ഡോക്ടറായ യുവാവ് പരാതിക്കാരൻ
കൊച്ചി: ഗൂഢാലോചന നടത്തി ഗർഭച്ഛിദ്രം നടത്തിയെന്ന ഭർത്താവിന്റെ പരാതിയിൽ ഭാര്യയെ ഒന്നാം പ്രതിയാക്കി പൊലീസ് കേസ്. ഗർഭച്ഛിദ്രം നടത്തിയ ഡോക്ടറാണ് രണ്ടാം പ്രതി. കോടതി നിർദ്ദേശപ്രകാരം രജിസ്റ്റർചെയ്ത കേസിൽ കൊച്ചി സിറ്റി പൊലീസ് അന്വേഷണം തുടങ്ങി. ഈ മാസം ആറിനാണ് 'ഗർഭച്ഛിദ്ര കേസ്' പൊലീസിന് മുന്നിലെത്തിയത്. പരാതിക്കിടയാക്കിയ ഗർഭച്ഛിദ്രം നടന്നത് 2020 സെപ്തംബറിൽ നഗരത്തിലെ പ്രമുഖ ആശുപത്രിയിലാണ്. പരാതിക്കാരനും പ്രതികളും ഡോക്ടർമാരാണ്. ആകെക്കൂടി പൊലീസിന് പുലിവാലായി കേസ്.
എറണാകുളം സ്വദേശിയായ 37കാരനാണ് പരാതിക്കാരൻ. പത്തനംതിട്ട സ്വദേശിനിയാണ് ഭാര്യ. രണ്ടാം പ്രതിയായ ഡോക്ടർ ഇപ്പോൾ ആശുപത്രിയിൽ ജോലിയിലില്ല. ദാമ്പത്യപ്രശ്നങ്ങളുടെ തുടർന്നാണ് കേസും പുക്കാറും. താൻ അറിയാതെ ഭാര്യ ഡോക്ടറുമായി ഗൂഢാലോചന നടത്തി ഗർഭച്ഛിദ്രം നടത്തിയെന്നാണ് ഭർത്താവിന്റെ പരാതി. നാലര വർഷം മുമ്പ് നടന്ന സംഭവത്തിൽ പരാതിയുമായി ഭർത്താവ് നേരത്തെയും പൊലീസിനെ സമീപിച്ചിരുന്നു. അന്ന് ഇരുവരെയും വിളിച്ചിരുത്തി പ്രശ്നങ്ങൾ പറഞ്ഞു തീർക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഭ്രൂണ വളർച്ചയിലെ പ്രശ്നങ്ങൾ മൂലം ഭർത്താവിന്റെ അനുമതിയോടെ ഗർഭച്ഛിദ്രം നടത്തിയെന്നാണ് അന്ന് ഭാര്യ പൊലീസിനെ അറിയിച്ചത്. ദാമ്പത്യപ്രശ്‌നമാണ് വീണ്ടും പരാതിക്ക് വഴിതുറന്നതെന്നാണ് പൊലീസ് കരുതുന്നത്. ഗൗരവത്തോടെയാണ് കേസ് അന്വേഷിക്കുന്നതെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
അന്വേഷണ വെല്ലുവിളി
നാലര വർഷം മുമ്പ് നടന്ന സംഭവത്തിൽ കരുതലോടെയാണ് അന്വേഷണം. പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തും. ശേഷം പ്രതികളുടെയും. മൊഴികളും തെളിവുകളും വിശദമായി പരിശോധിച്ചതിന് ശേഷമേ തുടർ നടപടികളിലേക്ക് കടക്കൂ. കണ്ടെത്തൽ കോടതിയിൽ റിപ്പോർട്ടായി നൽകും.
നിയമം ഇങ്ങനെ
മെഡിക്കൽ ടെർമിനേഷൻ ഒഫ് പ്രഗ്നസി ആക്ട് അനുസരിച്ച് സ്ത്രീ വിവാഹിതയാണെങ്കിലും അല്ലെങ്കിലും സ്വന്തം ഗർഭം അലസിപ്പിക്കാൻ സ്വയം തീരുമാനിക്കാം. ഇഷ്ടമില്ലാത്ത ഗർഭം തുടരാൻ നിർബന്ധിക്കാനാകില്ലെന്നാണ് സുപ്രീം കോടതി വിധി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |