തിരുവനന്തപുരം: കേരളത്തിന്റെ ദീർഘകാല ആവശ്യമായ അങ്കമാലി-ശബരി റെയിൽ പാത യാഥാർത്ഥ്യമാക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനിവൈഷ്‌ണവ് മുഖ്യമന്ത്രിക്ക് ഉറപ്പുനൽകിയെങ്കിലും പുതിയ ഉപാധിയുമായി റെയിൽവേ രംഗത്ത് എത്തി. അങ്കമാലി മുതൽ എരുമേലി വരെ മുഴുവൻ ഭൂമിയും ഏറ്റെടുത്തു നൽകിയാലേ നിർമ്മാണം ആരംഭിക്കൂ എന്നാണ് അറിയിച്ചിരിക്കുന്നത്.
ഒറ്റഘട്ടമായി നിർമ്മാണം പൂർത്തിയാക്കണമെന്നും ഭാഗികമായുള്ള കമ്മിഷനിംഗ് സാദ്ധ്യമല്ലെന്നും ദക്ഷിണ റെയിൽവേയുടെ ചീഫ് അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ (കൺസ്ട്രക്ഷൻ) ഗതാഗത സെക്രട്ടറിക്ക് ചൊവ്വാഴ്ച കത്ത് നൽകി.
സർവേ നടത്തി കല്ലിട്ട അങ്കമാലി മുതൽ രാമപുരം വരെ ഒന്നാംഘട്ടമായി നടപ്പാക്കണമെന്നാണ് കേരളം ആവശ്യപ്പെട്ടത്. രാമപുരം മുതൽ എരുമേലിവരെ രണ്ടാം ഘട്ടമായി പൂർത്തിയാക്കാമെന്നും നിർദേശിച്ചിരുന്നു. ഇത് പ്രകാരമായിരുന്നു ഏഴു കിലോമീറ്ററോളം നിർമ്മാണം അങ്കമാലി മുതൽ നടത്തിയത്. 2019ൽ പദ്ധതി മരവിപ്പിച്ചതിനാൽ മുന്നോട്ടുപോയില്ല.
റെയിൽവേ ഇതുവരെ മുടക്കിയ തുകയും ഭൂമിയേറ്റെടുക്കലിന് സംസ്ഥാനം മുടക്കുന്ന തുകയും ശബരിപാത നിർമ്മാണത്തിൽ റെയിൽവേയുടെയും സംസ്ഥാനത്തിന്റെയും വിഹിതമായി കണക്കാക്കുമെന്നും ചീഫ് അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസറുടെ കത്തിലുണ്ട്.
സംസ്ഥാനം മുടക്കുന്ന തുക വായ്പാ പരിധിയിൽ നിന്നൊഴിവാക്കണമെന്നാണ് കേരളം ആവശ്യപ്പെടുന്നത്. അത് സാദ്ധ്യമല്ലെന്ന് മേയ് 29ന് റെയിൽവേ സർക്കാരിനെ അറിയിച്ചിരുന്നു. ഉപാധികൂടാതെ സമ്മതം നൽകണം.
നേരത്തേ പദ്ധതിയുടെ 50% നൽകണമെന്ന് നിർദ്ദേശിച്ചെങ്കിലും പദ്ധതി പൂർത്തിയാവുന്നതിനിടെ തവണകളായി നൽകിയാൽ മതിയാവുമായിരുന്നു.
204 ഹെക്ടർ വേണം
കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലായി 204ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. എറണാകുളം മേഖലയിലെ 152ഹെക്ടറിൽ 24.4ഹെക്ടർ നേരത്തേ ഏറ്റെടുത്തിട്ടുണ്ട്.
ഇടുക്കിയിൽ ആവശ്യമായ ഭൂമിയും കോട്ടയത്ത് രാമപുരംവരെയും കല്ലിട്ട് തിരിച്ചിട്ടുണ്ട്. ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, എരുമേലി മേഖലയിൽ മാപ്പിംഗ് നടത്തിയെങ്കിലും കല്ലിടലും പഠനങ്ങളും നടത്തണം.
₹3801കോടി
ശബരിപ്പാതയുടെ
നിർമ്മാണചെലവ്
1400 കോടി:
സ്ഥലം ഏറ്റെടുക്കാൻ
കേരളം മുടക്കേണ്ടത്
₹1900കോടി
സംസ്ഥാന സർക്കാർ
വഹിക്കേണ്ട മൊത്തം തുക
( സ്ഥലം ഏറ്റെടുക്കൽ ഉൾപ്പെടെ )
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |