പാലക്കാട്: ആവശ്യക്കാരുടെ വീട്ടിലെത്തി മൃഗങ്ങൾക്ക് അടിയന്തര ശസ്ത്രക്രിയ ചെയ്യുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച പാലക്കാട്ടെ മൊബൈൽ വെറ്ററിനറി സർജറി യൂണിറ്റ് പ്രവർത്തനം തുടങ്ങാനാകാതെ പ്രതിസന്ധിയിൽ. ഡോക്ടറുടെ സേവനം ലഭ്യമല്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം. കേന്ദ്രീകൃത കോൾ സെന്റർ സംവിധാനത്തിലൂടെ ഡോക്ടറുടെ സേവനം ആവശ്യപ്പെട്ട് വിളികളെത്തുന്നുണ്ടെങ്കിലും ഒരു ഡോക്ടറെ മാത്രമാണ് നിയമിക്കാനായത്. രണ്ടു ഡോക്ടറുണ്ടെങ്കിലേ സർജറി യൂണിറ്റിന് കാര്യക്ഷമമായി പ്രവർത്തിക്കാനാകു. എ.ബി.സി കേന്ദ്രങ്ങളിലേതുപോലെ കരാർ അടിസ്ഥാനത്തിലാണ് സർജറി യൂണിറ്റിലും ഡോക്ടർമാരെ നിയമിക്കുന്നത്. ഇതാണ് ഡോക്ടർമാരെ കിട്ടാത്തതിന് കാരണമെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ പറയുന്നു. മേയ് ആദ്യമാണ് പദ്ധതിയുടെ ഉദ്ഘാടനം നടന്നത്. ഡോക്ടറും ഡ്രൈവറുമില്ലാത്തതിനാൽ മലമ്പുഴ മൃഗാശുപത്രി കേന്ദ്രീകരിച്ചു പ്രവർത്തിച്ച മൊബൈൽ വെറ്ററിനറി യൂണിറ്റിന്റെ പ്രവർത്തനം തടസപ്പെട്ടു. നിലവിൽ കർഷകർ മൃഗങ്ങളെയും കൊണ്ട് ആശുപത്രിയിൽ നേരിട്ടെത്തിയാണ് ചികിത്സ തേടുന്നത്. വിവിധ ബ്ലോക്കുകൾക്കു കീഴിലായി പട്ടാമ്പിയിലും അട്ടപ്പാടിയിലുമാണ് ജില്ലയിൽ ആദ്യം യൂണിറ്റുകൾ തുടങ്ങിയത്. തുടർന്ന് ശ്രീകൃഷ്ണപുരം, മലമ്പുഴ, ചിറ്റൂർ, ആലത്തൂർ എന്നിവിടങ്ങളിലും തുടങ്ങി. മലമ്പുഴയിലെ ഡ്രൈവർ ജോലി നിറുത്തിപ്പോവുകയായിരുന്നു. പിന്നീട് ഡോക്ടറും സേവനം നിറുത്തി.
മൊബൈൽ യൂണിറ്റിന്റെ പ്രവർത്തനം
ജില്ലകളിലെ മൃഗാശുപത്രികൾ വഴി രജിസ്റ്റർചെയ്ത വ്യക്തികളുടെ മൃഗങ്ങൾക്കാണ് ശസ്ത്രക്രിയ നടത്താൻ സർജറി യൂണിറ്റെത്തുക.
24 മണിക്കൂറും സജീവമായ 1962 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിക്കുന്നവരുടെ വിവരങ്ങൾ കേന്ദ്രീകൃത കോൾ സെന്റർ സംവിധാനത്തിൽ രജിസ്റ്റർ ചെയ്യും
തുടർന്ന് അധികൃതർ ഈ വിവരം അതത് ജില്ലകളിലെ യൂണിറ്റിനു കൈമാറും
ശസ്ത്രക്രിയ നടത്താനാവശ്യമായ സംവിധാനങ്ങളുള്ള പ്രത്യേകം തയ്യാറാക്കിയ വാഹനവും പരിശീലനം ലഭിച്ച രണ്ടു ഡോക്ടർമാർ, ഡ്രൈവർ കം അറ്റൻഡർ എന്നിവർ ഒരു യൂണിറ്റിലുണ്ടാകും
മൃഗങ്ങളെ പരിശോധിച്ചശേഷം വലിയ ശസ്ത്രക്രിയ ആവശ്യമെങ്കിൽ ഇതേവാഹനത്തിൽ ആശുപത്രിയിലെത്തിക്കും
രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയും യൂണിറ്റ് ജില്ലാ മൃഗാശുപത്രി കേന്ദ്രീകരിച്ച് പ്രവർത്തിക്കണം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |