അഹമ്മദാബാദ്: വിമാന ദുരന്തം വല്ലാത്തെ ഞെട്ടലുണ്ടാക്കിയെന്ന് അഹമ്മദാബാദ് ആശുപത്രിയിലുള്ള മലയാളി ഡോക്ടർ എലിസബത്ത് ഉദയൻ. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ആശുപത്രിയിൽ ദുരന്തത്തെക്കുറിച്ച് അറിയിപ്പ് വന്നതെന്ന് എലിസബത്ത് വ്യക്തമാക്കി.
'കുറേ മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലാണ്. ഡി എൻ എ പരിശോധനയിൽ മാത്രമേ ആളുകളെ തിരിച്ചറിയാനാകുകയുള്ളൂ. വിമാനം വീണ ഹോസ്റ്റലിലുണ്ടായിരുന്ന അമ്പതോളം പേർ മരിച്ചിട്ടുണ്ട്. നിരവധി പേരെ കാണാതായി. മരണസംഖ്യ കൂടാൻ ചാൻസ് ഉണ്ട്.
ഇന്നലെ ആശുപത്രികളിൽ നല്ല തിരക്കായിരുന്നു. നാട്ടുകാരും മറ്റും സഹായത്തിനെത്തി. രക്ത ദാനത്തിനായി ഒരുപാട് പേർ വന്നു. അപകടത്തിൽപ്പെട്ട മെഡിക്കൽ വിദ്യാർത്ഥികളിൽ മലയാളികളില്ലെന്നാണ് സൂചന. നമുക്ക് അറിയുന്ന ആളുകൾക്കൊക്കെ അപകടമുണ്ടായെന്നറിയുമ്പോൾ വല്ലാത്ത വിഷമമാണ്.'- എലിസബത്ത് പറഞ്ഞു.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി ഉടൻ അഹമ്മദാബാദിലെത്തും. ആദ്യം അപകടത്തിൽ പരിക്കേറ്റവരെ സന്ദർശിക്കും. അതിനുശേഷമായിരിക്കും ദുരന്തസ്ഥലത്തെത്തുക. അഹമ്മദാബാദിലെ സ്ഥിതിഗതികൾ ആഭ്യന്തര മന്ത്രി അമിത് ഷാ പ്രധാനമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |