ഇന്നത്തെക്കാലത്ത് യാത്രയ്‌ക്ക് യാതൊരു അസൗകര്യവുമില്ലെന്ന് സന്തോഷ് ജോർജ് കുളങ്ങര. പുറപ്പെടാനുള്ള ധൈര്യം മാത്രമുണ്ടായാൽ മതിയെന്നും, പുറപ്പെടാനുള്ള മടി കൊണ്ടാണ് ആളുകൾ യാത്ര ചെയ്യാത്തതെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സന്തോഷ് ജോർജ് കുളങ്ങര.
'അറപ്പുതോന്നാത്ത സാധനങ്ങളെല്ലാം ഞാൻ കഴിക്കാറുണ്ട്. ഉദാഹരണത്തിന് പാറ്റ കാഷ്ഠത്തിനൊരു ദുർഗന്ധമുണ്ടല്ലോ. പാറ്റയെ കാണുമ്പോൾ അതോർമ വരും, അതുകൊണ്ട് അത് കഴിക്കാറില്ല. എന്നാൽ യുക്തിപരമായി ചിന്തിച്ചുനോക്കിയേ. നമ്മൾ ചെമ്മീൻ കഴിക്കില്ലേ. കാണുമ്പോൾ ചെമ്മീനും പുൽച്ചാടിയും തമ്മിലെന്താ വ്യത്യാസം. ചെമ്മീൻ കഴിക്കുന്നവന് പുൽച്ചാടി കഴിക്കുന്നവനെ കുറ്റം പറയാൻ ഒരു അവകാശവുമില്ല.
ഞാൻ പാമ്പിന്റെ കഷ്ണം തിന്നിട്ടുണ്ട്. എന്ത് പാമ്പാണെന്ന് ഓർമയില്ല. തായ്‌വാനിൽ ഒരു മാർക്കറ്റുണ്ട്. പാമ്പിനെ തത്സമയം കൊന്ന് ഗ്രില്ല് ചെയ്തും മറ്റും തരുന്ന സ്ഥലമാണ്. ഞാൻ ചെല്ലുമ്പോൾ സാമ്പിൾ ഫ്രീയായി കൊടുക്കുകയാണ്. ആദ്യം ഷൂട്ട് ചെയ്യാൻ സമ്മതിച്ചില്ല. പിന്നെ കച്ചവടക്കാരനുമായി ലോഹ്യമായി. നീയൊരു കഷ്ണം തിന്നാൽ ഷൂട്ട് ചെയ്‌തോ എന്ന് പറഞ്ഞു. ഞാൻ ഒരു കഷ്ണമെടുത്ത് തിന്നു. എനിക്ക് രുചിയിൽ വലിയ വ്യത്യാസമൊന്നും തോന്നിയില്ല.
ഭക്ഷണത്തിന്റെ രുചി വൈവിധ്യമല്ല ഇവിടെ പ്രശ്നം. നമ്മുടെ സൈക്കോളജിക്കലിയുള്ള പ്രശ്നമാണ്. പാമ്പിനെ എനിക്ക് ജന്മനാ പേടിയാണ്. അതുകൊണ്ട് തോന്നുന്നതാണ്. അല്ലാതെ പ്രശ്നമൊന്നുമില്ല. ഇപ്പോൾ ചൈന പോലുള്ള കോടാനുകോടി ജനസംഖ്യയുള്ള നാട്. അവിടത്തുകാർ നൂറ്റാണ്ടുകളായി കഴിക്കുന്ന ഭക്ഷണമാണ്. എന്തെങ്കിലും ഗുണം കാണില്ലേ. ഇല്ലെങ്കിൽ നാട്ടിൽ അങ്ങനെയൊരു ശീലമുണ്ടാകില്ല. ഇതിനൊക്കെ ഒരു കാരണമുണ്ട്. അതിനെ നമ്മൾ എതിർക്കേണ്ടതില്ല.'- അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |