കൊച്ചി: ദേശീയപാതയുടെ നിലവിലെ നിർമ്മാണം കാരണം കേരളത്തിലൂടെ യാത്ര ദുഷ്കരമാണെന്ന് ഹൈക്കോടതിയുടെ വിമർശനം. ഏറെക്കാലമായി ജനങ്ങൾ ഇത് സഹിക്കുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി. നിർമ്മാണം മന്ദഗതിയിൽ ആക്കരുതെന്നും ഉയർന്ന നിലവാരത്തിൽ ദേശീയപാത 66ന്റെ നിർമ്മാണം അതിവേഗം പൂർത്തിയാക്കണമെന്നും കോടതി നിർദ്ദേശിച്ചു.
അതേസമയം തകർന്നുവീണ മലപ്പുറം കൂരിയാട് ദേശീയപാത മഴക്കാലത്തിന് ശേഷം പുനർനിർമ്മിക്കുമെന്ന് ദേശീയപാത അതോറിറ്റി കോടതിയെ അറിയിച്ചു. പ്രദേശത്ത് കൃഷി ചെയ്തിരുന്നത് മണ്ണിന്റെ ഘടന ദുർബലപ്പെടുത്തി എന്ന് ഐ.ഐ.ടി വിദഗ്ദ്ധർ അറിയിച്ചതായും ദേശീയപാത അതോറിട്ടി വിശദമാക്കി, . വിഷയത്തിൽ, പൂർണ്ണ റിപ്പോർട്ട് നൽകാൻ ദേശീയപാത അതോറിറ്റി മൂന്നാഴ്ച സമയം തേടി.
എന്നാൽ കൃഷി നേരത്തെ ഉണ്ടായിരുന്നതായും, പിന്നീടാണ് ദേശീയപാത നിർമ്മാണം തുടങ്ങിയതെന്നും കോടതി ചൂണ്ടിക്കാട്ടി. മഴക്കാലത്തിനുശേഷം മാത്രമേ കാര്യമായി നിർമ്മാണ പ്രവർത്തനം തുടരാനാകൂവെന്നും ദേശീയ പാത അതോറിറ്റി വ്യക്തമാക്കി. എന്നാൽ തെറ്റ് ആരുടെ ഭാഗത്താണ് എന്നത് സംബന്ധിച്ച് ദേശീയപാത അതോറിറ്റി പരിശോധിച്ചാൽ മതിയെന്നും, സാധാരണക്കാരെ സംബന്ധിച്ച് ദേശീയപാത പ്രധാനമാണെന്നും കോടതി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |