അഹമ്മദാബാദ്: അഹമ്മദാബാദിൽ നിന്ന് പറന്നുയർന്ന എയർ ഇന്ത്യ വിമാനം തകർന്നുവീണ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഗുജറാത്തിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെ വിമാനത്തിൽ നിന്ന് 'മെയ്‌ഡേ' സന്ദേശം ലഭിച്ചിരുന്നു. പിന്നാലെ നിശബ്ദതയായിരുന്നു.
ദുരന്തമുണ്ടാകുമ്പോൾ എമർജൻസി ലാൻഡിംഗിന് വേണ്ടിയിട്ടാണ് 'മെയ്‌ഡേ' സന്ദേശം നൽകുന്നത്. 'മെയ്‌ഡേ' സന്ദേശത്തിന് പിന്നാലെ വിമാനം തകർന്നുവീഴുകയായിരുന്നുവെന്നാണ് സൂചന. കാരണം എയർ ട്രാഫിക് കൺട്രോളിൽ (എ ടി സി) നിന്നുള്ള പ്രതികരണം വിമാനം റിസീവ് ചെയ്‌തിട്ടില്ലെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി ജി സി എ) പ്രസ്താവനയിൽ പറഞ്ഞു.
ഇന്ന് ഉച്ചയ്ക്ക് 1.39നാണ് വിമാനം പറന്നുയർന്നത്. നിമിഷങ്ങൾക്കുള്ളിൽ വിമാനം തകർന്നുവീണു. ഡിജിസിഎയുടെ കണക്കനുസരിച്ച് രണ്ട് പൈലറ്റുമാർ, 10 ക്യാബിൻ ക്രൂ അംഗങ്ങൾ അടക്കം 242 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. യാത്രക്കാരിൽ 53 പേർ ബ്രിട്ടീഷ് പൗരന്മാരാണ്. 169 ഇന്ത്യക്കാരും ഏഴ് പോർച്ചുഗീസുകാരും ഒരു കനേഡിയൻ പൗരനും ഉണ്ടായിരുന്നു. കൂടാതെ കുട്ടികളും അപകടത്തിൽപ്പെട്ടിട്ടുണ്ട്. ദുരന്തത്തിൽ എത്ര പേർ മരിച്ചെന്നോ എത്ര പേർക്ക് പരിക്കേറ്റെന്നോ വ്യക്തമല്ല. ഇരുന്നൂറോളം ഫയർ യൂണിറ്റുകളടക്കം രക്ഷാപ്രവർത്തനത്തിനെത്തിയിട്ടുണ്ട്.
ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും വിമാനത്തിലുണ്ടായിരുന്നു. അദ്ദേഹം ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. അപകടത്തിൽപ്പെട്ടവരിൽ മലയാളികളുമുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |