാറെടുപ്പുകൾക്കിടയിൽ കാലവർഷം വെല്ലുവിളിയാകുമ്പോഴാണ് ബണ്ട് സംരക്ഷണത്തിന് അടിയന്തര നടപടിയില്ലാത്തത്.
കുട്ടനാട്ടിലെ നെടുമുടി, കൈനകരി, തകഴി, ചമ്പക്കുളം കൃഷിഭവൻ പരിധികളിലാണ് പ്രധാനമായും രണ്ടാംകൃഷിയുള്ളത്. ജൂൺ ആദ്യവാരം വിത ആരംഭിച്ചാലേ യഥാസമയം വിളവെടുപ്പ് പൂർത്തിയാക്കി പുഞ്ചകൃഷി കൂടി സാദ്ധ്യമാകൂ. കുട്ടനാട് പാക്കേജിലും പാടശേഖരങ്ങളുടെ പുറംബണ്ടുകളുടെ സംരക്ഷണത്തിനുളള നടപടികൾ ഫലപ്രദമായി പൂർത്തീകരിക്കാനാകാത്തതിനാൽ 'സാഹസികമായാണ് ' കുട്ടനാട്ടിൽ കർഷകർ കൃഷിചെയ്യുന്നത്.
ആലപ്പുഴ - ചങ്ങനാശേരി റോഡിന്റെ വശങ്ങളിലെ തോടുകളിൽ നിന്ന് ശേഖരിച്ച ലോഡ് കണക്കിന് കടങ്ങൽ ചെടികൾ ജെ.സി.ബി സഹായത്തോടെ ബണ്ടിന് മീതെ നിരത്തി മേൽമണ്ണ് കൂടി ഉപയോഗിച്ച് ബണ്ട് സംരക്ഷിച്ചശേഷമാണ് വിതയ്ക്കായി പാടം വറ്റിച്ചത്. വരുംദിവസങ്ങളിൽ മഴ വീണ്ടും ശക്തമാകുമെന്ന മുന്നറിയിപ്പ് ഉണ്ടായിരിക്കെ തോട്ടപ്പള്ളിയിൽ നിന്ന് ലഭ്യമാക്കാമെന്ന് ഉറപ്പ് നൽകിയ മണ്ണ് കുട്ടനാട്ടിലെത്തിച്ച് ചാക്കുകളിലാക്കി ബണ്ട് ബലപ്പെടുത്താനുള്ള പരിശ്രമത്തിലാണ് കർഷകർ. മണ്ണ് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് വീണ്ടും കളക്ടറെ നേരിൽ കാണും. ഇതിനിടെ വിത്ത് ഇനിയും ലഭ്യമാകാത്തതും രണ്ടാംകൃഷിക്ക് വെല്ലുവിളിയാണ്.
1.മേയ് അവസാനവാരം കാലവർഷം സജീവമാകുകയും ആദ്യദിവസങ്ങളിലെ ശക്തമായ മഴയിൽ കുട്ടനാട്ടിലെ ജലനിരപ്പ് ഉയരുകയും ചെയ്തു
2.നെടുമുടിയിലെ പൊങ്ങ, പൊങ്ങ പൂപ്പള്ളി പാടങ്ങളിലുൾപ്പെടെ പാടങ്ങളിൽ ബണ്ട് തകർന്നും കവിഞ്ഞുകയറിയും വൻ നാശനഷ്ടമുണ്ടായി
3.കർഷകർ കളക്ടറെ നേരിൽ കണ്ടപ്പോൾ തോട്ടപ്പള്ളി സ്പിൽവേ ചാനലിൽ നിന്ന് നീക്കം ചെയ്യുന്ന മണ്ണ് ബണ്ട് ബലപ്പെടുത്താൻ നൽകാമെന്ന് ഉറപ്പ് നൽകി
4.പൊങ്ങപ്പാടത്തിന്റെ എട്ടര കിലോമീറ്ററോളം നീളത്തിലുള്ള പുറംബണ്ട് ബലപ്പെടുത്താൻ ഇന്നലെ വരെ ലഭിച്ചത് ഒരു ലോഡ് മണ്ണാണ്
5.ഇത് ചാക്കുകളിലാക്കി പുറം ബണ്ടുകളിൽ ഒരുവരി അടുക്കി. 10 ലോഡ് മണ്ണെങ്കിലും ലഭിച്ചെങ്കിലേ ബണ്ട് തകർച്ചയെ ഭാഗികമായെങ്കിലും അതിജീവിക്കാനാകൂ
പൊങ്ങപ്പാടത്തിന്റെ ബണ്ട് ബലപ്പെടുത്താൻ പത്ത് ലോഡ് മണ്ണ് തോട്ടപ്പള്ളിയിൽ നിന്ന് നൽകാമെന്നാണ് ദുരന്ത നിവാരണ അതോറിട്ടി പറഞ്ഞിരുന്നത്. എന്നാൽ, ഒരുലോഡ് മണ്ണ് മാത്രമാണ് ലഭ്യമായത്. മണൽച്ചാക്ക് അടുക്കി ബണ്ട് സംരക്ഷിക്കാനായില്ലെങ്കിൽ കാലവർഷം ശക്തമാകുമ്പോൾ പാടം മുങ്ങും. ഉദ്യോഗസ്ഥരുടെ നിരുത്തരവാദിത്വത്തിനെതിരെ കളക്ടറെ നേരിൽ കണ്ട് പരാതിപ്പെടും
.- ലാലച്ചൻ പള്ളിവാതുക്കൽ, സെക്രട്ടറി, പൊങ്ങ പാടശേഖരസമിതി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |