തിരുവനന്തപുരം: മൂന്നുപതിറ്റാണ്ടായുള്ള കേരളത്തിന്റെ ആവശ്യമായ ശബരി റെയിൽപ്പാതയ്ക്കായുള്ള മുഴുവൻ ഭൂമിയും സംസ്ഥാനത്തിന്റെ ചെലവിൽ ഏറ്റെടുക്കണമെന്ന് റെയിൽവേ. ഇക്കാര്യം ആവശ്യപ്പെട്ട് സർക്കാരിന് കത്തു നൽകി. മുൻകാലങ്ങളിൽ പദ്ധതികൾക്കാവശ്യമായ ഭൂമിയേറ്റെടുക്കുന്നതിന് റെയിൽവേ മുൻകൂറായി പണം നൽകിയിരുന്നു. ശബരിയുടെ കാര്യത്തിൽ ഇതിന് വിരുദ്ധ നിലപാടാണ്.
ഇതുപ്രകാരം 1140 കോടി ഭൂമിയേറ്റെടുക്കലിന് സർക്കാരിന് തുടക്കത്തിലേ മുടക്കേണ്ടിവരും.
കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലായി 204 ഹെക്ടറാണ് ഏറ്റെടുക്കേണ്ടത്. ആകെ പദ്ധതിചെലവിന്റെ (3800.93കോടി) 30% വരുമിത്. ആകെ പദ്ധതിച്ചെലവിന്റെ പകുതി (1900.47കോടി) സംസ്ഥാനം തവണകളായി മുടക്കണമെന്നായിരുന്നു നേരത്തെയുള്ള നിർദ്ദേശം. ഭൂമിയേറ്റെടുക്കൽ ചെലവിനെക്കുറിച്ച് പറഞ്ഞിരുന്നില്ല. ഭൂമിയേറ്റെടുക്കൽ ചെലവ് പൂർണമായും നിർമ്മാണച്ചെലവിന്റെ 20%വും സംസ്ഥാനം വഹിക്കണമെന്നാണ് പുതിയ നിർദ്ദേശം.
പകുതിച്ചെലവ് കിഫ്ബിയിൽ നിന്ന് നൽകിയാൽ, അത് സംസ്ഥാനത്തിന്റെ വായ്പാ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്നാണ് സർക്കാർ നിലപാട്. അത് കേന്ദ്രം തള്ളിയിരുന്നു. ചെലവ് പങ്കിടാമെന്ന് റെയിൽവേ-സംസ്ഥാനം-റിസർവ്ബാങ്ക് ചേർന്ന് ത്രികക്ഷി കരാറൊപ്പിടണമെന്നും റെയിൽവേ ആവർത്തിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവുമായി കഴിഞ്ഞയാഴ്ച നടത്തിയ കൂടിക്കാഴ്ചയിൽ ശബരിപാത യാഥാർത്ഥ്യമാക്കുമെന്ന് ഉറപ്പുലഭിച്ചിരുന്നു. ഇതിനുപിന്നാലെയാണ് റെയിൽവേയുടെ പുതിയ നിർദ്ദേശം.
റെയിൽവേ സംഘം
അടുത്തമാസം വരും
ഭൂമിയേറ്റെടുക്കുന്നതടക്കം പരിശോധിക്കാൻ റെയിൽവേയുടെ ഉന്നതസംഘം അടുത്തമാസം കേരളത്തിലെത്തും. എറണാകുളത്ത് ആവശ്യമായ 152ൽ 24.4ഹെക്ടർ നേരത്തേ ഏറ്റെടുത്തിട്ടുണ്ട്. ശബരിപാത കടന്നുപോകുന്ന ജില്ലകളിൽ ഭൂമിയേറ്റെടുക്കൽ യൂണിറ്റുകൾ വീണ്ടുംതുറക്കാനും ജീവനക്കാരെ പുനർവിന്യസിക്കാനും ഇന്നലെ മന്ത്രി വി.അബ്ദുറഹിമാൻ വിളിച്ച യോഗത്തിൽ തീരുമാനമായി. അതേസമയം, ചെലവിന്റെ കാര്യത്തിൽ ധാരണയായിട്ടില്ല.
റെയിൽവേയ്ക്ക് ഏറ്റെടുക്കാം
ശബരിപ്പാതയ്ക്കൊപ്പം 2019ൽ മരവിപ്പിച്ച ഗുരുവായൂർ-തിരുനാവായപ്പാതയും റെയിൽവേ നിർമ്മിക്കുന്നുണ്ട്. ഇതിന്റെ പകുതിചെലവ് സംസ്ഥാനം വഹിക്കണമെന്ന് റെയിൽവേ ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല
സംസ്ഥാനത്തിന്റെ വിഹിതമില്ലെങ്കിലും പൂർണമായി കേന്ദ്രചെലവിൽ പദ്ധതി നടപ്പാക്കാനാവും. സംസ്ഥാനം വിഹിതം നൽകാത്തതിനാൽ 55 ഓവർബ്രിഡ്ജുകൾ റെയിൽവേയുടെ സ്വന്തംചെലവിൽ നിർമ്മിക്കാൻ അടുത്തിടെ തീരുമാനിച്ചിരുന്നു
111കി.മീറ്ററാണ് ശബരിപാത. ഇതിൽ 7കിലോമീറ്റർ റെയിലും ഒരുപാലവും നിർമ്മിച്ചശേഷം മരവിപ്പിച്ചിരിക്കുകയാണ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |