ഭോപ്പാൽ : മദ്ധ്യപ്രദേശിലെ ഭോപ്പാലിൽ നിർമ്മിച്ച റെയിൽവേ മേൽപ്പാലത്തിന് 90 ഡിഗ്രിയോളം വളവ്. വിവാദങ്ങളുടെ കേന്ദ്രമായി മാറിയിരിക്കുകയാണ് ഈ പാലം. ഐഷ്ബാഗ് സ്റ്റേഡിയത്തിന് സമീപം 18 കോടി ചിലവഴിച്ച് നിർമ്മിച്ച ഫ്ലൈഓവറിനാണ് നിർമ്മാണത്തിലെ പിഴവുണ്ടെന്ന് ചൂണ്ടികാണിച്ച് പലരും രംഗത്തെത്തിയത്. 648 മീറ്റർ നീളവും 8.5 മീറ്റർ വീതിയുമാണ് പാലത്തിനുള്ളത്.
കോൺഗ്രസ് വക്താവ് അഭിനവ് ബറോലിയ പാലത്തിന്റെ രൂപകൽപ്പനയെ വീഡിയോ ഗെയിമിനോട് ഉപമിച്ചു. ഇത് അങ്ങേയറ്റം അപകടകരമാണെന്നും സർക്കാരിന്റെ വീഴ്ച്ചയെക്കുറിച്ച് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൊതുമരാമത്ത് മന്ത്രി രാകേഷ് സിംഗ് ആരോപണങ്ങൾ പരിശോധിക്കുമെന്ന് ഉറപ്പ് നൽകി. വിമർശനം രാഷ്ട്രീയ പ്രേരിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി. പാലം പരിശോധിച്ച ശേഷം നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടിയെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു.
പാലത്തിന്റെ എൽ ആകൃതിയിലുള്ള വളവ് അപകടങ്ങൾക്ക് കാരണമാകുമെന്ന് നാട്ടുകാരും സോഷ്യൽ മീഡിയ ഉപയോക്താക്കളും ആശങ്ക ഉന്നയിച്ചു. പാലത്തിന്റെ രൂപകൽപ്പന എഞ്ചിനീയർമാരുടെ പിഴവാണ്. പാലം രൂപകൽപ്പന ചെയ്തതിന് ഉത്തരവാദികളായവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. മഹാമായ് കാ ബാഗ്, പുഷ്പ നഗർ, സ്റ്റേഷൻ പ്രദേശം, ന്യൂ ഭോപ്പാൽ എന്നിവയെ ബന്ധിപ്പിക്കുന്നതാണ് മേൽപ്പാലം. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ പാലം പൂർത്തിയായിട്ടും അതിന്റെ രൂപകൽപ്പന തർക്കവിഷയമായി മാറിയിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |