തിരുവനന്തപുരം: തലസ്ഥാനത്തിന്റെ വികസനക്കുതിപ്പിന് വേഗം കൂട്ടുന്ന മെട്രോ റെയിൽ പദ്ധതിയിലെ അലൈൻമെന്റിന്റെ കാര്യത്തിൽ തീരുമാനമായില്ല. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ഓൺലൈനായി ചേർന്ന യോഗത്തിൽ അലൈൻമെന്റ് സംബന്ധിച്ച് ചർച്ച ചെയ്യാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സമിതി രൂപീകരിക്കാൻ തീരുമാനിച്ചു.
സമിതി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കുകയും നിർദ്ദേശം സമർപ്പിക്കുകയും ചെയ്യും. റവന്യൂ,ധനകാര്യം, തദ്ദേശസ്വയംഭരണം,ട്രാൻസ്‌പോർട്ട് വകുപ്പ് സെക്രട്ടറിമാർ അടങ്ങുന്നതായിരിക്കും സമിതി. സമിതി വേഗത്തിൽ റിപ്പോർട്ട് സമർപ്പിച്ചാൽ മെട്രോ നിർമ്മാണവും വേഗത്തിലാകും. കൊച്ചിയിലേതിന് സമാനമായ മെട്രോയാണ് നിർമ്മിക്കുന്നത്. 2026ൽ പദ്ധതി ആരംഭിക്കുമെന്ന് ധനമന്ത്രി ബഡ്‌ജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഇതിന് ധനകാര്യവകുപ്പ് അനുമതിയും നൽകിയിരുന്നു.
ഡി.എം.ആർ.സിയുടെ പഴയ ഡി.പി.ആർ അനുസരിച്ച് 11,560 കോടി രൂപ ചെലവായിരുന്നു തലസ്ഥാന മെട്രോ നിർമ്മാണത്തിന് പ്രതീക്ഷിച്ചിരുന്നത്. അലൈൻമെന്റ് അംഗീകരിച്ച് ഡി.പി.ആർ തയ്യാറാക്കും. മന്ത്രിസഭാ അനുമതി ലഭിച്ച ശേഷമേ അംഗീകാരത്തിനായി കേന്ദ്രത്തെ സമീപിക്കാനാകൂ.
ആറ് അലൈൻമെന്റ് ,
മുൻഗണന
ഐ.ടി നഗരത്തിലേക്ക്
ഇന്നലെ നടന്ന യോഗത്തിൽ കെ.എം.ആർ.എൽ എം.ഡി ലോക്‌നാഥ് ബെഹ്റയാണ് ആറ് അലൈൻമെന്റുകൾ അവതരിപ്പിച്ചത്. ഐ.ടി നഗരമായ കഴക്കൂട്ടത്തേക്കുള്ള അലൈൻമെന്റിനാണ് മുൻഗണന. ഡോ.ശശി തരൂർ എം.പിയും ഈ അലൈൻമെന്റിനെപ്പറ്റിയാണ് യോഗത്തിൽ സംസാരിച്ചത്. എലിവേറ്റഡ് ഹൈവേ കടന്നുപോകുന്ന സ്ഥലങ്ങളിലെ സാങ്കേതിക പ്രശ്‌നങ്ങൾ ഈ റൂട്ടിൽ പരിഹരിക്കേണ്ടതുണ്ട്.
അലൈൻമെന്റ് റൂട്ട്
ടെക്‌നോപാർക്ക്-കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാമ്പസ്-ഉള്ളൂർ-മെഡിക്കൽ കോളേജ്-മുറിഞ്ഞപാലം-പട്ടം-പി.എം.ജി- നിയമസഭയ്ക്കു മുന്നിലൂടെ പാളയം-ബേക്കറി ജംഗ്ഷൻ-തമ്പാനൂർ സെൻട്രൽ ബസ് ഡിപ്പോ-തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ-പുത്തരിക്കണ്ടം മൈതാനം.
മറ്റ് അലൈൻമെന്റുകൾ
കഴക്കൂട്ടം മുതൽ പാപ്പനംകോട് വരെയുള്ള അലൈൻമെന്റിൽ. ഉള്ളൂർ മുതൽ കരമന വരെ 10 കിലോമീറ്റർ സമ്പൂർണ ഭൂഗർഭ പാതയായിരിക്കും. 6775 കോടി രൂപയാണ് ഇതിന് ചെലവ്.
രണ്ടാമത്തേത് കഴക്കൂട്ടം മുതൽ കിള്ളിപ്പാലം വരെ. കഴക്കൂട്ടം മുതൽ ആക്കുളം വരെ 6.5 കിലോമീറ്ററും ഈഞ്ചയ്ക്കൽ മുതൽ കിള്ളിപ്പാലം വരെയും ഭൂഗർഭപാതയായിരിക്കും. 5775 കോടിയാണ് നിർമ്മാണച്ചെലവ്.
മൂന്നാം ഇടനാഴി പാളയം മുതൽ സിവിൽ സ്റ്റേഷൻ വരെ. ഇതിൽ ആറ് കിലോമീറ്റർ വരെ ഭൂഗർഭപാതയായിരിക്കും. 2700 കോടിയായിരിക്കും നിർമ്മാണച്ചെലവ്. മ്യൂസിയം,വെള്ളയമ്പലം,കവടിയാർ,പേരൂർക്കട,സിവിൽ സ്റ്റേഷൻ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്നതാണ് ഈ അലൈൻമെന്റ്. ഇവിടങ്ങളിൽ ഭൂഗർഭപാതകൾ നിർമ്മിക്കേണ്ടി വരുന്നതിനാൽ ചെലവ് ഇരട്ടിയാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |