തിരുവനന്തപുരം: പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകൾ ഉൾപ്പെടെ ദക്ഷിണ റെയിൽവേയിൽ വിവിധ തസ്തികകളിലായി ഒഴിവുകൾ 25,970. ഇതിൽ നിയമനം നടത്താതെ താത്കാലിക, കരാർ ജീവനക്കാരെ കുത്തിനിറയ്ക്കുന്നു. നിയമനം പ്രതീക്ഷിച്ച് പതിനായിരങ്ങൾ കാത്തിരിക്കുമ്പോഴാണിത്.
ഗ്രൂപ്പ് എ മുതൽ സി വരെയുള്ള വിഭാഗങ്ങളിൽ 15,442 ഒഴിവ്. സ്റ്റേഷൻ മാസ്റ്റർ, ഗാർഡ്, ലോക്കോ പൈലറ്റ്, പോയിന്റ്സ്മാൻ, ഷണ്ടിംഗ് മാസ്റ്റർ തുടങ്ങിയ തസ്തികകളിലെ ഒഴിവ് 10,528. ഇത് നികത്തുന്നതിന് പകരമാണ് കരാർ ജോലിക്ക് അവസരമൊരുക്കുന്നത്. താത്കാലിക, പുറംകരാർ ജോലിക്കാർ 20,311 പേരുണ്ടെന്ന് ജോൺ ബ്രിട്ടാസ് എം.പിക്ക് പാർലമെന്റിൽ നൽകിയ മറുപടിയിൽ വ്യക്തമാക്കുന്നു. എൻജിനിയറിംഗ് വിഭാഗത്തിൽമാത്രം 19,702പേർ താത്കാലികക്കാരാണ്.
ട്രാക്ക് ജോലികൾ അടക്കമുള്ള സങ്കീർണമായ മേഖലകളിൽപോലും സ്ഥിരംനിയമനം നടത്താതെ പുറംകരാർ നൽകുകയാണെന്നാണ് ആക്ഷേപം. രാത്രികാല പട്രോളിംഗിനും താത്കാലികക്കാരുടെ സേവനമാണ് ഉപയോഗിക്കുന്നത്. ട്രാക്കിലെ പണികളിൽ പിഴവുണ്ടായാൽ ഇവരെ പഴിചാരി രക്ഷപ്പെടാനും എളുപ്പമാണ്. കരാർ, താത്കാലികക്കാർക്ക് സ്ഥിരം ജീവനക്കാർക്കുള്ള ആനുകൂല്യങ്ങളൊന്നും നൽകേണ്ടതില്ല എന്നതിനാലാണ് ഇതിന് റെയിൽവേയെ പ്രേരിപ്പിക്കുന്നതെന്നാണ് വിമർശനം.
സ്ഥാനക്കയറ്റവും ഇഴയുന്നു
പല തസ്തികകളിലും സ്ഥാനക്കയറ്റവും നടക്കുന്നില്ല. അതുകാരണം എൻട്രി കേഡർ തസ്തികകളിൽ പുതിയ ഒഴിവുകൾ ഉണ്ടാകുന്നില്ല. സാമ്പത്തിക ബാദ്ധ്യത കാരണമാണ് സ്ഥാനക്കയറ്റം നീട്ടിക്കൊണ്ടുപോകുന്നതെന്നാണ് അറിയുന്നത്. സ്ഥാനക്കയറ്റം സമയബന്ധിതമായി നടപ്പാക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം.
''രാജ്യത്ത് ഏറ്റവും കൂടുതൽ പേർക്ക് ജോലി നൽകുന്ന സ്ഥാപനമാണ് റെയിൽവേ, നിലവിലെ നിലപാട് തിരുത്തണം
-ഉദ്യോഗാർത്ഥികൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |