ചേർപ്പ് : ആരെയും കൊതിപ്പിക്കുന്ന ചേനത്തിന്റെ സൗന്ദര്യം ഇനി സഞ്ചാരികൾക്ക് ആവോളം നുകരാം. ഗ്രാമീണ പ്രകൃതി സൗന്ദര്യം മുറ്റി നിൽക്കുന്ന പാറളം, ചേർപ്പ് പഞ്ചായത്തുകളിൽ ഉൾപ്പെടുന്ന ചേനത്ത് 'നെല്ലറ' ഗ്രാമീണ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കുട്ടവഞ്ചി, കയാക്കിംഗ്, ബോട്ടിംഗ് സവാരി എന്നിവ ആരംഭിക്കുന്നു. ചേനത്തിന്റെ ഗ്രാമീണ സൗന്ദര്യം ഇനി ബോട്ടിലിരുന്ന് സഞ്ചാരികൾക്ക് ആസ്വദിക്കാനാകും. പടവിൽ എത്തുന്നവർക്ക് വിശ്രമിക്കാനുള്ള സൗകര്യം, ഭക്ഷണത്തിനായി തട്ടുകടകൾ, മത്സ്യം ചൂണ്ടയിട്ട് പിടിക്കാനായി തോട്ടിൽ സൗകര്യം, പിടിക്കുന്ന മത്സ്യങ്ങൾ പാകം ചെയ്ത് നൽകാനുള്ള സൗകര്യം എന്നിവയും ഒരുക്കും.
പടവിൽ വെള്ളം കയറി കിടക്കുന്ന സമയത്ത് നടത്തുന്ന മത്സ്യക്കൃഷിക്ക് പുറമേയാണ് സഞ്ചാരികളെ ആകർഷിക്കാനുള്ള പദ്ധതിക്കും തുടക്കമിടുന്നത്. പടവിൽ കുട്ടവഞ്ചി ഇറക്കുന്നതിന്റെയും കയാക്കിംഗ് ആരംഭിക്കുന്നതിന്റെയും ഉദ്ഘാടനം 19ന് വൈകിട്ട് 3.30ന് മന്ത്രി ആർ.ബിന്ദു നിർവഹിക്കും. മത്സ്യക്കൃഷി, ടൂറിസം, സൗരോർജ പദ്ധതികൾക്കായി കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്ക് നിവേദനം സമർപ്പിച്ചിട്ടുണ്ട്. പദ്ധതി ആരംഭിക്കുന്നതോടെ ചേനം കോൾപ്പടവിന്റെ മുഖച്ഛായ മാറും.
കാർഷിക മേഖല പ്രതിസന്ധി നേരിടുന്ന ഈ കാലഘട്ടത്തിൽ ടൂറിസത്തിൽ നിന്നുള്ള വരുമാനം കർഷകനും ഗ്രാമീണ ജനതയ്ക്കും ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
-ബിജു പണിക്കശ്ശേരി, ടി.കെ.രാജു
(ചേനം തരിശുപടവ് കമ്മിറ്റി പ്രസിഡന്റ്, സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |