ചേർത്തല : തൊഴിലുറപ്പ്പദ്ധതിയിൽ സാമ്പത്തിക തിരിമറി നടത്തിയെന്ന രാതിയിൽ ഗ്രാമപഞ്ചായത്തംഗത്തിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. ചേന്നംപള്ളിപ്പുറം ഗ്രാമപഞ്ചായത്ത് 16ാം വാർഡംഗം നൈസി ബെന്നിക്ക് എതിരെയാണ് ചേർത്തല പൊലീസ് കേസെടുത്തത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.സുധീഷ് ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയിലാണ് നടപടി. നേരത്തെ, തിരിമറി ഓംബുഡ്സ്മാൻ കണ്ടെത്തിയ ഘട്ടത്തിൽ പഞ്ചായത്തംഗം പണം പലിശസഹിതം തിരിച്ചടച്ചിരുന്നു.
16ാം വാർഡിലെ തട്ടാംപറമ്പ് - പുലിപ്ര ഷാലിമാർ റോഡ് നിർമ്മാണത്തിൽ തിരിമറി നടന്നതായാണ് പരാതി. മസ്റ്റർറോളിൽ പേരുള്ളവരിൽ ജോലിചെയ്യാത്തവരുടെ ഒപ്പിട്ട് വ്യാജരേഖ ചമച്ച് പണംതട്ടിയെന്നും തൊഴിലാളികളുടെ അക്കൗണ്ടിലെത്തിയ പണം കൈക്കലാക്കിയതായുമുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. എൽ.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി തൊഴിലുറപ്പ് പദ്ധതി ഓംബുഡ്സ്മാനും വിജിലൻസിനും നൽകിയ പരാതിയെതുടർന്നു നടന്ന അന്വേഷണത്തിലാണ് ക്രമക്കേടുകൾ കണ്ടെത്തിയത്. ഇതു പ്രകാരം ഓംബുഡ്സ്മാൻ നിർദ്ദേശിച്ച പ്രകാരം പഞ്ചായത്തംഗം 12 ശതമാനം പലിശസഹിതം 25,849 രൂപ 2024 ഓഗസ്റ്റിൽ തിരിച്ചടച്ചിരുന്നു.ഇതിനു ശേഷമാണ് പഞ്ചായത്ത് കമ്മിറ്റി വിഷയം പരിഗണിച്ച് ക്രിമിനൽ നിയമനടപടിക്ക് പൊലീസിൽ പരാതി നൽകിയത്. അംഗത്തെ അയോഗ്യയാക്കണമെന്നുള്ള പഞ്ചായത്ത് കമ്മിറ്റിയുടെ പരാതി തിരഞ്ഞെടുപ്പ് കമീഷന്റെ പരിഗണനയിലാണ്.
അയോഗ്യയാക്കണം : എൽ.ഡി.എഫ്
തൊഴിലുറപ്പ് പദ്ധിതിയിൽ അഴിമതി നടത്തിയ ഗ്രാമപഞ്ചായത്തംഗം നൈസി ബെന്നിയെ അയോഗ്യയാക്കണമെന്ന് എൽ.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ഗുരുതരമായ ക്രമക്കേടാണ് അംഗംകാട്ടിയത്. ഓംബുഡ്സ്മാനാണ് അഴിമതി കണ്ടെത്തുകയും പണം തിരിച്ചടപ്പിച്ചതും. ഇപ്പോൾ ജാമ്യമില്ലാ വകുപ്പനുസരിച്ച് പൊലീസ് കേസെടുത്തു. നൈസിയുടെ അംഗത്വം റദ്ദാക്കിയില്ലെങ്കിൽ സമരം നടത്തുമെന്ന് ചെയർമാൻ സി.ശ്യാംകുമാറും കൺവീനർ ഇ.എം.സന്തോഷ്‌കുമാറും അറിയിച്ചു.
സദുദ്ദേശത്തോടെ സ്വീകരിച്ച നടപടിയെ വളച്ചൊടിച്ചാണ് രാഷ്ട്രീയ പ്രേരിതമായി കേസെടുത്തിരിക്കുന്നത്.തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീക്കത്തെ രാഷ്ട്രീയമായി തന്നെ നേരിടും
- നൈസി ബെന്നി, ഗ്രാമപഞ്ചായത്തംഗം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |