തലശ്ശേരി : ആറുമാസം മുമ്പ് എരഞ്ഞോളി വടക്കുമ്പാട്ട് കാരാട്ട്കുന്ന് പഴയ ബീഡി കമ്പനിക്കടുത്ത വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന തലശ്ശേരി ഗവ.ജനറൽ ആസ്പത്രിയിലെ റിട്ട.നഴ്സിംഗ് അസിസ്റ്റന്റ് സുഗതകുമാരിയെ(58) ക്രൂരമായി ആക്രമിച്ച് കമ്മൽ പറിച്ചെടുത്ത് നാട്ടിലേക്ക് കടന്ന ആസാം പൗരനെ പിടികൂടി ധർമ്മടം എസ്.ഐയും സംഘവും. ആസാമിലെ ബാർപേട്ട ജില്ലയിലെ ഗാരേമാറി ഗ്രാമവാസിയായ ജാഷിദുൽ ഇസ്ലാമിനെയാണ് (30) സമീപഗ്രാമത്തിലുള്ള ഭാര്യവീട്ടിൽ വച്ച് എസ്.ഐ ഷമീജ്, പൊലീസുകാരായ സജിത്ത്,ശ്രീലാൽ , രതീഷ് എന്നിവർ ചേർന്ന് അതിസാഹസികമായി കസ്റ്റഡിയിലെടുത്ത് തലശ്ശേരിയിൽ എത്തിച്ചത്. ഈയാളെ പിന്നീട് കോടതി റിമാൻഡ് ചെയ്തു.
ആക്രമം നടന്ന വാടക ക്വാർട്ടേഴ്സിൽ ഡോഗ് സ്‌ക്വാഡും വിരളടയാള വിദഗ്ധരും ഫോറൻസിക് ഉദ്യാേഗസ്ഥരും ഉൾപ്പെടെ എത്തി പരിശോധന നടത്തിയിരുന്നു. പിന്നീടാണ് കഴിഞ്ഞവർഷം തലശ്ശേരിയിലെത്തിയ ജാഷിദുൽ ഇസ്ലാമിലേക്ക് പൊലീസിന്റെ ശ്രദ്ധ എത്തിയത്. ഏതാനും മാസങ്ങൾക്കുള്ളിൽ ഈയാൾ നിരവധി അക്രമവും കവർച്ചയും നടത്തിയതായി അറിഞ്ഞതും നിർണായകമായി.
വനമേഖലയിൽ ഒളിവുജീവിതം,
വോട്ട് ചെയ്യാനെത്തിയപ്പോൾ അറസ്റ്റ്
സംഭവത്തിന് ശേഷം തലശ്ശേരിയിൽ നിന്ന് കോഴിക്കോട്ടേക്ക് ട്രെയിൻ കയറിയ ഈയാൾ ഇവിടെ നിന്ന് പല ട്രെയിനുകളും മറ്റ് വാഹനങ്ങളും മാറിമാറി കയറിയാണ് നാട്ടിലെത്തിയത്. സുഗതകുമാരിയെ ആക്രമിച്ചത് ഈയാളാണെന്ന് വ്യക്തമായതിന് പിന്നാലെ തൊട്ടുപിറകെ പൊലീസ് സംഘം അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. എന്നാൽ മൊബൈൽ ഫോൺ ഉപയോഗിക്കാതിരുന്ന പ്രതിയുടെ സഞ്ചാരപഥം കണ്ടു പിടിക്കുകയെന്നത് ഏറെ ദുഷ്‌ക്കരമായിരുന്നു.
ഗാരേമാറിയിലെ സ്വന്തം വീട്ടിലേക്ക് പോകാതെ ഭാര്യവീട്ടിലായിരുന്നു ഈയാൾ ആദ്യം കഴിഞ്ഞത്. പൊലിസ് പിറകെയുണ്ടെന്ന് മനസിലായതോടെ വീട്ടിൽ നിന്നും മുങ്ങി. പിന്നീട് മറ്റൊരു ബന്ധുവീട്ടിലായി ഒളിവ് ജീവിതം. അവിടേയും സംശയം തോന്നിയതിനാൽ കടന്നു കളഞ്ഞു. പിന്നീട് അഞ്ഞൂറ് കി.മി. അകലെ ത്രിപുരയിലെ വനമേഖലയിലാണ് ഒളിച്ചുകഴിഞ്ഞത്. പൊലീസ് പിന്മാറിയെന്ന് തിരിച്ചറിവിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ ഇയാൾ ഗ്രാമത്തിലെത്തി. പൊലീസ് പിന്നാലെയുണ്ടെന്ന് മണത്തറിഞ്ഞതോടെ പത്ത് കിലോമീറ്റർ ദൂരെയുള്ള ഒരു കടമുറിയിൽ കുറച്ചുകാലം കഴിഞ്ഞു. ഇവിടെ വച്ചാണ് ആസാം പൊലീസിന്റെ സഹായത്തോടെ ഈയാളെ ധർമ്മടം പൊലീസ് പിടികൂടിയത്. പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഒടുവിൽ ഈയാളെ കീഴടക്കുകയായിരുന്നു. സ്ഥിരമായി ഹെറോയിൻ ഉപയോഗിക്കുന്നയാളാണ് ജാഷി ദുൽ ഇസ്ളാമെന്ന് നാട്ടുകാർ പൊലീസിനോട് പറഞ്ഞു. സ്വന്തം സഹോദരനെ ക്രൂരമായി അക്രമിച്ചപ്പോൾ നാട്ടുകാർ പിടിച്ചുകെട്ടി ലഹരി വിമുക്തി കേന്ദ്രത്തിലെത്തിക്കുകയായിരുന്നു. ഗ്രാമത്തിലും ഈയാൾ നിരവധി അക്രമവും മോഷണവും നടത്തിയിരുന്നുവെന്ന് ആസാം വെളിപ്പെടുത്തിയതായി ധർമ്മടം എസ്.ഐ എസ്.ഐ ഷമീജ് പറഞ്ഞു.
സുഗതകുമാരിയോട് കാട്ടിയത് മനുഷ്യപറ്റില്ലാത്ത ക്രൂരത
ക്വാർട്ടേഴ്സിൽ ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്ന സുഗതകുമാരിയെ അതിക്രൂരമായാണ് ജാഷിദുൽ ഇസ്ലാം ആക്രമിച്ചത്. കല്ല് കൊണ്ട് മുഖത്തും നെറ്റിയിലും കുത്തി പരിക്കേൽപിച്ച ഈയാൾ ഇവരുടെ കമ്മൽ പറിച്ചെടുത്ത് രക്ഷപ്പെടുകയായിരുന്നു. ജനവരി 18ന് പുലർച്ചെയായിരുന്നു ക്വാർട്ടേഴ്സിൽ അതിക്രമിച്ചുകയറി ഈയാൾ സുഗതകുമാരിയെ ആക്രമിച്ചത്. ആക്രമണത്തിൽ സുഗതകുമാരിയുടെ താടിയെല്ല് പൊട്ടുകയും പല്ലുകൾ ഇളകുകയും ചെയ്തു. പിറ്റേന്നാൾ അന്വേഷിച്ചെത്തിയ സുഹൃത്താണ് കിടപ്പുമുറിയിൽ ചോരവാർന്ന നിലയിൽ സുഗതകുമാരിയെ കണ്ടത്. സുഗതകുമാരി അണിഞ്ഞിരുന്ന സ്വർണ്ണമാല നഷ്ടപ്പെട്ടിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |