തൃശൂർ: മൺസൂൺ ശക്തമായതോടെ നഗരപാതകളെല്ലാം പൊട്ടിപ്പൊളിഞ്ഞു. തൃശൂർ പൂരത്തിന് തൊട്ടുമുന്നോടിയായി ടാറിംഗ് പൂർത്തിയാക്കിയ റോഡുകളുടെ അവസ്ഥയും ഇതുതന്നെ. സ്വരാജ് റൗണ്ടിൽ ഉൾപ്പെടെ നിരവധി കുഴികളാണ് രൂപപ്പെട്ടത്. നടുവിലാലിന് മുമ്പിലും സ്വരാജ് റൗണ്ട് മുഴുവനും ചെറുകുഴികളുണ്ട്. മോഡൽ ഗേൾസ് സ്‌കൂളിന് മുമ്പിൽ റോഡിന് കുറുകെ കുഴിച്ചത് ടാർ ചെയ്യാതെ മെറ്റലിട്ട് മൂടിയതിനാൽ ഇരുചക്ര വാഹന യാത്രക്കാർ ഉൾപ്പെടെ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. മോഡൽ ബോയ്‌സ് സ്‌കൂൾ മുതൽ പാറമേക്കാവ് വരെയുള്ള പാലസ് റോഡ് പൂർണമായും പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. കുഴികളിൽ വിരിച്ച മെറ്റൽ ഇളകി റോഡിൽ കിടക്കുന്നതിനാൽ ബൈക്ക് യാത്രക്കാർ തെന്നിവീഴാനും സാദ്ധ്യതയുണ്ട്.
രാമനിലയം, സംഗീത നാടക അക്കാഡമി, ബാലഭവൻ എന്നിവയ്ക്കു മുമ്പിലും വൻ കുഴികളുണ്ട്. അക്വാറ്റിക് കോംപ്ലക്‌സിന് മുമ്പിൽ നിന്നും സംഗീത നാടക അക്കാഡമിയിലേക്കുള്ള ബൈപാസ് റോഡും തകർന്നിട്ടുണ്ട്.
തകർന്നടിഞ്ഞ് കെ.എസ്.ആർ.ടി.സി റോഡ്
ഒരു മഴയ്ക്ക് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ വെള്ളം കയറുമെങ്കിൽ അതിനേക്കാൾ പരിതാപകരമാണ് കെ.എസ്.ആർ.ടി.സി പെട്രോൾ പമ്പിന് മുമ്പിലൂടെയുള്ള റെയിൽവേ സ്റ്റേഷൻ റോഡ്. കോഴിക്കോട്, തൃപ്രയാർ, കാഞ്ഞാണി, കുന്നംകുളം, ഗുരുവായൂർ ഭാഗങ്ങളിലേക്കുള്ള നിരവധി വാഹനങ്ങൾ ഈ പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയുമായ റോഡിലൂടെയാണ് സഞ്ചരിക്കുന്നത്.
ഇതിനിടെ കൊക്കാലെയിൽ നിന്നും കെ.എസ്.ആർ.ടി.സി ഭാഗത്തേക്കുള്ള റോഡ് കുടിവെള്ള പൈപ്പിന്റെ അറ്റകുറ്റപ്പണിക്കായി പൊളിച്ചതോടെ ഇവിടെയും ചെറിയ കുരുക്ക് രൂപപ്പെടുന്നുണ്ട്.
പണിതീരാതെ ചെമ്പോട്ടിൽ ലൈൻ
മഴയ്ക്ക് മുമ്പേ പണി തുടങ്ങിയ ചെമ്പോട്ടിൽ ലൈനിലെ കാന നിർമ്മാണം ഇപ്പോഴും ഇഴയുകയാണ്. സ്വരാജ് റൗണ്ടിൽ രാഗം തിയറ്ററിന് സമീപത്തു നിന്നും പോസ്റ്റ് ഓഫീസ് റോഡിലേക്കുള്ള ഇടവഴിയിൽ വാഹനങ്ങളുടെ പാർക്കിംഗും വൺവേ തെറ്റിച്ച് വരുന്ന വാഹനങ്ങളും കാരണം കുരുക്ക് അനുഭവപ്പെടുന്നുണ്ട്.
പാലസ് റോഡ് ഞങ്ങളുടേതല്ല: മേയർ
രാമനിലയത്തിന് മുമ്പിൽ പൊളിഞ്ഞ പാലസ് റോഡ് പി.ഡബ്ലിയു.ഡിക്ക് കീഴിലുള്ളതാണെന്ന് മേയർ എം.കെ.വർഗീസ്. പി.ഡബ്ലിയു.ഡിക്ക് തുക വകയിരുത്താനാകാതെ വന്നതിനാൽ കോർപറേഷൻ ഫണ്ട് ഉപയോഗപ്പെടുത്തിയാണ് രണ്ടുഘട്ടങ്ങളിലായി ഒരു ഭാഗം ടൈൽ വിരിച്ചത്. പി.ഡബ്ലിയു.ഡി റോഡ് അറ്റകുറ്റപ്പണികൾ തീർക്കുന്നതിന് സാങ്കേതിക തടസമുണ്ടെന്നും എന്നാൽ കോർപറേഷന് തടസങ്ങൾ മറികടന്ന് ചെയ്യാനാകുമെന്നും മേയർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |