ശിവഗിരി : ആദ്ധ്യാത്മിക സാധനയിലധിഷ്ഠിതമായ ജീവിതത്തിലൂടെ മാത്രമേ കുടുംബത്തിനും സമൂഹത്തിനും പുരോഗതി കൈവരിക്കാൻ കഴിയുകയുള്ളൂവെന്ന് ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. ഗുരുധർമ്മ പ്രചരണസഭയുടെ നേതൃത്വത്തിൽ ശിവഗിരിയിൽ തുടക്കം കുറിച്ച പ്രതിമാസ ശ്രീനാരായണ ദിവ്യസത്സംഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമി. ആത്മീയ അടിത്തറയിൽ നിന്നാണ് ജീവിതം കെട്ടിപ്പടുക്കേണ്ടത്. ശാസ്ത്രയുഗത്തിന്റെ ഋഷിയായ ഗുരുദേവൻ ഈശ്വരവിശ്വാസാധിഷ്ഠിത ജീവിതമാണ് ഉപദേശിച്ചിട്ടുള്ളതെന്നും സ്വാമി പറഞ്ഞു.
ഗുരുധർമ്മ പ്രചരണസഭാ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി അദ്ധ്യക്ഷത വഹിച്ചു. സ്വാമി ജ്ഞാനതീർത്ഥ, സ്വാമി അംബികാനന്ദ, സ്വാമി അസംഗാനന്ദഗിരി തുടങ്ങിയവർ സത്സംഗം നയിച്ചു. ഗുരുധർമ്മ പ്രചരണ സഭാ രജിസ്ട്രാർ കെ.ടി. സുകുമാരൻ, ജോ.രജിസ്ട്രാർ പുത്തൂർ ശോഭനൻ, കോ -ഓർഡിനേറ്റർ ചന്ദ്രൻ പുളിങ്കുന്ന്, എക്സിക്യൂട്ടീവ് അംഗങ്ങളായ ആറ്റിങ്ങൽ കൃഷ്ണൻകുട്ടി, യുവജനസഭാ ചെയർമാൻ അമ്പലപ്പുഴ രാജേഷ് സഹദേവൻ, ഹരിപ്രസാദ് തുടങ്ങിയവർ നേതൃത്വം നൽകി. ശ്രീനാരായണ ദിവ്യസത്സംഗത്തിന്റെ രണ്ടാം ദിനമായ ഇന്ന് രാവിലെ ശിവഗിരി കൺവെൻഷൻ സെന്ററിൽ നിന്നും മഹാസമാധിയിലേക്ക് യാത്ര, ശാരദാമഠം, മഹാസമാധി ദർശന ശേഷം ശാന്തിഹവനം, പ്രാർത്ഥന, ഗുരുദേവ കൃതികളുടെ പാരായണം, സത്സംഗം, ജപം,ധ്യാനം, പ്രബോധനം, പഠന ക്ലാസ് എന്നിവയുണ്ടാകും. ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ , ട്രഷറർ സ്വാമി ശാരദാനന്ദ എന്നിവർ പ്രഭാഷണങ്ങൾ നടത്തും. എല്ലാ മാസവും രണ്ടാം ശനിയാഴ്ചകളിലും ഞായറാഴ്ചകളിലും ശിവഗിരിയിൽ ശ്രീനാരായണ ദിവ്യസത്സംഗം ഉണ്ടായിരിക്കും. സംസ്ഥാനത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുമുള്ള ഗുരുദേവ ഭക്തർ സംഗമത്തിൽ പങ്കെടുക്കുന്നുണ്ട്.
ഗുരുദേവൻ-ഗാന്ധിജി കൂടിക്കാഴ്ച ശതാബ്ദി: ഡൽഹിയിൽ ഒരു ദിവസത്തെ പരിപാടികൾ
സൂഡൽഹി: ഗുരുദേവൻ -ഗാന്ധിജി കൂടിക്കാഴ്ച ശതാബ്ദി ആഘോഷ ഉദ്ഘാടനത്തിന്റെ ഭാഗമായി ജൂൺ 24ന് ഡൽഹിയിൽ ഒരു ദിവസം നീളുന്ന പരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു. വിജ്ഞാൻ ഭവനിൽ ഉച്ചയ്ക്ക് 12ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ശതാബ്ദി പരിപാടികൾ ഉദ്ഘാടനം ചെയ്യുക.
രാവിലെ 9ന് ഭജനയ്ക്കു ശേഷം സ്വാമി അസംഗാനന്ദഗിരി ഗുരുസ്മരണ പ്രഭാഷണം നടത്തും. ഉച്ചക്ക് 12.30ന് പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിക്കും. കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ മുഖ്യതിഥിയായിരിക്കും. യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് എം.പി, ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.ആർ. മനോജ്, ഡൽഹി ശ്രീനാരായണ കേന്ദ്രം പ്രസിഡന്റ് ബീന ബാബുറാം എന്നിവർ പ്രസംഗിക്കും.
ഗാന്ധിജി-ഗുരുദേവൻ കൂടിക്കാഴ്ച സംബന്ധിച്ച് ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഇംഗ്ലീഷിലും മലയാളത്തിലും രചിച്ച പുസ്തകം ചടങ്ങിൽ പ്രധാനമന്ത്രിക്ക് സമർപ്പിക്കും. ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ സ്വാഗതവും ട്രഷറർ സ്വാമി ശാരദാനന്ദ നന്ദിയും പറയും.
ശിവഗിരിയിൽ മഹാഗുരുപൂജ
ശിവഗിരി : ശിവഗിരി മഠത്തിലെ പ്രധാന വഴിപാടായ മഹാഗുരുപൂജയിൽ ഇന്ന് എസ്.എൻ.ഡി.പി യോഗം 50ാംനമ്പർ കുന്നന്താനം ശാഖയും പങ്കെടുക്കും. വിവിധ എസ്.എൻ.ഡി.പി യോഗം ശാഖകളും ക്ഷേത്രങ്ങളും ഗുരുധർമ്മ പ്രചരണ സഭാ യൂണിറ്റുകളും മറ്റു ഗുരുദേവ പ്രസ്ഥാനങ്ങളും വിവിധ സംഘടനകളും ശിവഗിരിയിൽ മഹാഗുരുപൂജ നടത്തിവരുന്നു. സംസ്ഥാനത്തിനകത്തും പുറത്തും വിദേശരാജ്യങ്ങളിൽ നിന്നും പൂജയിൽ സംഘടനകളും വ്യക്തികളും പങ്കെടുക്കാറുണ്ട്. സ്കൂൾ തുറന്നതോടെ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് വേണ്ടിയും തുടർ പഠനം നടത്തുന്ന കുട്ടികൾക്കുവേണ്ടിയും പേരും നക്ഷത്രവും നൽകി കുടുംബാംഗങ്ങൾ മഹാഗുരുപൂജയിൽ പങ്കാളികളാകുന്നുണ്ട്. വിവരങ്ങൾക്ക് : 9447551499.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |