കൊച്ചി: സ്വകാര്യ കമ്പനിയായ ഒയാസിസ് പാലക്കാട് എലപ്പുള്ളിയിൽ ബ്രൂവറി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സമർപ്പിച്ച അപേക്ഷകൾ മാറ്റിവയ്ക്കാൻ പഞ്ചായത്തിനുൾപ്പെടെ ഹൈക്കോടതി നിർദ്ദേശം.
അപേക്ഷ പരിഗണിക്കുന്നത് മെരിറ്റ് അനുസരിച്ചായിരിക്കണം. സർക്കാർ പ്രാഥമിക അംഗീകാരം നൽകി എന്നതിന്റെ അടിസ്ഥാനത്തിലാകരുതെന്നും ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് നിർദ്ദേശിച്ചു.
അപേക്ഷകളിൽ അധികൃതർ അംഗീകാരം നൽകുകയാണെങ്കിൽ അത് കോടതി ഉത്തരവിന് വിധേയമായിരിക്കും. ആക്ട്‌സ് ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ ഉൾപ്പെടെ നൽകിയ പൊതുതാത്പര്യ ഹർജിയാണ് പരിഗണിച്ചത്.
പ്രാഥമിക അംഗീകാരം നൽകിയുള്ള ഉത്തരവാണ് ഇറക്കിയതെന്നും ബന്ധപ്പെട്ട മറ്റ് അപേക്ഷകൾ മെരിറ്റ് അടിസ്ഥാനത്തിലേ പരിഗണിക്കുകയുള്ളൂവെന്നും അധികൃതർ നേരത്തേ ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ആറിന് ടൗൺപ്ലാനർ കെട്ടിടനിർമാണ ലേഔട്ടിന് വ്യവസ്ഥകളോടെ അംഗീകാരം നൽകിയെന്ന് ഹർജിക്കാരൻ അറിയിച്ചു. തുടർന്നാണ് കോടതിയുടെ ഇടക്കാല നിർദ്ദേശമുണ്ടായത്.
ബ്രൂവറിക്ക് അനുമതി നൽകുന്നതിനെതിരെ എലപ്പുള്ളി സ്വദേശി എസ്.ശ്രീജിത്തും പൊതുതാത്പര്യ ഹർജി നൽകിയിരുന്നു. രണ്ടു ഹർജികളും 23ന് വീണ്ടും പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |