കോഴിക്കോട്: മലപ്പുറം കൂരിയാട് ഉൾപ്പെടെ ദേശീയപാതയിലെ വിള്ളലിന് പ്രധാന കാരണം മണ്ണിന്റെ ഘടനയനുസരിച്ച് നിർമ്മാണം നടത്താത്തതാണെന്ന് എൻജിനിയർമാർ. വേണ്ടവണ്ണം മണ്ണ് ഉറപ്പിക്കാതെയാണ് പലയിടത്തും പാത നിർമ്മിച്ചതെന്ന് രജിസ്റ്റേർഡ് എൻജിനിയർമാരുടെ സംഘടനയായ റെൻസ്ഫെഡ് നടത്തിയ സെമിനാർ അഭിപ്രായപ്പെട്ടു. നിർമ്മാണത്തിൽ നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ചെങ്കിലും നടത്തിപ്പ് രീതി പരാജയപ്പെട്ടു. മേൽനോട്ടത്തിലും അപാകതകളുണ്ടായി. നിർമ്മാണത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് മണ്ണിന്റെ സെറ്റിൽമെന്റും (ഉറപ്പ്) സ്വഭാവവുമാണ്. അടിഭാഗത്തെ മണ്ണ് ഉറയ്ക്കാനാവശ്യമായ സമയം കാത്തിരിക്കാതെയാണ് നിർമ്മിച്ചത്. അഴുക്കുചാലുകളും വെള്ളത്തിന്റെ ഒഴുക്കുമെല്ലാം കേരളത്തിന്റെ ഭൂപ്രകൃതിക്കനുസരിച്ച് പരിഗണിച്ചില്ല. വെള്ളത്തിന്റെ സ്വതസിദ്ധമായ ഒഴുക്ക് തടസപ്പെടുന്ന സാഹചര്യത്തിൽ നിർമ്മാണത്തിൽ കുറെക്കൂടി ശ്രദ്ധ ചെലുത്തേണ്ടതായിരുന്നു. ഹെെബ്രിഡ് ആന്യുറ്റി മോഡലിലുള്ള (എച്ച്.എ.എം) നിർമ്മാണത്തിൽ സ്വതന്ത്ര മൂന്നാം കക്ഷിയുടെ ഓഡിറ്റിംഗ് ഉണ്ടായില്ല. ബി.ഒ.ടി വ്യവസ്ഥയുടെ മറ്റൊരു രൂപമായ ഇതിൽ സർക്കാരും സ്വകാര്യ ഏജൻസിയും പങ്കാളികളാണ്. സർവീസ് റോഡിന്റെ വീതിയും ഗൗരവമുള്ള ചർച്ചയ്ക്ക് വിധേയമാക്കണം. നിലവിലെ നിർമ്മാണരീതിയിൽ ബസ് ബേയുമുണ്ടാകണം. പ്രാദേശിക സാങ്കേതിക വിദഗ്ദ്ധരുടെ അഭിപ്രായം കൂടി കണക്കിലെടുക്കണമായിരുന്നുവെന്നും സെമിനാർ വ്യക്തമാക്കി.
അഴുക്കുചാലില്ല, നെയ് ലിംഗും ഭീഷണി
കൃത്യമായ ഡ്രൈനേജ് സംവിധാനം കണക്കിലെടുക്കാതെ ഹൈവേയിൽ നിന്ന് സർവീസ് റോഡിലേക്ക് നേരിട്ട് വെള്ളം പതിപ്പിക്കുന്നത് ഭാവിയിൽ പ്രത്യാഘാതങ്ങളുണ്ടാക്കും. മണ്ണിന്റെ ഘടന കണക്കിലെടുക്കാതെയുള്ള അശാസ്ത്രീയമായ സോയിൽ നെയ് ലിംഗും ഭാവിയിൽ ഭീഷണിയാകാം. തകർന്ന ഭാഗങ്ങളിൽ വയഡക്ടോ, പാലമോ മറ്റെന്തെങ്കിലും സംവിധാനമാണോ വേണ്ടതെന്ന് പഠനം നടത്തിയാണ് തീരുമാനിക്കേണ്ടത്.
പരിശോധനയ്ക്ക് പാനൽ സംഘം
കോഴിക്കോട് ജില്ലയിലെ ദേശീയപാത എൻജിനിയറിംഗ് വിദഗ്ദ്ധർ സഞ്ചരിച്ച് വിള്ളലിന്റെ കാരണം കണ്ടെത്തും. പരിഹാര നിർദ്ദേശങ്ങളടങ്ങുന്ന റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും. പ്രാദേശിക തലത്തിലാണ് പ്രഥമ വിവരങ്ങൾ ശേഖരിക്കുക. ആശങ്കയ്ക്ക് ഇടയില്ലാത്ത ചെറിയ വിള്ളലുകളും അല്ലാത്തവയും വേർതിരിച്ച് അപഗ്രഥിക്കും. ജിയോ ടെക്നിക്കൽ, സ്ട്രക്ചറൽ എൻജിനിയർമാരും പരിസ്ഥിതി പ്രവർത്തകരും ഉൾപ്പെടെയുള്ള സംഘമാണ് സ്ഥിതി വിലയിരുത്തുക. സെമിനാറിൽ ഡോ. സോമസുന്ദരൻ, ഡോ. ചന്ദ്രാകരൻ , ഡോ.സുരേഷ് ബാബു, മണലിൽ മോഹനൻ തുടങ്ങിയവർ പങ്കെടുത്തു. മുഹമ്മദ് ഫസൽ മോഡറേറ്ററായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |