ആറ്റിങ്ങൽ: വെളിച്ചെണ്ണ വില ലിറ്ററിന് 400 കടന്നു. അടിക്കടി ഉയരുന്ന വിലക്കയറ്റം അടുക്കള ബഡ്ജറ്റിനെ താളം തെറ്റിക്കുന്നു. സാധനങ്ങളുടെ വില കൂടിയതോടെ അടുക്കളയിലും ഹോട്ടലുകളിലും ഭക്ഷണ സാധനങ്ങളുടെ രുചി കുറയുന്നതായി ആക്ഷേപമുണ്ട്. കോഴിമുട്ട വരവിന് വില 7.50,നാടൻ 8.50,താറാമുട്ട 13.50, കാടമുട്ട 3.50,കോഴിയിറച്ചി 250,ബീൻസ് 100 എന്നിങ്ങനെ നീളുന്നു വിലവിവരപ്പട്ടിക. വിപണിയിൽ സർവകാല റെക്കാഡ് കടന്നിരിക്കുകയാണ് വെളിച്ചെണ്ണവില. വെളിച്ചെണ്ണയ്ക്ക് ഒരു വർഷത്തിനിടെയുണ്ടായത് ഇരട്ടിയിലധികം വിലവർദ്ധനയാണ്. കൊപ്രയുടെ ലഭ്യതക്കുറവാണ് വെളിച്ചെണ്ണ വിലക്കയറ്റത്തിന് കാരണമായി പറയുന്നത്. മൈസൂർ, തമിഴ്നാട്, പാലക്കാട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ നിന്നാണ് മില്ലുകളിലേക്ക് പ്രധാനമായും കൊപ്രയെത്തുന്നത്. നിലവിൽ മില്ലുകളിലെത്തുന്ന ലോഡുകൾ പകുതിയായി കുറഞ്ഞു. വെളിച്ചെണ്ണ വില കൂടിയതോടെ വ്യാജനും വിപണിയിൽ സജീവമാണ്. അറബിക്കടലിലെ കപ്പലപകടത്തെ തുടർന്ന് മത്സ്യ ഉപയോഗവും കുറഞ്ഞു വരികയാണ്. അതിനാൽ പച്ചക്കറി വിലയും കൂടിയിട്ടുണ്ട്. മത്തൻ, വെള്ളരി, കത്തിരി എന്നിവയുടെ വിലയും 50 ശതമാനം വർദ്ധിച്ചു. നിത്യോപയോഗ സാധനങ്ങളുടെ വില കൂടിയതോടെ ഹോട്ടലുകളും വില വർദ്ധനവിന് ഒരുങ്ങുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |