തിരുവനന്തപുരം : ഭൂരിപക്ഷ വർഗീയതയെ ചെറുക്കേണ്ടത് ന്യൂനപക്ഷ വർഗീയത കൊണ്ടല്ലെന്നും ഇരുട്ടിനെ നേരിടേണ്ടത് വെളിച്ചം കൊണ്ടാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മസ്‌ക്കറ്റ് ഹോട്ടലിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കോഫി ടേബിൾ ബുക്കായ കോൺഫ്ളുവൻസ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് നൽകി പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമൂഹത്തിനു വെളിച്ചം നൽകാൻ കഴിയാത്ത സംഘടനകൾക്ക് നിലനിൽപ്പില്ല, എന്നാൽ സമസ്ത അങ്ങനെയല്ല. അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും കുരുങ്ങി കിടക്കുന്നവരെ ശാസ്ത്രീയ ചിന്തയിലേക്ക് കൊണ്ടു വരാൻ സമസ്തയ്ക്ക് കഴിയണം. ആധുനിക ചികിത്സാ സംവിധാനങ്ങളെ ആശ്രയിക്കുന്നത് മതാചാര പ്രകാരം പാപമാണെന്ന് കരുതുന്നവരുണ്ട്. ഇത് കാരണം പലരുടെയും ജീവൻ പൊലിഞ്ഞു. സമസ്തയ്ക്ക് സ്വാധീനമുള്ള മേഖലയിൽ ഇത് സംബന്ധിച്ച പ്രവർത്തനങ്ങൾ നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പച്ചവെള്ളത്തിന് തീപിടിപ്പിക്കുന്ന വർഗീയതയുടെ കാലത്ത് സമസ്തയുടെ സാന്നിദ്ധ്യം ആശ്വാസകരമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. സമസ്തയില്ലാത്ത കേരളത്തെപ്പറ്റി ചിന്തിക്കാൻ കഴിയില്ല. ചിലർ മലപ്പുറത്തെയും മലബാറിനെയും കുറിച്ച് പലതും പറഞ്ഞിട്ടുണ്ടെന്നും ഈ സന്ദർഭത്തിൽ അതിലൊന്നും താൻ അഭിപ്രായം പറയുന്നില്ലെന്നും സതീശൻ പറഞ്ഞു.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി പ്രാർഥന നിർവഹിച്ചു. ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി വീഡിയോയിൽ ആശംസാസന്ദേശം നൽകി. മന്ത്രി വി.അബ്ദുറഹിമാൻ ഉപഹാര സമർപ്പണം നടത്തി.
സമസ്ത ട്രഷറർ പി.പി.ഉമർ മുസ്ലിയാർ കൊയ്യോട് സ്വാഗതവും വിദ്യാഭ്യാസ ബോർഡ് ജനറൽ മാനേജർ കെമോയിൻകുട്ടി നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |