ആലപ്പുഴ : ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന 'വിത്ത് ഗ്രാമം' പദ്ധതി വഴി സംഭരിച്ച 'മനുരത്ന' വിത്തിന്റെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി നിർവഹിച്ചു. പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്തിലെ അഞ്ഞുറ്റംപാടം പാടശേഖരം സെക്രട്ടറി എസ്.ഡി.രമേശൻ, ഇളയിടം തുരുത്ത് പാടശേഖരം സെക്രട്ടറി അനിയൻ തോമസ് എന്നിവർ വിത്ത് ഏറ്റുവാങ്ങി.
രണ്ട് പാടശേഖരങ്ങൾക്കായി 4,500 കിലോ വിത്താണ് വിതരണം ചെയ്യുന്നത്. ജില്ലയിൽ നെൽകൃഷിക്കാവശ്യമായ നെൽവിത്ത് പ്രാദേശികമായി ലഭിക്കുന്നില്ലെന്ന പരാതി പരിഹരിക്കാനാണ് ജില്ലാ പഞ്ചായത്ത് സംസ്ഥാന വിത്ത് വികസന അതോറിട്ടി മാതൃകയിൽ രജിസ്റ്റേഡ് വിത്തുത്പാദക പദ്ധതിക്ക് രൂപം നൽകിയത്. 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 'വിത്ത് ഗ്രാമം' എന്ന പേരിൽ നെൽവിത്ത് ഉൽപാദിപ്പിക്കുന്നതിനുള്ള പ്രവർത്തനം ആരംഭിച്ചു. ഈ സാമ്പത്തികവർഷവും പദ്ധതി തുടരുകയാണ്.
വികസനകാര്യ സ്ഥിരംസമിതി ചെയർപേഴ്സൺ ബിനു ഐസക് രാജു അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷരായ എം.വി.പ്രിയ, അഡ്വ.ടി.എസ് താഹ, അംഗങ്ങളായ പി.എസ്.ഷാജി, വി.ഉത്തമൻ, എ.ശോഭ, ഹേമലത, കെ.ജി .സന്തോഷ്, സജിമോൾ ഫ്രാൻസിസ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് മുഹമ്മദ് താഹ, ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ സി.അമ്പിളി തുടങ്ങിയവർ പങ്കെടുത്തു.
സംസ്ഥാനത്തെ ആദ്യ ഇടപെടൽ
ആദ്യമായാണ് ഒരു തദ്ദേശ സ്വയംഭരണസ്ഥാപനം നെൽവിത്ത് ഉത്പാദനം, സംസ്കരണം തുടങ്ങിയവയിൽ ക്രിയാത്മക ഇടപെടൽ നടത്തുന്നത്
ജില്ലയിൽ തിരഞ്ഞെടുക്കപ്പെട്ട ആദ്യഗ്രാമപഞ്ചായത്തായ നൂറനാട്ടെ കർഷകർ ഉത്പാദിപ്പിച്ച 'മനുരത്ന' വിത്തിന്റെ വിതരണോദ്ഘാടനമാണ് നടന്നത്
33,000 കിലോ വിത്ത് സംഭരിച്ച് സംസ്കരണം പൂർത്തീകരിച്ചു. 'ഉമ' ഇനത്തിലുള്ള വിത്തിന്റെ സംഭരണവും നടന്നു വരുന്നു
കൃഷി വകുപ്പിന്റെ മാനദണ്ഡങ്ങൾ അനുസരിച്ചാണ് വിത്തിനങ്ങൾ സംഭരിച്ച്, ഗുണമേന്മ പരിശോധന പൂർത്തിയാക്കി സംസ്കരിച്ച് പായ്ക്ക് ചെയ്യുന്നത്
അറുന്നൂറ്റി മംഗലം ജില്ലാ ഫാമിന്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ. ഹരിപ്പാട്ടം വെയർ ഹൗസിംഗ് കോർപറേഷൻ ഗോഡൗണിലാണ് സംഭരണവും സംസ്കരണവും
സംഭരിച്ച വിത്ത്
33000 കി.ഗ്രാം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |