കണ്ണൂർ: സിംഗപ്പൂരിന്റെ വാൻഹായ് 503 കപ്പൽ ദുരന്തത്തിൽപെട്ടത് കണ്ണൂർ അഴീക്കൽ തുറമുഖത്തിന് കേവലം 44 നോട്ടിക്കൽ മൈൽ ദൂരത്തിലായിരുന്നു. തൊട്ടടുത്ത് തുറമുഖമായിട്ടും രക്ഷാപ്രവർത്തനത്തിന് ബേപ്പൂരിനെയും മംഗളൂരുവിനെയും ആശ്രയിക്കേണ്ടി വന്നത്. കണ്ണൂരിന്റെ സ്വന്തം തുറമുഖത്തിന്റെ പരാധീനതയാണ് ഇത് തുറന്നുകാട്ടിയത്. കപ്പലുകൾ അടുക്കാനോ മറ്റ് പ്രവർത്തനങ്ങൾ നടത്താനോ കഴിയാത്ത തരത്തിലാണ് ഇവിടത്തെ തുറമുഖവും അനുബന്ധ സംവിധാനങ്ങളുമെന്ന് തുറന്നുകാട്ടുന്നതായി സിംഗപ്പൂർ കപ്പലിലെ തീപിടിത്തം.
കപ്പൽ അപകടം നടന്ന സ്ഥലത്തു നിന്നും 88 നോട്ടിക്കൽ മൈൽ (162.98 കിലോമീറ്റർ ) ദൂരെയുള്ള ബേപ്പൂരിൽ നിന്നും അതിലും കൂടുതൽ ദൂരത്തുള്ള മംഗലാപുരം തുറമുഖത്തു നിന്നുമാണ് കപ്പലുകൾ എത്തി രക്ഷാ പ്രവർത്തനം നടന്നത്. അഴീക്കലിൽ രക്ഷ പ്രവർത്തനത്തിനുള്ള സജ്ജീകരണങ്ങൾ ഉണ്ടായിരുന്നെങ്കിൽ ഇതിലും വേഗത്തിൽ രക്ഷാദൗത്യം ആരംഭിക്കാമായിരുന്നു.
പരിമിതിയായി ആഴക്കുറവ്
കപ്പലുകൾ അടുക്കാനുള്ള ആഴമില്ലാത്തതാണ് പ്രശ്നത്തിന് കാരണം നാല് മീറ്ററെങ്കിലും ആഴമുണ്ടെങ്കിൽ ചെറിയ കപ്പലുകൾക്ക് തുറമുഖത്ത് നങ്കൂരമിടാൻ സാധിക്കും. എന്നാൽ അഴീക്കൽ തുറമുഖ പ്രദേശത്തെ ആഴം രണ്ട് മീറ്റർ മാത്രമാണ്.മണലടിഞ്ഞ് കിടക്കുന്നതാണ് പ്രദേശത്ത് ആഴം ഇത്രയും കുറയാനുള്ള കാരണമായി അധികൃതർ പറയുന്നത്. തുറമുഖത്തിന് ആഴം നിലനിർത്തി പോകാൻ കൃത്യമായ ഡ്രഡ്ജ്ജിംഗ് നടത്തേണ്ടതുണ്ട്. നാളുകൾക്ക് മുന്നെ ഇവിടെ ഉപയോഗിച്ചിരുന്ന ഡ്രഡ്ജർ മുതലപ്പൊഴിയിലേക്ക് കൊണ്ടു പോയിരുന്നു.
മണൽ നീക്കാൻ കാലതാമസം
മണൽ നീക്കുന്നതിന് അഴീക്കോട്, വളപട്ടണം, പാപ്പിനിശ്ശേരി, കല്യാശ്ശേരി, മാട്ടൂൽ പഞ്ചായത്തുകളോട് മാരിടൈം ബോർഡ് കത്ത് നൽകിയിരുന്നു. മണൽ സംസ്കരിക്കുകയും പാരിസ്ഥിതികാനുമതി ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതിനാലും ഇത് നീണ്ടുപോകുകയാണ്. തുറമുഖം സ്വയം ആഴം കൂട്ടാനുള്ള പ്രവൃത്തി ഏറ്റെടുത്തതും ഫലപ്രാപ്തിയിലെത്തിയിട്ടില്ല.
ബഡ്ജറ്റിലുണ്ട് അഴീക്കൽ വികസനം
ജില്ലയുടെ വികസനത്തിന്റെ നാഴികകല്ലാകേണ്ടിയിരുന്ന തുറമുഖത്തിന് എല്ലാ വർഷവും ഫണ്ട് വകയിരുത്താറുമുണ്ട്. 300 കോടിയോളം ചിലവുള്ള അഴീക്കൽ ഗ്രീൻഫീൽഡ് തുറമുഖത്തിന് ഈ ബഡ്ജറ്റിൽ ഒൻപത് കോടിയാണ് നീക്കിവച്ചത്. കംസ്റ്റംസ് ക്ളിയറൻസ് അടക്കമുള്ള സംവിധാനം ഈ സാമ്പത്തിക വർഷത്തെ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി കഴിഞ്ഞമാസം ഉറപ്പ് നൽകിയിരുന്നു.
ചെറിയ കപ്പലുകൾ അടുപ്പിക്കാനുള്ള പ്രവർത്തനങ്ങളാണ് ആദ്യഘട്ടത്തിൽ നടക്കുക. ഇതിനായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്- പോർട്ട് ഓഫീസ് അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |