നെടുമങ്ങാട്: വാഹനമോഷണം, കവർച്ച എന്നിവ നടത്തിയിരുന്ന അന്തർ സംസ്ഥാന കവർച്ചാ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. 65-ഓളം കേസിലെ പ്രതിയായ
പത്താംകല്ല് ശിവദീപത്തിൽ എസ്.അനന്തൻ (26),
ശ്രീകാര്യം പുളിയറക്കോണത്ത് വീട്ടിൽ എം.ഋഷിൻ(27), കടയ്ക്കാവൂർ തിട്ടയിൽ വീട്ടിൽ കെ.അബിൻ (27), അമ്പലംമുക്ക് അനിയൻ ലെയിനിൽ മുല്ലശേരി വീട്ടിൽ ആർ.റാംവിവേക് കൃഷ്ണ (27) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ദിവസം രാത്രി കാപ്പാ കേസ് പ്രതിയെ അന്വേഷിച്ച് എത്തിയ പൊലീസ്‌സംഘം നടത്തിയ പരിശോധനയിലാണ് മോഷണസംഘം കുടുങ്ങിയത്.
ഒരു സ്ഥലത്ത് നിന്നും വാഹനം മോഷ്ടിച്ച ശേഷം ഇന്ധനം തീർന്നാൽ വഴിയിൽ ഉപേക്ഷിച്ച് അടുത്ത സ്ഥലത്തു നിന്ന് വാഹനം മോഷ്ടിക്കുകയാണ് പ്രതികളുടെ സ്വഭാവമെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ആഴ്ച ആര്യനാട് മൊബൈൽ കടയിലും ചെരുപ്പ് കടയിലും പ്രതികൾ മോഷണം നടത്തിയിരുന്നു. വിലകൂടിയ ഫോണുകളും ബാഗും ചെരുപ്പുകളും ഉൾപ്പെടെ കവർന്നു. പ്രതിയുടെ ദൃശ്യങ്ങൾ സി.സി ടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഇക്കഴിഞ്ഞ 30ന് രാത്രി 10നും വെള്ളിയാഴ്ച പുലർച്ചയ്ക്കും ഇടയിലായിരുന്നു മോഷണം. ആര്യനാട് കാഞ്ഞിരംമൂട് ജംഗ്ഷനിലെ ഷഫീഖിന്റെ ഉടമസ്ഥതയിലുള്ള മൊബൈൽ കോർണർ മൊബൈൽ ഷോപ്പിലും,ഷംനാഥിന്റെ ഉടമസ്ഥതയിലുള്ള നോവ ചെരുപ്പ് കടയിലുമായിരുന്നു മോഷണം.
മൊബൈൽ ഷോപ്പിൽ നിന്ന് 13 പുതിയ വിലകൂടിയ ആൻഡ്രോയ്ഡ് മൊബൈലുകളും,കസ്റ്റമർ സർവീസിനായി നൽകിയ കൂടിയ നിരവധി ഫോണുകൾ, വില്പനയ്ക്കായുള്ള ഡ്രിമ്മറുകൾ,സ്പ്രേ,മേശയിൽ സൂക്ഷിച്ചിരുന്ന 5000ത്തോളം രൂപ എന്നിവയും ചെരുപ്പ് കടയിൽ നിന്ന് ബാഗ്,ചെരുപ്പ്,കുട തുടങ്ങിയവയും മോഷ്ടിച്ചു. ചെരുപ്പുകടയിലെ സി.സി ടിവിയിൽ പ്രതികളുടെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു.
പോത്തൻകോട് കരുർ ഇടത്താട് റാം വിവേകിന്റെ വീട്ടിൽ നെടുമങ്ങാട്-പോത്തൻകോട് പൊലീസ് സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.റൂറൽ എസ്.പി കെ.എസ്.സുദർശനന്റെ നിർദേശപ്രകാരം നെടുമങ്ങാട് ഡിവൈ.എസ്.പി കെ.എസ്.അരുൺ,നെടുമങ്ങാട് എസ്.എച്ച്.ഒ വി.രാജേഷ് കുമാർ,സീനിയർ സിവിൽ പൊലീസ് ഓഫീസർ മാരായ ടി.അരുൺ,എ.അരുൺ, അജിത്ത്,ആകാശ്,അഖിൽ,ശ്രീലാൽ എന്നിവരാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |