സ്നേഹത്തിരകൾ മാത്രം ഇരമ്പിയാർക്കുന്ന തീരം. കാരുണ്യത്തിന്റെ മണൽത്തരികൾ അനാഥത്വത്തിന്റെ സങ്കടങ്ങൾ ഒപ്പിയെടുക്കുന്ന തീരം. ആത്മസമർപ്പണത്തിന്റെ അഗാധതയിൽ നിന്നും വീശുന്ന നനുത്തകാറ്റ് ഹൃദയത്തിൽ സ്വപ്നങ്ങൾ നിറയ്ക്കുന്ന ഇടം. കല്ലുവാതുക്കൽ സമുദ്രതീരം മതേതര വയോജന കേന്ദ്രം. ജീവിതത്തിന്റെ സായന്തനത്തിൽ ഒറ്റപ്പെടലിന്റെ കരിനിഴൽ പടർന്നവർക്കായി ദൈവം സൃഷ്ടിച്ച സ്നേഹതീരം.
കൊല്ലം ജില്ലയിലെ ചാത്തന്നൂരിനടുത്തുള്ള കല്ലുവാതുക്കലാണ് സമുദ്രതീരം മതേതര വയോജനകേന്ദ്രം. വയോജന കേന്ദ്രമെന്നത് സാങ്കേതികനാമം മാത്രമാണ്. അതൊരു സ്നേഹവീടാണ്. സ്നേഹം വറ്റിയവരാൽ ഉപേക്ഷിപ്പെട്ടവരെ ഈശ്വരൻ എത്തിച്ച കൂട്ടുകുടുംബം. അവിടെ ഇപ്പോൾ 41 അച്ഛനമ്മമാരുണ്ട്. അവരെ കൈപിടിച്ച് നടത്താനും തലോടിയുറക്കാനും ഒരു മകനുണ്ട്. സമുദ്രതീരം ചാരിറ്റബിൾ ട്രസ്റ്റിന്റെ ചെയർമാൻ എം. റൂവൽ സിംഗ്. അമ്മമാർക്ക് ഭക്ഷണം വാരി നൽകുന്ന ഒരു മകളുണ്ട്. റൂവൽ സിംഗിന്റെ ഭാര്യ രോഹിണി. പിന്നെ രണ്ടു കൊച്ചുമക്കൾ. റൂവൽ സിംഗിന്റെ മക്കളായ സെനഗലും സമുദ്രയും. പിന്നെ എന്തിനും ഏതിനും ഒപ്പം നിൽക്കുന്ന സഹായികളും.
വീട്ടിൽ നിന്നും പടിയിറക്കപ്പെടുന്നവർ സമുദ്രതീരത്തിന്റെ പടിചവിട്ടുമ്പോൾ കണ്ണീർ മറക്കും. നിങ്ങളെത്തിയാൽ കാണാം, ഇവിടുത്തെ അച്ഛനമ്മമാരുടെ കണ്ണിൽ ഒരു തിളക്കമാണ്. വീട്ടിൽ ഒറ്റപ്പെട്ടിരുന്നവർക്ക് മിണ്ടിപ്പറയാൻ ഒത്തിരിപ്പേർ. ഇവിടെ എപ്പോഴും സംഗീതവുമാണ്. അച്ഛനമ്മമാർക്ക് ഇഷ്ടപ്പെട്ട പാട്ടുകൾ പാടിനൽകാൻ ഒരു ഗായിക തന്നെയുണ്ട്. പിന്നെ പോഷക സമ്പുഷ്ടമായ ആഹാരം, നല്ല കിടക്കകൾ, വസ്ത്രങ്ങൾ സൂക്ഷിക്കാനുള്ള ബെഡ് സൈഡ് ലോക്കറുകൾ,റാംപ് സൗകര്യത്തോടെയുള്ള ശുചിമുറികൾ, ആരോഗ്യ പരിപാലനത്തിന് വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനം, നഴ്സിംഗ് സ്റ്റേഷൻ, യോഗ പരിശീലനം, ഫിസിയോതെറാപ്പി...
വയോജന കേന്ദ്രത്തിനപ്പുറം സാംസ്കാരിക കേന്ദ്രമാണ് സമുദ്രതീരം. ഇവിടെ ഗ്രന്ഥശാല സംഘത്തിന്റെ അംഗീകാരമുള്ള സമുദ്ര ലൈബ്രറി, ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ്, ഫോക്ലോർ അക്കാഡമി, സമുദ്ര വിഷൻ ടി.വി ചാനൽ, കലാപഠന കേന്ദ്രങ്ങൾ എന്നിവയൊക്കെ പ്രവർത്തിക്കുന്നു. അച്ഛനമ്മമാർക്ക് വിരസത അകറ്റാൻ ചന്ദനത്തിരി നിർമ്മാണ യൂണിറ്റടക്കം സ്വയംതൊഴിൽ സംരംഭങ്ങളും.
സമുദ്രതീരത്തിന്റെ പിറവി
കുടുംബ ജീവിതത്തിന്റെ പടിയിറങ്ങേണ്ടി വന്ന വയോജനങ്ങൾക്ക് ഒരു കൂട്ടുകുടുംബമൊരുക്കണമെന്ന എം.റൂവൽസിംഗിന്റെ വലിയ സ്വപ്നത്തിന്റെ സാക്ഷാത്കാരമാണ് സമുദ്രതീരം. പ്രായമായവരെ മരുന്നുകൊണ്ടല്ല, മനസുകൊണ്ട് ചികിത്സിക്കണമെന്ന ചിന്തയാണ് ഇവിടെ യാഥാർത്ഥ്യമാക്കുന്നത്.
2017ൽ റൂവൽസിംഗ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സമുദ്ര ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിച്ചു. രോഗങ്ങളും സാമ്പത്തിക പ്രതിസന്ധിയും അലട്ടിയിരുന്ന അനേകം പേർക്ക് സ്നേഹവും സാന്ത്വനവുമായി സമുദ്ര ചാരിറ്റബിൾ ട്രസ്റ്റ് മാറി.. എന്നാൽ ഓരോ ദിനവും സഹായം അഭ്യർത്ഥിച്ച് എത്തുന്നവരുടെ എണ്ണം കൂടി. അതിൽ ഉറ്റവർ ഉപേക്ഷിച്ചവരുണ്ടായിരുന്നു. ഇതോടെയാണ് വാർദ്ധക്യത്തിൽ ഒറ്റപ്പെട്ടുപോയവർക്ക് അഭയകേന്ദ്രമെന്ന ചിന്തയോടെ റൂവൽസിംഗ് സമുദ്രതീരം മതേതര വയോജന കേന്ദ്രത്തിന് തുടക്കമിട്ടത്. സാധാരണ പോലെയുള്ള ഒരു വൃദ്ധ സദനമായിരുന്നില്ല കാഴ്ചപ്പാട്. തീർത്തും ഗൃഹാന്തരീക്ഷത്തോടെയുള്ള ഒരു വലിയ കൂട്ടുകുടുംബം. അച്ഛനപ്പൂപ്പൻമാരും അമ്മമാരും മുത്തശ്ശിമാരുമൊക്കെ ചേരുന്ന പഴമയുടെ സുഖാന്തരീക്ഷമുള്ള ഒരു അഭയ കേന്ദ്രം. താൻ ജനിച്ചുവീണ പാറയിൽ വീട്ടിൽ അത്യാവശ്യ സൗകര്യങ്ങളൊരുക്കി വയോജന കേന്ദ്രത്തിനായി സജ്ജമാക്കി. അങ്ങനെ 2020 നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ അഞ്ച് അച്ഛനമ്മമാരുമായി സമുദ്രതീരം പ്രവർത്തനം തുടങ്ങി.
അച്ഛനമ്മമാരെ ഏറ്റെടുക്കാനുള്ള അഞ്ഞൂറിൽപ്പരം അപേക്ഷകൾ അഞ്ചുവർഷക്കാലംകൊണ്ട് സമുദ്രതീരത്തിന് ലഭിച്ചു. ഇതിൽ നിന്നും വിശദമായ പരിശോധനകൾ നടത്തി അർഹരെന്ന് കണ്ടെത്തിയവരെ സമുദ്രതീരം ഏറ്റെടുത്തു. അവർ അഭയകേന്ദ്രത്തിൽ എത്താനുണ്ടായ സാഹചര്യം പരിശോധിച്ച്, നിയമ പോരാട്ടങ്ങളും മദ്ധ്യസ്ഥ ചർച്ചകളും നടത്തി 30 പേരെ സ്വന്തം കുടുംബത്തിലേക്ക് തിരികെ എത്തിച്ചു.
വിശേഷ വേളകൾക്കുള്ള
പുണ്യതീരം
ഓരോ കുടുംബങ്ങളിലെയും വിശേഷ അവസരങ്ങളിൽ സമുദ്രതീരത്തിലെ അംഗങ്ങൾക്കൊപ്പം കുറച്ച് സമയം ചെലവഴിക്കാനുള്ള അവസരങ്ങളുമുണ്ട്. വിവിധ വിദ്യാലയങ്ങളിൽ നിന്നും കുട്ടികൾ പൊതിച്ചോറുകളും സ്നേഹവുമായി ഇവിടേക്ക് ഓടിയെത്തും. ആടിയും പാടിയും അവർ ആനന്ദം നിറയ്ക്കും. മുത്തശ്ശിക്കഥകൾക്ക് കാതുകൊടുക്കും. ജീവിതപാഠങ്ങൾ നിറഞ്ഞ അനുഭവ കഥകൾ. പാടത്തും പറമ്പിലും പൊന്നുവിളയിച്ച അദ്ധ്വാനകഥകൾ, മുണ്ടുമുറുക്കിയുടുത്ത് വിശപ്പിനെ തോൽപ്പിച്ച സഹനകഥകൾ, അങ്ങനെ പുതു തലമുറയിലേക്ക് സ്നേഹത്തിന്റെ വിത്തുവിതക്കാനും ഈ സംരംഭത്തിന് കഴിയുന്നുണ്ട്. പകൽനേരം പൂർണമായും സമുദ്രതീരത്തിന്റെ വാതിൽ തുറന്നുതന്നെ കിടക്കും. ആർക്കും ഇവിടേക്ക് കടന്നുവരാം.
സമുദ്രതീരം വളരുന്നു...
റൂവൽസിംഗിന്റെ കടം പെരുകുന്നു
അഭയകേന്ദ്രത്തിലെ അംഗങ്ങളുടെ എണ്ണം ഉയർന്നതോടെ സത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം പുതിയ മന്ദിരം അനിവാര്യമായി. ഇതോടെ സമുദ്രതീരത്തിന്റെ വിളിപ്പാടകലെ പതിനഞ്ചര ലക്ഷം രൂപയ്ക്ക് റൂവൽ സിംഗ് ഭൂമി വാങ്ങി. അതിൽ അഞ്ച് നിലകളുള്ള കെട്ടിട സമുച്ചയം വിഭാവനം ചെയ്തപ്പോൾ നല്ലമനസുകളുടെ പ്രോത്സാഹനം ഉണ്ടായി. ഇപ്പോൾ 21 മുറികളുള്ള രണ്ട് നില കെട്ടിടം പൂർത്തിയാപ്പോൾ 3.50 കോടി ചെലവായി. അതിൽ 44 ലക്ഷം സുമനസുകൾ നൽകി. ബാക്കി മൂന്ന് കോടിയിലേറെ രൂപ റൂവൽ സിംഗ് വിവിധ ബാങ്കുകളിൽ നിന്നായി വായ്പയെടുത്തതാണ്. പിന്നെ സമുദ്രതീരത്തിന്റെ നടത്തിപ്പിനായി എടുത്തതടക്കം നാല് ബാങ്കുകളിലായി മൂന്നരക്കോടി രൂപ കടമുണ്ട്. രണ്ട് നിലയിൽ എത്തിനിൽക്കുന്ന പുതിയ കെട്ടിടം കൂടുതൽ പേർക്ക് അഭയമൊരുക്കാൻ അഞ്ച് നിലയാക്കണമെന്ന സ്വപ്നം സഫലമാക്കണമെങ്കിൽ അഞ്ച് കോടി രൂപ കൂടി വേണം. പക്ഷെ അതിനായി വായ്പയെടുക്കാൻ ഈട് നൽകാൻ റൂവൽസിംഗിന്റെ പക്കൽ ഇനിയൊന്നുമില്ല. എങ്കിലും സ്വപ്നം ഉപേക്ഷിച്ചിട്ടില്ല. ഏതെങ്കിലും സുമനസുകൾ സഹായവുമായി എത്തുമെന്നാണ് പ്രതീക്ഷ.
ആത്മ സമർപ്പണത്തിന്റെ
ആൾരൂപമായി റൂവൽ സിംഗ്
കണ്ണീരുപ്പുകലർന്ന ബാല്യവും കഠിനമായി അദ്ധ്വാനിച്ചിട്ടും നിരന്തരം പരാജയപ്പെട്ട കൗമാരവുമാണ് റൂവൽസിംഗിന്റെ ഹൃദയത്തെ കരുണാർദ്രമാക്കിയത്. തന്നെപ്പോലെ ഒരു കുട്ടിയുടെയും സ്വപ്നങ്ങൾ വഴിയിൽ തകരരുത്. തന്റെ അമ്മയെപ്പോലെ ഒരു സ്ത്രീയും കണ്ണീർ കുടിക്കരുതെന്ന ചിന്തയാണ് അദ്ദേഹത്തെ നയിക്കുന്നത്.
റൂവൽ സിംഗിന് ഓർമ്മ വയ്ക്കും മുന്നേ അച്ഛൻ ഉപേക്ഷിച്ചുപോയി. അമ്മ ബി. സുധ കശുഅണ്ടി തൊഴിലാളിയായിരുന്നു. കശുഅണ്ടി ഫാക്ടറിയിലെ പണികഴിഞ്ഞ് കരിങ്കല്ലടിയ്ക്കാനും പോയാണ് സുധ കുടുംബം പോറ്റിയത്. ദേശീയപാതയുടെ ഓരത്തായി അന്ന് വലിയൊരു പാറമലയുണ്ടായിരുന്നു. മുണ്ടുമുറുക്കി പണിയെടുത്ത് കുടുംബം പോറ്റുന്ന അമ്മയ്ക്ക് കൈത്താങ്ങാകാൻ ആറാം ക്ളാസിൽ പഠിക്കുമ്പോൾത്തന്നെ റൂവൽസിംഗും കരിങ്കൽ ക്വാറിയിലെ തൊഴിലാളിയായി. സ്കൂളിൽ നിന്നും മടങ്ങിയെത്തി മെറ്റലടിച്ചു കൂട്ടിക്കഴിഞ്ഞാൽ സമീപത്തെ ഐസ് ഫാക്ടറിയിലേക്ക് വെള്ളം കോരിക്കൊടുക്കുന്ന ജോലിയും കുഞ്ഞു റൂവൽസിംഗ് ഏറ്റെടുത്തു.
ഞായറാഴ്ചകളിൽ പാറക്കുളത്തിൽ വാഹനങ്ങൾ കഴുകി. ചെറിയ വാഹനങ്ങൾ കഴുകി നൽകുമ്പോൾ രണ്ട് രൂപ കിട്ടും. ലോറി കഴുകിയാൽ പത്ത് രൂപയും. നാലുമുതൽ ആറുപേർ വരെയുള്ള കുട്ടിസംഘമായിട്ടാണ് വാഹനം കഴുകുന്നത്. കൂലി കിട്ടുമ്പോൾ വീതിച്ചെടുക്കും. റൂവൽസിംഗ് പത്താം ക്ളാസിലെത്തിയപ്പോഴേക്കും ക്വാറിയിൽ കൂടത്തിന് പാറപൊട്ടിക്കുന്ന പ്രധാന തൊഴിലാളിയായി മാറി. കുളത്തിൽ നിന്നും തലച്ചുമടായി പാറ തലയിൽ ചുമന്ന് റോഡിലെത്തിയ്ക്കുന്ന കഠിന ജോലികളും ചെയ്തു.
കഠിനമായി അദ്ധ്വാനിക്കുന്നതിനിടയിലും റൂവൽസിംഗ് പഠനത്തിൽ പിന്നിൽ പോയില്ല. രാത്രി ഏറെ വൈകിയും ഉറക്കമിളച്ചിരുന്ന് പഠിക്കുന്ന റുവൽസിംഗ് അദ്ധ്യാപകർക്ക് പ്രിയപ്പെട്ടവനായിരുന്നു. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പത്താം ക്ളാസ് പരീക്ഷയുടെ തലേന്ന് അമ്മയ്ക്ക് പാമ്പുകടിയേറ്റു. മരണത്തോട് മല്ലടിച്ച അമ്മയുമായി മൂന്നുമാസക്കാലം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നതിനാൽ പരീക്ഷയെഴുതാനായില്ല. ചികിത്സ കഴിഞ്ഞ് അമ്മയുമായി വീട്ടിലേക്ക് മടങ്ങിയെത്തി കുടുംബത്തിന്റെ ചുമതല റൂവൽസിംഗ് ഏറ്റെടുത്തു. തട്ടിന്റെ പണിയ്ക്കും മൈക്കാടുപണിക്കും പോയി. പാറ ലോഡിംഗ് തൊഴിലാളിയായും മുള്ളുവേലിയുടെ പണിക്കാരനായും കല്ലുവാതുക്കലിലെ ഓട്ടോ ഡ്രൈവറായും തൊഴിലിടങ്ങൾ മാറി.
തൊഴിൽതേടി
നാടുവിട്ടു
ഇടയ്ക്ക് നാട്ടിലെ കഷ്ടപ്പാടുകൾക്ക് അവധി നൽകി ഗുജറാത്തിലേക്ക് വണ്ടികയറി. തുച്ഛമായ വരുമാനവുമായി കൺസ്ട്രക്ഷൻ ഫീൽഡിലായിരുന്നു തൊഴിൽ. നാല്പത് രൂപ ശമ്പളവും അൻപത് രൂപ ദിവസ ചെലവുമായി രണ്ടര വർഷക്കാലത്തെ കഠിന ജീവിതം കടബാദ്ധ്യതകൾ സൃഷ്ടിച്ചു. എന്നാൽ കെട്ടിട നിർമ്മാണത്തിന്റെ സാങ്കേതിക വശങ്ങളെല്ലാം പഠിച്ച് നാട്ടിലേക്ക് മടങ്ങി കൺസ്ട്രക്ഷൻ രംഗത്ത് കാൽവച്ചു. അങ്ങനെ സമുദ്ര കൺസ്ട്രക്ഷൻ കമ്പനി പടുത്തുയർത്തി. സമുദ്ര കൺസ്ട്രക്ഷൻസ് ആയിരക്കണക്കിന് വീടുകളും ഷോപ്പിംഗ് കോംപ്ളക്സുകളും സ്കൂൾ കെട്ടിടങ്ങളും ഇതിനകം നിർമ്മിച്ചു. മുപ്പതിൽപ്പരം സൈറ്റുകളിൽ ഒരേ സമയം നിർമ്മാണ ജോലികൾ നടക്കുമ്പോഴും കെട്ടിട നിർമ്മാണങ്ങളുടെ എൻജിനിയറും സൂപ്പർവൈസറുമടക്കം പ്രധാന ജോലികളെല്ലാം റുവൽസിംഗ് സ്വയം ഏറ്റെടുത്തു. ഇതിനിടയിൽ ഡയറി ഫാമും തടിമില്ലും വെൽഡിംഗ് ഷോപ്പും ഫർണിച്ചർ ഷോപ്പും നടത്തി.
നന്മകളായി
മാറിയ സങ്കടങ്ങൾ
പാമ്പ് കടിയേറ്റ അമ്മയെയും കൊണ്ട് ആശുപത്രിയിലേക്ക് പോകാൻ വാഹനം ലഭിക്കാനുണ്ടായ ബുദ്ധിമുട്ട് റൂവൽസിംഗ് മറന്നില്ല. ഈ ദുരവസ്ഥ മറ്റൊരാൾക്ക് ഉണ്ടാകാതിരിക്കാനാണ് റൂവൽ ആംബുലൻസ് വാങ്ങി സൗജന്യ സർവീസ് നടത്തുന്നത്. രോഗികളുമായി ചീറിപ്പായുന്ന ആംബുലൻസിന് ഇന്നേവരെ ഇന്ധന ചെലവിനുപോലും ഒരു രൂപ വാങ്ങിയിട്ടില്ല. അച്ഛനുപേക്ഷിച്ചുപോയപ്പോഴും അമ്മൂമ്മയായിരുന്നു വീടിന്റെ കരുതലും സ്നേഹവും. കാഴ്ച മങ്ങി പിന്നെ ഇരുട്ട് മാത്രമായ അമ്മൂമ്മയുടെ കണ്ണുകൾ എന്നും റൂവൽസിംഗിന് വേദനയായിരുന്നു. ആ സങ്കടം തീർക്കാൻ തിരുനൽവേലി അരവിന്ദ് കണ്ണാശുപത്രിയുമായി സഹകരിച്ച് സൗജന്യ നേത്ര ചികിത്സാ ക്യാമ്പുകൾ എല്ലാ മാസവും സംഘടിപ്പിക്കുന്നു. ഇതിനകം ദൂരെനാടുകളിൽ നിന്നുൾപ്പടെ ഇരുപതിനായിരത്തിലധികംപേർ ഈ ക്യാമ്പുകളിൽ പങ്കെടുത്ത് നേത്ര ശസ്ത്രക്രിയ നടത്തി.
കുട്ടിക്കാലത്ത് അനുഭവിച്ച ദാരിദ്ര്യത്തിന്റെ സങ്കടം മായ്ക്കാൻ ഇപ്പോഴും കുട്ടികൾക്ക് പഠനോപകരണങ്ങളും വസ്ത്രങ്ങളും നൽകുന്നു. ചുമട്ടു തൊഴിലാളിയായും ഓട്ടോ ഡ്രൈവറായുമുള്ള ജീവിതത്തിന്റെ ഓർമ്മയ്ക്ക് കല്ലുവാതുക്കലിലെ ചുമട്ടുതൊഴിലാളികൾക്കും ഓട്ടോ ഡ്രൈവർമാർക്കും സൗജന്യമായി യൂണിഫോം നൽകുന്നു. നിർധനർക്ക് ചികിത്സാ സഹായം, ഭവന നിർമ്മാണ സഹായം, തയ്യൽ മെഷീൻ വിതരണം, ഓണക്കിറ്റ് വിതരണം, വിവാഹ ധനസഹായങ്ങൾ, വിദ്യാലയങ്ങളിൽ പത്രവിതരണം, ഇങ്ങനെ നീളുന്ന റൂവൽസിംഗിന്റെ നന്മയുടെ വഴിയിലൂടെയുള്ള സഞ്ചാരം.
അപകടത്തിൽ പരിക്കേറ്റ സുഹൃത്തിന്റെ പിതാവുമായി ഒരിക്കൽ റൂവൽ സിംഗ് പാരിപ്പള്ളി മെഡിക്കൽ കോളേജിലെത്തി. ചോരയിൽ കുതിർന്ന വസ്ത്രത്തിന് പകരം മറ്റൊന്നിനായി റൂവൽസിംഗ് ആ രാത്രി ആശുപത്രി പരിസരമാകെ ഓടിനടന്നിട്ടും കിട്ടിയില്ല. അപകടത്തിൽ പരിക്കേറ്റ് എത്തുന്ന അധികംപേരുടെയും സ്ഥിതി ഇതുതന്നെയാണെന്ന് മനസിലാക്കി. ഇതോടെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാഷ്വാലിറ്റി സെക്ഷനിലെ സെക്യൂരിറ്റി ലോഞ്ചിനുള്ളിലായി ഒരു പുതുവസ്ത്ര അലമാര സ്ഥാപിച്ചത്. ആവശ്യാനുസരണം പുത്തൻ വസ്ത്രങ്ങൾ റൂവൽസിംഗ് ഈ അലമാരയിൽ നിറച്ചുകൊണ്ടിരുന്നു. അപകടത്തിൽ പരിക്കേറ്റവർക്കായി ഇവിടെ നിന്നും പുതുവസ്ത്രങ്ങൾ സൗജന്യമായി എടുക്കാം. ഇടയ്ക്കിടെ സമുദ്ര ട്രസ്റ്റ് പ്രവർത്തകരെത്തി പകരം വസ്ത്രങ്ങൾ നിറയ്ക്കും.
കരുണ പെയ്യണേ ദൈവമേ...
സമുദ്രതീരത്തിൽ എത്തുന്നവർ ഹൃദയം തുറന്നു പ്രാർത്ഥിക്കും. ഈ കാരുണ്യ തീരത്ത് കരുണ പെയ്യണേയെന്ന്... റൂവൽസിംഗിന് ഇനിയും കടം പെരുകാതിരിക്കാൻ സുമനസുകളുടെ കാരുണ്യം സമുദ്രതീരത്തിൽ ചൊരിയണേയെന്ന്...
പുതിയ കെട്ടിടം അഞ്ചു നിലയാക്കണം. പൂർത്തിയായ കെട്ടിടത്തിൽ കട്ടിലുകളും അലമാരകളും ഫാനുകളും വേണം. നിലവിലെ കുടുംബാംഗങ്ങളുടെ ഭക്ഷണം, മരുന്ന്, ചികിത്സ തുടങ്ങിയവയ്ക്കായി മാസം പത്തുലക്ഷം രൂപ വേണം. വളരെ കുറച്ച് ദിവസങ്ങളിലെ സുമനസുകൾ ഭക്ഷണം എത്തിക്കു. എല്ലാമാസവും ചെലവിന്റെ വലിയൊരു ഭാഗവും റൂവൽസിംഗ് കടം വാങ്ങിയാണ് വഹിക്കുന്നത്. കടം വീട്ടനാണ് ഭൂമികൾ ഓരോന്നും പണയം വച്ചത്. ഇതൊക്കെ പറയുമ്പോൾ റൂവൽ സിംഗിന്റെ കണ്ണ് നിറയുന്നുണ്ട്. എങ്കിലും കണ്ണുകളിൽ ഒരു ധൈര്യമുണ്ട്. ദൈവം ഒപ്പമുണ്ടെന്ന ഉറപ്പ് നൽകുന്ന ധൈര്യം.
സമുദ്രതീരം
സെക്കുലർ ഓൾഡേജ് ഹോം
കല്ലുവാതുക്കൽ, കൊല്ലം
ഫോൺ : 9446909911,6235100020
www.samudratheeram.org
samudratheeram2020@gmail.com
Bank Account
12590200002521
Federal bank
FDRL0001259
Kalluvathukkal Branch
സംഭാവനകൾ നൽകുന്നവർക്ക് 80G പ്രകാരമുള്ള നികുതി ഇളവ് ലഭിക്കും.
വിദേശ സംഭാവനകൾ സ്വീകരിക്കുന്നതിന് FCRA അക്കൗണ്ട് ലഭ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |