ഒരുപാട് വകഭേദങ്ങളുള്ള രണ്ടു സംഗതികളാണ് ചായയും കമ്മ്യൂണിസവും എന്ന യാഥാർത്ഥ്യത്തിനു മുന്നിൽ ചായകുടിയന്മാരും കമ്മ്യൂണിസ്റ്റുകാരും തലകുലുക്കും. പക്ഷേ, ഒറിജിനൽ ഒന്നേയുള്ളൂ എന്ന സത്യം തിരിച്ചറിയണം. ബാക്കിയൊക്കെ കലർപ്പുള്ള അപരന്മാരാണ്. കലർപ്പില്ലാത്ത ഏകചായ സാക്ഷാൽ കട്ടനാണെന്ന കാര്യത്തിൽ തർക്കമില്ല. പാലോ പഞ്ചസാരയോ ചേരാത്ത സ്‌ട്രോംഗ് കട്ടൻ. കമ്മ്യൂണിസ്റ്റു പാർട്ടികളുടെ കാര്യത്തിൽ അത് സി.പി.ഐയാണ്. കമ്മ്യൂണിസ്റ്റ് പാർട്ടി ഒഫ് ഇന്ത്യ എന്ന പേരിനുതന്നെ ഒരു 'ഗുമ്മുണ്ട് ". അപ്പോൾ ആ പാർട്ടിയുടെ സെക്രട്ടറി എങ്ങനെയുള്ള ആളായിരിക്കുമെന്ന കാര്യത്തിൽ സംഘികൾക്കു പോലും സംശയമില്ല. നല്ല തങ്കപ്പെട്ട മനുഷ്യനാണ് സഖാവ് ബിനോയ് വിശ്വം. വെളിയം ഭാർഗവനാശാനും സി.കെ. ചന്ദ്രപ്പനും കാനം രാജേന്ദ്രനുമൊക്കെ ഇരുന്ന കസേരയ്ക്കു യോജിച്ച തനി 'തങ്കപ്പൻ". വിനയം, വിവേകം, വിവരം എന്നിവ സമാസമം. പൊടിക്കുപോലും അങ്ങോട്ടോ ഇങ്ങോട്ടോ ഇല്ല. സർവോപരി, ശുദ്ധഹൃദയനാണ്. ബിനുക്കുട്ടാ എന്താരെങ്കിലും സ്‌നേഹത്തോടെ വിളിച്ചാൽ കണ്ണു നിറഞ്ഞൊഴുകും. അങ്ങനെയൊരാളെക്കുറിച്ചാണ് സ്വന്തം പാർട്ടിയിലെ രണ്ടു മുതിർന്ന സഖാക്കൾ നാട്ടുകാരെ മുഴുവൻ കരയിക്കുന്ന രീതിയിൽ ആക്ഷേപിച്ചത്. മൂപ്പർക്ക് പാർട്ടി സെക്രട്ടറിയുടെ കസേരയിൽനിന്ന് നാണംകെട്ട് ഇറങ്ങിപ്പോകേണ്ടിവരുമെന്ന ശബ്ദരേഖയാണ് പുറത്തായത്. പിന്നെയും പറഞ്ഞു കുറേ കാര്യങ്ങൾ. എന്തു കഷ്ടാണ്!.
പാർട്ടി എറണാകുളം ജില്ലാ സെക്രട്ടറി കെ.എം. ദിനകരൻ, സംസ്ഥാന നിർവാഹക സമിതിയംഗം കമല സദാനന്ദൻ എന്നിവർ കാറിൽ യാത്രചെയ്യുമ്പോൾ സംസാരിച്ചത് എങ്ങനെയോ റെക്കാഡ് ആവുകയായിരുന്നത്രേ. കമല സഖാവിന് വന്ന ഫോൺ കോൾ, സംഭാഷണത്തിനു ശേഷം ഓഫാക്കാൻ മറന്നത് പ്രശ്‌നമായെന്നാണ് ലേറ്റസ്റ്റ് കണ്ടെത്തൽ. ടെക്‌നോളജിയുടെ ഓരോ കുഴപ്പങ്ങൾ. സെക്രട്ടറിയുടെ മുറിയിലെ ചവറ്റുകൊട്ടിയിൽ റെക്കാർഡർ വച്ച് പല കാര്യങ്ങളും ചോർത്തിയിരുന്ന വിമതരുടെ കാലം കഴിഞ്ഞു. ഇപ്പോൾ അതൊന്നും വേണ്ട. മനസിൽ തോന്നുന്നത് റെക്കാഡ് ചെയ്യുന്ന എ.ഐ യുഗമാണ്. ടെക്‌നോളജി കുതിച്ചപ്പോൾ ഫോണിനെപ്പോലും വിശ്വസിക്കാൻ കൊള്ളാതായി . കണ്ണുതെറ്റിയാൽ എന്തും അടിച്ചുമാറ്റുന്നവരാണ് കൂടെയുള്ളത്. വിശ്വസ്തരെന്നു കരുതിയിരുന്ന ജില്ലാ സെക്രട്ടറിയും സംസ്ഥാന നിർവാഹക സമിതിയംഗവും സംസ്ഥാന സെക്രട്ടറിയോട് ഈ കൊലച്ചതി ചെയ്തതിൽ സി.പി.ഐയുടെ പഴയ ചങ്ങാതിമാരായ കോൺഗ്രസുകാർക്ക് വലിയ സങ്കടമുണ്ട്.
പക്ഷേ, പക്വമതിയായ ബിനോയ് സഖാവ് എല്ലാം ക്ഷമിച്ചു മാതൃകയായി. ആരോ മിമിക്രിക്കാരെ വച്ച് തട്ടിക്കൂട്ടിയതാണെന്ന് സഖാവ് തറപ്പിച്ചു പറയുന്നു; ആ ഉറപ്പ് പാർട്ടിക്കാർക്കില്ലെങ്കിലും. തിരഞ്ഞെടുപ്പ് അടുത്തുവരുന്നതിനാൽ കമലയെയും ദിനകരനെയും ശാസിച്ചു നേരെയാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. പരസ്യമായി ശാസിച്ചാൽ നന്നാവാത്ത ആരും കമ്മ്യൂണിസ്റ്റു പാർട്ടികളിൽ ഇല്ല.
തോൽക്കില്ല,
തോറ്റ ചരിത്രമില്ല
മിമിക്രിക്കാരെ ഉപയോഗിച്ച് തകർക്കാവുന്ന പ്രസ്ഥാനമല്ല സി.പി.ഐ. ഒരുപാട് നേതാക്കളുള്ള, ലേശം അണികളുള്ള ലോകത്തെ ഏറ്റവും കരുത്തുറ്റ പ്രസ്ഥാനമാണിത്. സി.പി.എം കണ്ടുപഠിക്കണം. എന്തായാലും പാർട്ടിയുടെ സി.ഐ.ഡികൾ അന്വേഷണം നടത്തി തയ്യാറാക്കിയ എഫ്.ഐ.ആറിൽ കാര്യങ്ങൾ അത്ര പന്തിയല്ലെന്നാണ് സൂചന.
ബിനോയ് പഴയ ബിനോയ് ആണെങ്കിലും സി.പി.ഐ പഴയ സി.പി.ഐ അല്ലെന്നതാണ് പ്രശ്‌നം. സംശയമുള്ളവർക്ക് ഇസ്മയിൽ സഖാവിനോട് ചോദിക്കാം. ബിനോയ് പഞ്ചപാവമായതിനാൽ കുടുംബത്തിലെ ചിലർ പാർട്ടിയുടെ കാര്യങ്ങളിൽ ഇടപെടുന്നെന്നാണ് ആരോപണം.
വിഭാഗീയത തീരെയില്ലെങ്കിലും സത്യങ്ങൾ പുകയുന്ന പാർട്ടിയാണിതെന്ന് അണികൾക്കു മനസിലായിത്തുടങ്ങി. മുൻ ജില്ലാ സെക്രട്ടറി പി. രാജുവിന്റെ മരണത്തോടെ, മറന്നുകിടന്ന പല കാര്യങ്ങളും ഉയിർത്തെഴുന്നേറ്റു. മൃതദേഹം പാർട്ടി ഓഫീസിൽ പൊതുദർശനത്തിന് വയ്ക്കരുതെന്നും പിന്നിൽനിന്നു കുത്തിയവർ കാണാൻ വരരുതെന്നും കുടുംബം പറഞ്ഞിരുന്നു. ഇതിൽ കാര്യമുണ്ടെന്നു പ്രതികരിച്ച ഇസ്മയിലിക്കയാണ് ആദ്യ വെടി പൊട്ടിച്ചത്. തുടർച്ചയായി വെടിപൊട്ടുന്ന സാഹചര്യത്തിൽ ഒരുപാട് ഫോൺകാളുകൾ ചോർന്നേക്കാം.
വയറു നിറഞ്ഞാലേ
ഏമ്പക്കമുള്ളൂ!
ആദർശത്തിനും നാടിന്റെ നന്മയ്ക്കുമായി ഒരുപാട് ത്യാഗങ്ങൾ സഹിച്ച പാർട്ടിയാണ് സി.പി.ഐ എങ്കിലും അന്നും ഇന്നും ആരും ഇതു വിശ്വസിക്കുന്നില്ല. കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ അണികളിലേറെയും അപ്പുറത്തേക്കു പോയി. കറിക്ക് മീൻ കഷണമാക്കിയപ്പോൾ തലയും വാലും നമുക്കും നടുത്തുണ്ടം മൊത്തം അവർക്കുമായി. പക്ഷേ, രുചിയും ബുദ്ധിയും തലയിലാണെന്ന് പഹയന്മാർക്ക് ഇനിയും പിടികിട്ടിയിട്ടില്ല. അറിവും പക്വതയുമുള്ള വല്യേട്ടനായിട്ടും ഇടതു കുടുംബത്തിൽ വെറും കൊച്ചേട്ടന്റെ സ്ഥാനമേയുള്ളൂ. തടിമിടുക്കുള്ള പിള്ളേർ അപ്പുറത്തായതിനാൽ, 'ക്ഷമ ആട്ടിൻസൂപ്പിന്റെ ഫലം ചെയ്യും' എന്ന വിശ്വാസത്തിൽ ഉറച്ചുനിൽക്കുന്നു. എങ്കിലും ചില ദുർബല മുഹൂർത്തങ്ങളിൽ പ്രതികരിച്ചുപോയപ്പോൾ, മാണി സാറിന്റെ മോനെ മുന്നണിയിലെടുത്ത് സി.പി.ഐയെ വീണ്ടും കൊച്ചാക്കി. ചെക്കൻ അപ്പുറത്തേക്ക് മടങ്ങിയാലും മോശമല്ലാത്ത ഒരു കേരള കോൺഗ്രസ് കഷണം ഇടതുമുന്നണിയിൽ അവശേഷിക്കുമെന്നാണ് സൂചനകൾ. കാര്യങ്ങളുടെ കിടപ്പുവശം വച്ചു നോക്കുമ്പോൾ പല സംഗതികളും കണ്ടില്ല, കേട്ടില്ല എന്നു ഭാവിക്കുന്നതാണ് ബുദ്ധി. എന്തൊക്കെ പറഞ്ഞാലും നാലുനേരവും ഭേഷായി ഭക്ഷണം കഴിച്ചു ജീവിക്കുന്നതിന്റെ സുഖമൊന്നു വേറെയാണ്. വിശപ്പുമാറുമ്പോൾ ഏമ്പക്കം പോലെ വരുന്നതാണ് ആദർശം. പട്ടിണിയാണെങ്കിൽ ഒന്നുമില്ല. അതുകൊണ്ട് ഏമ്പക്കത്തെ അടക്കിനിറുത്തിയാൽ, ഇനിയുമൊരു അഞ്ചുകൊല്ലം കൂടി കൊച്ചേട്ടനായി തുടരാം എന്ന സൂചനകളാണ് ലഭിക്കുന്നത്. നല്ലവനായ ബിനോയ് സഖാവ് ദിനകരനോടും കമലയോടും തീർച്ചയായും ക്ഷമിക്കും എന്നുറപ്പിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |