വിഴിഞ്ഞം: സീസണിലും മാലിന്യ മുക്തമാകാതെ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖം. സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം നടപ്പാക്കുമ്പോൾ പരമ്പരാഗത വള്ളങ്ങൾ മാത്രം ഉപയോഗിച്ചാണ് വിഴിഞ്ഞത്ത് മത്സ്യബന്ധനം നടത്തുന്നത്. ജൂൺ മുതൽ ആഗസ്റ്റ് അവസാനം വരെ ഇവിടെ സീസണാണ്. തമിഴ്നാട് മുതൽ മറ്റ് ദൂരെ സ്ഥലങ്ങളിൽ നിന്നുള്ളവർ വരെ തമ്പടിക്കുന്ന സ്ഥലമാണിവിടെ. ഇവിടെയാണ് കടലിൽ മാലിന്യകൂമ്പാരമായത്.
കടലിൽ പ്ലാസ്റ്റിക് കുപ്പികൾ
സീസൺ സമയത്ത് നൂറുകണക്കിന് വള്ളങ്ങളാണ് ഇവിടെ നിന്നും മത്സ്യബന്ധനത്തിന് പോകുന്നത്. ഓരോ വള്ളക്കാരും രണ്ട് കെയ്സ് കുപ്പിവെള്ളം കൊണ്ടുപോകാറുണ്ട്. ഒരു വള്ളത്തിൽ നിന്നുതന്നെ 48 ഒഴിഞ്ഞ കുപ്പികൾ കടലിലേക്ക് വലിച്ചെറിയും ഇങ്ങനെ നൂറുകണക്കിന് വള്ളങ്ങൾ എറിയുന്ന കുപ്പികൾ തീരത്തേക്ക് വന്നടിയും.
പ്രേതവലകൾ
മത്സ്യബന്ധനത്തിനുപയോഗിക്കുന്ന വലകൾ കേടായാൽ അവ കടലിൽ ഉപേക്ഷിക്കും. ഇപ്പോൾ ഇത്തരം വലകളിൽ കല്ല് കെട്ടിയ ശേഷമാണ് കടലിൽ ഉപേക്ഷിക്കുന്നതെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. ഇവയും കാലക്രമേണ തീരത്തേക്ക് അടിയുന്നുണ്ട്. കടലിൽ കിടക്കുന്ന ഇത്തരം വലകൾ മറ്റ് വള്ളക്കാർക്കും ഭീഷണിയായതിനാൽ ഇത്തരം വലകളെ പ്രേതവലകൾ എന്നു പറയുന്നു.
ജൈവ മാലിന്യങ്ങളും തീരത്ത്
നഗരത്തിൽ നിന്നുള്ള ഹോട്ടലുകാർ ഉൾപ്പെടെയുള്ളവർ ഹോട്ടൽ മാലിന്യങ്ങളും അറവ് മാലിന്യങ്ങളും
പ്ലാസ്റ്റിക് കവറിൽ കെട്ടി കടലിൽ കൊണ്ട് തള്ളുന്നുണ്ട്. കൂടാതെ പരിസരവാസികളും വീട്ടുമാലിന്യങ്ങളും കടൽത്തീരത്തോടു ചേർന്ന് നിക്ഷേപിക്കുന്നത് തെരുവുനായ്ക്കൾ തമ്പടിക്കാൻ കാരണമാകുന്നു. മഴക്കാലമായതിനാൽ ജൈവമാലിന്യങ്ങൾ അഴുകി പകർച്ചവ്യാധിക്കും കാരണമാകുന്നു. കല്യാണ വീടുകളിലും മണ്ഡപങ്ങളിലും ക്ലീനിംഗ് ചുമതല ഏറ്റെടുത്തവരും തെർമോകോൾ ഉൾപ്പെടെയുള്ള പ്ലേറ്റുകളും മറ്റ് വസ്തുക്കളും കടലിൽ നിക്ഷേപിക്കുന്നു. രാത്രികാലങ്ങളിൽ ഇവിടെ മദ്യപാനത്തിനെത്തുന്നവർ ഉപേക്ഷിക്കുന്ന കുപ്പികളും പരിസര മലിനീകരണമുണ്ടാക്കുന്നു. വിഴിഞ്ഞത്തെ പഴയ വാർഫിൽ ചില്ല് കുപ്പികൾ എറിഞ്ഞ് പൊട്ടിച്ച നിലയിലാണ്.
മാലിന്യരൂക്ഷം ഇവിടെ
വിഴിഞ്ഞം പഴയ വാർഫിനോട് ചേർന്ന തീരം, വലിയ കടപ്പുറത്തിന് സമീപം, വിഴിഞ്ഞം ഹാർബർ ചെറുമണൽതീരം, ഐ.ബിക്ക് സമീപം,ബൊള്ളാർഡ് പുൾ ടെസ്റ്റിംഗ് കേന്ദ്രം, അടിമലത്തുറ തീരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |