യുദ്ധത്തിൽ ആരും ജയിക്കുന്നില്ല എന്ന് പറയാറുണ്ട്. കാരണം മനുഷ്യന്റെ ജീവനും സ്വത്തുവകകളും തകർത്ത് തരിപ്പണമാക്കുന്നതിനെ, അത് ആര് നടത്തിയാലും, ഒരു വിജയമായി കണക്കാക്കാനാകില്ല. എന്നാൽ ചില സന്ദർഭങ്ങളിൽ യുദ്ധം അനിവാര്യമാകാറുണ്ട്. രാജ്യത്തിന്റെ അന്തസ്സിനെയും അഭിമാനത്തെയും ചോദ്യം ചെയ്യുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ ഉണ്ടായാൽ തിരിച്ചടി നൽകിയില്ലെങ്കിൽ അത് വീണ്ടും ആവർത്തിക്കുകയും മനുഷ്യരാശിയുടെ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെടുകയും ചെയ്യും. അതിർത്തികൾ കടന്നുള്ള ഭീകരപ്രവർത്തനവും പട്ടാള നടപടികളും മറ്റുമാണ് സാധാരണ ഗതിയിൽ യുദ്ധങ്ങൾക്ക് ഇടയാക്കുന്നത്. ഇതൊന്നുമില്ലാതെ ധാതുസമ്പത്തിൽ കണ്ണ് വച്ച് അശക്തരെ ബലം പ്രയോഗിച്ച് കീഴടക്കാനും യുദ്ധങ്ങൾ നടന്നിട്ടുണ്ട്. യുക്രെയിൻ യുദ്ധം തുടങ്ങിയിട്ട് നാലു വർഷത്തോളമായി. തീരുന്ന ഒരു ലക്ഷണവും കാണുന്നില്ലെന്ന് മാത്രമല്ല നാൾക്കുനാൾ തീവ്രവും വിനാശകരവുമായി മാറിക്കൊണ്ടിരിക്കുന്നു. ഇസ്രായേൽ നടത്തുന്ന ഗാസ യുദ്ധം രണ്ടുവർഷത്തോട് അടുക്കുന്തോറും അവസാനിച്ചിട്ടില്ല. ബോംബാക്രമണത്തിലും ഷെല്ലാക്രമണത്തിലും ഗാസയിലെ ജനങ്ങൾ കൊല്ലപ്പെടാത്ത ദിനങ്ങൾ കുറവാണ്.
ഇതിനിടയിൽ ഏതാണ്ട് തുടങ്ങിയ ഉടൻ അവസാനിച്ച ഒരേ ഒരു യുദ്ധമേ നടന്നുള്ളൂ. അത് ഇന്ത്യ-പാക് സംഘർഷമായിരുന്നു. വെറും നാല് ദിവസത്തിനുള്ളിൽ അത് അവസാനിച്ചത് ഇന്ത്യയിലെയും പാകിസ്ഥാനിലെയും സാധാരണ ജനങ്ങൾക്ക് നൽകുന്ന ആശ്വാസം ചെറുതല്ല. എന്നാൽ മദ്ധ്യപൂർവ്വ പ്രദേശം വീണ്ടും യുദ്ധത്തിൽ അമർന്നിരിക്കുകയാണ്. ഇറാനും ഇസ്രായേലും യുദ്ധം തുടങ്ങിയിരിക്കുന്നു. 200 പോർ വിമാനങ്ങളുപയോഗിച്ച് ഇസ്രായേൽ ഇറാനിൽ അതിശക്തമായ ആക്രമണമാണ് നടത്തിയത്. ഈ വ്യോമാക്രമണത്തിൽ വൻതോതിൽ വസ്തുവകകൾ നശിച്ചതിനുപുറമെ ഇറാൻ സംയുക്ത സൈനിക മേധാവി, ഉപമേധാവി, ഇറാൻ റവലൂഷനറി ഗാർഡ് കോറിന്റെ തലവൻ, 6 ആണവ ശാസ്ത്രജ്ഞർ തുടങ്ങി നൂറോളം പേർ കൊല്ലപ്പെട്ടു. ഇറാനിലെ ആണവ നിലയവും ആക്രമിക്കപ്പെട്ടു. ഡ്രോണുകൾ ഉപയോഗിച്ച് ഇറാൻ നടത്തിയ പ്രത്യാക്രമണത്തിൽ ഇസ്രായേലിനും ആൾ നാശമുണ്ടായി. ടെൽ അവീവിൽ ഉൾപ്പെടെ സ്ഫോടനങ്ങളുണ്ടായി. ഗാസയിലെ യുദ്ധം തുടരുന്നതിനിടെ പലതവണ ഇസ്രായേൽ ഇറാനിൽ ആക്രമണം നടത്തിയിട്ടുണ്ട്. ഇറാൻ പ്രത്യാക്രമണവും നടത്തിയിരുന്നു. അതിൽ നിന്ന് വ്യത്യസ്തമായി ഇപ്പോൾ തുടങ്ങിയിരിക്കുന്ന യുദ്ധം ഇടവേളയില്ലാതെ തുടരാനും പശ്ചിമേഷ്യ മുഴുവൻ സംഘർഷ ഭീതിയിൽ കഴിയാനും ഇടയാക്കുകയാണ്.
വൻശക്തികളുടെ ഇടപെടലിലൂടെ ഈ യുദ്ധങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ ലോകം ഒരു മൂന്നാം ലോക മഹായുദ്ധത്തിലേക്ക് വഴുതി വീഴാൻ അധികം സമയം വേണ്ടിവരില്ല എന്ന സാഹചര്യമാണ് ഉരുത്തിരിഞ്ഞ് വരുന്നത്. യുദ്ധം എവിടെ നടന്നാലും അത് ഭൂമിയിൽ വസിക്കുന്ന ജനങ്ങളെ പല രീതിയിൽ ബാധിക്കാം. എണ്ണയുടെയും ഗ്യാസിന്റെയും വില കൂട്ടുന്നതിനൊപ്പം അവശ്യ വസ്തുക്കളുടെ ക്ഷാമവും പ്രതീക്ഷിക്കാം. കപ്പൽ ഗതാഗതങ്ങൾ താറുമാറാകുമെന്നതിനാൽ ചരക്കു നീക്കം തടയപ്പെടും. ഇത് സാധനസാമഗ്രികളുടെ വില ഇന്ത്യ ഉൾപ്പെടെ പല ഏഷ്യൻ രാജ്യങ്ങളിലും കുതിച്ചുയരാനും സാധാരണ ജനജീവിതം ദുസ്സഹമാകാനും ഇടയാക്കും. യുദ്ധം തുടങ്ങിക്കഴിഞ്ഞാൽ ആരുടെ ഭാഗത്താണ് ന്യായം എന്നതിൽ പിടിച്ച് ചർച്ച നടത്തിയിട്ട് കാര്യമില്ല. അത് അവസാനിപ്പിക്കാനുള്ള വഴികളാണ് സമാധാന കാംക്ഷികളായ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ആരായേണ്ടുന്നത്.
ഇറാന്റെ ആണവശേഷിയാണ് ഇസ്രായേലിന്റെ ഉറക്കം കെടുത്തുന്നത്. മാത്രമല്ല ഭീഷണിയുടെയും യുദ്ധത്തിന്റെയും മുന്നിൽ അത്ര പെട്ടെന്ന് കീഴടങ്ങുന്ന രാജ്യവുമല്ല ഇറാൻ. റഷ്യയുമായി നല്ല ബന്ധം പുലർത്തുന്ന രാജ്യം കൂടിയാണ്. ഇസ്രായേലാകട്ടെ അമേരിക്കൻ പക്ഷത്ത് ഉറച്ച് നിൽക്കുന്ന രാജ്യവും. വെള്ളിയാഴ്ചത്തെ ആക്രമണം കഴിഞ്ഞ ഉടനെ ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു പ്രഖ്യാപിച്ചത് ഇതൊരു ഏകദിന ആക്രമണമല്ലെന്നും ദിവസങ്ങളോളം വേണ്ടിവന്നാൽ അതിനപ്പുറവും നീണ്ടുനിൽക്കുമെന്നതാണ്. അടുത്ത കാലത്തായി അമേരിക്കൻ പ്രസിഡന്റ് ട്രംപ് നടത്തുന്ന പല പ്രസ്താവനകളും വിശ്വസനീയമല്ല. ഇസ്രായേലിന്റെ ഇറാൻ ആക്രമണത്തിൽ തങ്ങൾക്ക് പങ്കില്ല എന്നാണ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. വരുംദിവസങ്ങളിലെ സംഭവവികാസങ്ങൾ എങ്ങനെയാവുമെന്നത് വളരെ നിർണായകമാണ്. അവസാനമില്ലാത്ത മറ്റൊരു യുദ്ധംകൂടി തുടങ്ങുന്നത് മനുഷ്യകുലത്തിന്റെ ഭാവിക്ക് ശോഭനമല്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |