കിളിമാനൂർ: കാട്ടുപന്നിക്ക് പുറമെ തെരുവുനായ ശല്യത്തിലും പൊറുതി മുട്ടി ജനം. കല്ലറ പഞ്ചായത്തിന്റെ വിവിധ ഇടങ്ങളിലാണ് തെരുവുനായ ശല്യം രൂക്ഷമായിരിക്കുന്നത്. സന്ധ്യ കഴിഞ്ഞാൽ ഒറ്റയ്ക്കും കൂട്ടമായുമെത്തുന്ന തെരുവുനായ്ക്കൾ കാൽനടയാത്രക്കാരെ ആക്രമിക്കുന്നതും പതിവാണ്. പുലർച്ചെ പ്രഭാത സവാരിക്കിറങ്ങുന്നവരും പത്രവിതരണത്തിന് എത്തുന്നവരും പലപ്പോഴും ഭാഗ്യം കൊണ്ടാണ് നായയുടെ കടിയേൽക്കാതെ രക്ഷപ്പെടുന്നത്. തെരുവുനായ്ക്കൾ കുറുകെ ചാടി ഇരുചക്ര വാഹനങ്ങളിലെത്തുന്നവർ അപകടത്തിൽപ്പെടുന്നതും നിത്യസംഭവമാണ്. വന്ധ്യംകരണം ചെയ്ത നായ്ക്കളെ ഉൾപ്പെടെ വാഹനങ്ങളിൽ കൊണ്ടുവന്ന് ആളൊഴിഞ്ഞ സ്ഥലങ്ങളിൽ ഉപക്ഷിക്കുന്നതായും പരാതിയുണ്ട്.
ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
കഴിഞ്ഞ ദിവസം പേയിളകിയ വളർത്തുനായ വീട്ടുടമസ്ഥനെയും തെരുവുനായ്ക്കളെയും കടിച്ചിരുന്നു. കല്ലറ മുളമുക്ക് കോടംപ്ലാച്ചിയിലാണ് സംഭവം. വീട്ടുടമസ്ഥനെയും തെരുവുനായ്ക്കളെയും കടിച്ച ശേഷം നായ ചത്തു. പോസ്റ്റ്മോർട്ടത്തിൽ നായയ്ക്ക് പേവിഷബാധയുണ്ടെന്ന് കണ്ടെത്തി. നിരവധി തെരുവുനായ്ക്കൾക്ക് കടിയേറ്റതിനാൽ കല്ലറ പഞ്ചായത്തും മൃഗാശുപത്രിയും ചേർന്ന് ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |