ആലപ്പുഴ : ജൽജീവൻ മിഷൻ പ്രകാരം കുടിവെള്ള കണക്ഷനുകൾ ലഭ്യമാക്കിയതിൽ കരാറുകാർക്ക് നൽകാനുള്ളത് ഭീമമായ കുടിശ്ശിക. കഴിഞ്ഞ ഏപ്രിൽ 30 വരെ 4874 കോടി രൂപ നൽകാനുണ്ടെന്നാണ് കേരള ഗവ.കോൺട്രാക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വർഗീസ് കണ്ണമ്പള്ളിക്ക് വിവരാവകാശ നിയമം പ്രകാരം വാട്ടർ അതോറിട്ടി നൽകിയ മറുപടി. ഏപ്രിൽ വരെ 44718.78കോടി രൂപയുടെ പ്രവൃത്തികൾക്കാണ് ഭരണാനുമതി നൽകിയിരുന്നത്.
കേന്ദ്ര,സംസ്ഥാന സർക്കാരുകൾ തുല്യവിഹിതമാണ് പദ്ധതിയിൽ നൽകേണ്ടത്. 2024-ൽ കാലാവധി അവസാനിക്കേണ്ടിയിരുന്ന പദ്ധതി ആദ്യം ഒരുവർഷത്തേക്കും പിന്നീട് 2028 വരെയും ദീർഘിപ്പിച്ചു. കേന്ദ്രസർക്കാർ 5508.92കോടി രൂപയും സംസ്ഥാന സർക്കാർ 5951.89 കോടി രൂപയും മാത്രമേ ഇതുവരെ വിതരണം ചെയ്തിട്ടുള്ളൂ.
ഭരണാനുമതി നൽകിയ പ്രവൃത്തികൾ ദീർഘിപ്പിച്ച പ്രവർത്തന കാലാവധി അവസാനിക്കുന്നതിന് മുമ്പ് പൂർത്തിയാക്കണമെങ്കിൽ കേന്ദ്രം 16848.47 കോടി രൂപയും സംസ്ഥാനം 16425.50കോടി രൂപയും ചെലവഴിക്കണം. സംസ്ഥാന സർക്കാർ ജൽജീവൻ പദ്ധതി നടത്തിപ്പിനായി 2025 - 26 വർഷത്തെ ബഡ്ജറ്റിൽ 560 കോടി രൂപ മാത്രമാണ് വകയിരുത്തിയിട്ടുള്ളത്.
പദ്ധതി പൂർത്തിയാകുന്നത്
2028ൽ
പണം നൽകേണ്ടത് കേന്ദ്ര - സംസ്ഥാന സർക്കാരുകൾ
ആയിരത്തിൽ താഴെ കരാറുകാർക്കാണ് കുടിശ്ശിക നൽകാനുള്ളത്. പണം കിട്ടാതായതോടെ പ്രവൃത്തികൾ പലതും നിലച്ചു.
ജൂൺ 30ന് മുമ്പ് നിലവിലുള്ള കുടിശ്ശിക തീർക്കുകയും ബാക്കി പണം സംബന്ധിച്ച് വ്യക്തത വരുത്തുകയും ചെയ്യണമെന്നാണ് കരാറുകാരുടെ ആവശ്യം
ഇതും പരിഗണിച്ചില്ലെങ്കിൽ നഷ്ടപരിഹാരം ഉൾപ്പെടെ ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് തീരുമാനം
പദ്ധതി പൂർത്തിയാകാത്തതിനെപ്പറ്റി ജനങ്ങളെ ബോദ്ധ്യപ്പെടുത്തുന്നതിനായി വമ്പിച്ച പ്രചരണങ്ങളും സംഘടിപ്പിക്കും
കേന്ദ്ര പദ്ധതിയിൽ കേന്ദ്ര സർക്കാർ ചെലവിട്ടതിനെക്കാൾ പണം കേരളം ഉൾപ്പെടെയുള്ള പല സംസ്ഥാനങ്ങളും ചെലവഴിച്ചു. പദ്ധതി പൂർത്തീകരണത്തിനാവശ്യമായ ഫണ്ട് ഉറപ്പാക്കുന്നതിന് കേന്ദ്ര സർക്കാർ മുൻകൈ എടുക്കണം.- വർഗീസ് കണ്ണമ്പള്ളി, സംസ്ഥാന പ്രസിഡന്റ്,
കേരള ഗവ .കോൺട്രാക്ടേഴ്സ് അസോസിയേഷൻ
.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |