പാലക്കാട്: എലപ്പുള്ളിയിലെ രാമശ്ശേരി ഗാന്ധി ആശ്രമവും പാലക്കാടൻ കർഷക മുന്നേറ്റവും ചേർന്ന് നടപ്പിലാക്കുന്ന സംഘകൃഷി പദ്ധതിയിൽ 300 ഏക്കർ നെൽകൃഷിക്കുള്ള ഞാറ്റടി തയ്യാറാവുന്നു. പ്രാദേശികമായി കൃഷി ചെയ്‌തെടുത്ത ഗുണ നിലവാരമുള്ള വിത്ത് പാകിയാണ് ഞാറ്റടി തയ്യാറാക്കിയിട്ടുള്ളത്. ഇതിൽ 200 ഏക്കറിൽ കൃഷി ചെയ്യുന്നതിനുള്ള കർഷകർ ബുക്കിംഗ് ചെയ്തു കഴിഞ്ഞു. ബാക്കി 100 ഏക്കറിലേക്കുള്ള കർഷകരുടെ ബുക്കിംഗ് തുടരുകയാണ്.
ഞാറ് നടാനും തൊഴിലാളികൾ തയ്യാർ
ഞാറ്റടി ഒരുമിച്ച് തയ്യാറാക്കിയത് പോലെ ഞാറ് നടാനുള്ള തൊഴിലാളികളെ പദ്ധതിയുടെ ലേബർ ബാങ്കിൽ നിന്ന് ഒരുമിച്ചു നൽകും. കരാർ അടിസ്ഥാനത്തിലാണ് തൊഴിലാളികൾ നടീൽ നടത്തുക. തുടർന്ന് നടക്കുന്ന കളവലി, വളപ്രയോഗം, പുല്ലു വെട്ടൽ, സ്‌പ്രേയർ ഉപയോഗം, കൊയ്ത്ത്, നെല്ലുണക്കൽ തുടങ്ങിയ പണികൾക്കെല്ലാം തൊഴിലാളികളെ ലേബർ ബാങ്കിൽ നിന്ന് ഒരുമിച്ചു നൽകുന്നതിന് വേണ്ട ക്രമീകരണങ്ങൾ നടത്തുന്നുണ്ട്. കൊയ്ത്ത് യന്ത്രം, ട്രാക്ടർ, റൊട്ടവേറ്റർ, ലേസർ ലെവലിംഗ് യന്ത്രം തുടങ്ങി സംവിധാനങ്ങളും ഒരുക്കുന്നുണ്ട്. നിലവിൽ ഞാറ്റടി തയ്യാറാക്കിയ കർഷകർക്ക് ലേബർ ബാങ്കിൽ നിന്ന് ആവശ്യമുള്ള തൊഴിലാളികളെ എത്തിച്ച് നടീൽ ചെയ്തു കൊടുക്കുന്നതിനും സംവിധാനം ഒരുക്കിയിട്ടുണ്ട്.
ഏറ്റവും ചെലവു കുറഞ്ഞ രീതിയിലും ശാസ്ത്രീയമായും യന്ത്രോപകരണങ്ങൾ പ്രയോജനപ്പെടുത്തിയും കൃഷി ചെയ്യുന്നതിന് കർഷകരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘകൃഷി പദ്ധതിക്ക് രൂപം നൽകിയിട്ടുള്ളത്. കഴിഞ്ഞ 10 വർഷമായി സംഘകൃഷി പദ്ധതിക്ക് നേതൃത്വം നൽകുന്ന വിദഗ്ദ്ധരുടെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് രാമശ്ശേരി ഗാന്ധി ആശ്രമത്തിന്റെയും പാലക്കാടൻ കർഷക മുന്നേറ്റത്തിന്റെയും ഭാരവാഹികൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |