നമ്മുടെ ജീവിതയാത്ര വഴുക്കലുള്ള ഒറ്റത്തടിപ്പാലത്തിലൂടെ നടക്കുന്നതുപോലെയാണ്. അതിലെ നടക്കുന്ന ഒരോരുത്തരും തന്റെ ചുവട് ശ്രദ്ധയോടെ വച്ചില്ലെങ്കിൽ വഴുതി വീഴും. ഇതുപോലെ ജീവിതയാത്രയിലും നമ്മൾ നിരന്തരം ജാഗ്രത പുലർത്തണം. ഓരോ വാക്കും പ്രവൃത്തിയും ശ്രദ്ധയോടെയും ബോധത്തോടെയും ആയിരിക്കണം. അശ്രദ്ധയോടെയുള്ള ഒരു വാക്ക് അല്ലെങ്കിൽ പ്രവൃത്തി മതി വലിയ ദുരന്തത്തിന് കാരണമാകാൻ.
പാഞ്ചാലിയുടെ ഒരു വാക്കാണ് മഹാഭാരതയുദ്ധത്തിന് കാരണമായത്. അതിനാൽ ചിന്തയിലും വാക്കിലും പ്രവൃത്തിയിലും നിയന്ത്രണം അത്യാവശ്യമാണ്. ആത്മനിയന്ത്രണത്തിന് വ്രതങ്ങളും ആദ്ധ്യാത്മികസാധനകളും സഹായിക്കും. മൗനവ്രതം, ഉപവാസം മുതലായവ അനുഷ്ഠിക്കുന്നതിലൂടെ മനസിന് ജാഗ്രതയുണ്ടാകുന്നു. അമിതമായി സംസാരിക്കുന്ന ശീലമുള്ള ശിഷ്യനോട് ആഴ്ചയിലൊരിക്കലോ അല്ലെങ്കിൽ കുറച്ചു ദിവസത്തേക്കോ മൗനമെടുക്കാൻ ഗുരു ആവശ്യപ്പെട്ടെന്നിരിക്കും. കുറേനാൾ മൗനവ്രതം ശീലിച്ചാൽ അയാൾ പഴയതുപോലെ അമിതമായി സംസാരിക്കില്ല. ആവശ്യത്തിനു മാത്രമേ സംസാരിക്കുകയുള്ളൂ. മാത്രമല്ല മറ്റുള്ളവരുടെ വാക്കുകളോട് പ്രതികരിക്കുന്നതും ശ്രദ്ധാപൂർവ്വമായിരിക്കും. മൗനവ്രതകാലത്ത് പാലിച്ച ആത്മനിയന്ത്രണമാണ് ഇതിനു കാരണം. അതിന്റെ ഫലമായി അയാളുടെ മനസിനു കുറച്ചു കൂടി സൂക്ഷ്മത കൈവന്നിട്ടുണ്ടാവും. മൗനം അത്രമാത്രം മഹത്ത്വമുള്ളതാണെങ്കിൽ ഊമകളുടെ മനസും വളരെ ജാഗ്രതയുള്ളതാകേണ്ടതല്ലേ, അവർക്കൊക്കെ മോക്ഷം കിട്ടേണ്ടതല്ലേ എന്നു ചിലർ സംശയിക്കാം. ഊമയും മൗനവ്രതമെടുക്കുന്നയാളും പുറമെ കാണുമ്പോൾ വ്യത്യാസമില്ല. രണ്ടുപേരും മിണ്ടുന്നില്ല. പക്ഷേ, ഊമയുടെ മൗനവും മൗനവ്രതക്കാരന്റെ മൗനവും തമ്മിൽ വ്യത്യാസമുണ്ട്. ഊമയുടെ മൗനം സ്വാഭാവികമായുള്ളതാണ്, സംസാരിക്കാൻ കഴിയാത്തതുകൊണ്ടുള്ള നിശബ്ദതയാണത്. അതു നിസഹായതയാണ്. എന്നാൽ മൗനവ്രതം എടുത്തിരിക്കുന്നയാൾക്കു സംസാരശക്തിയുണ്ട്. വ്രതം അനുഷ്ഠിക്കുന്നതിലൂടെ അയാൾ സ്വന്തം നാവിനെയും മനസിനെയും നിയന്ത്രിക്കുകയാണു ചെയ്യുന്നത്. അതിലൂടെ അയാളുടെ മനശക്തിയും ആത്മനിയന്ത്രണവും വളരുന്നു.
സംസാരത്തിൽ നിയന്ത്രണമില്ലാത്തവർ ആഴ്ചയിൽ ഒരു ദിവസമെങ്കിലും മൗനം എടുക്കുന്നതു നല്ലതാണ്. ഒരു റിമോട്ട് കൺട്രോൾ പോലെ, മനസിനെ ചൊല്പടിയിൽ നിറുത്താനും ഊർജ്ജം സംരക്ഷിക്കാനും ഇത്തരം വ്രതങ്ങൾ ഉപകരിക്കും. ആവശ്യമില്ലാതെ സംസാരിക്കുമ്പോൾ നാമറിയാതെ ശക്തി ചോർന്നുപോകുന്നു. അമിതമായി സംസാരിക്കുമ്പോഴും കോപിക്കുമ്പോഴുമെല്ലാം ഓരോ രോമകൂപത്തിലൂടെയും ഊർജ്ജം നഷ്ടമാകുന്നുണ്ട്. മൗനവ്രതത്തിലൂടെ ഈ ഊർജ്ജനഷ്ടം ഒഴിവാക്കാം.
കൊച്ചുകുട്ടികൾ ലെൻസുപയോഗിച്ചു പഞ്ഞി കരിക്കുന്നതു കണ്ടിട്ടല്ലേ? സൂര്യപ്രകാശം ലെൻസിലൂടെ കടന്നു പോകുമ്പോൾ സൂര്യരശ്മികൾ ഒരു ബിന്ദുവിൽ കേന്ദ്രീകരിക്കുന്നു. അവയുടെ തീവ്രത വർദ്ധിക്കുന്നു. അതുപോലെ, മനസിനെ മൗനമാക്കി നിറുത്തുമ്പോൾ, മനഃശക്തി സംഭരിക്കാനാകും. മറിച്ച്, നിയന്ത്രണമില്ലാത്ത പലതരം ചിന്തകളിലൂടെ സഞ്ചരിക്കാൻ മനസിനെ അനുവദിച്ചാൽ നമ്മുടെ ഊർജ്ജം പാഴായിപ്പോയി, മനശക്തി നഷ്ടമാകും. ഒരാളിന് എത്രമാത്രം ജാഗ്രതയുണ്ടോ അത്രമാത്രം ജീവിതവിജയവുമുണ്ടാകും. എല്ലാ ആദ്ധ്യാത്മിക സാധനകളും നമ്മുടെ ബോധതലം ഉണർത്തുവാനും ഉയർത്തുവാനും വേണ്ടിയുള്ളതാണ്. ഓരോ ചിന്തയിലും പ്രവൃത്തിയിലും ജാഗ്രത പുലർത്താൻ കഴിഞ്ഞാൽ, മനസും ശരീരവും നമ്മുടെ നിയന്ത്രണത്തിലാകും. ജീവിതത്തിൽ വിജയവും സുഖവും ശാന്തിയും കൈവരികയും ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |