നേർച്ചപ്പാറയിൽ കടുവയെ കൂടാതെ പുലി ഭീഷണിയും
മംഗലംഡാം: കഴിഞ്ഞ രണ്ടാഴ്ചയായി പാലക്കാട് മലയോര മേഖലയിലെയും വനമേഖലകളോട് ചേർന്നുള്ള പ്രദേശങ്ങളിലെയും ജനങ്ങൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണ്. ആഴ്ചകളായി കാട്ടാനകൾ ജനവാസ മേഖലയിൽ തമ്പടിച്ചിരിക്കുകയാണ്. ഇതിനൊപ്പം പുലി, കരടി, കടുവ എന്നിവയുടെ സാന്നിദ്ധ്യവും ഭീതി ഇരട്ടിയാക്കിയിരിക്കുന്നു. വണ്ടാഴി അയിലൂർ പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ നേർച്ചപ്പാറയിൽ ആണ് കടുവ ഭീഷണി നിലനിൽക്കുന്നത്. ഇവിടെ കൂനിൻമേൽകുരു പോലെ പുലിയും എത്തി. തുടിയൻ പ്ലായ്ക്കൽ സിബി സഖറിയാസിന്റെ തോട്ടത്തിലെ തൊഴിലാളിയാണ് പുലിയെ കണ്ടത്. വെള്ളിയാഴ്ച രാത്രി ഒൻപതരയോടെയാണ് സംഭവം. വീടിന്റെ അടുക്കളയോടു ചേർന്ന് ശബ്ദം കേട്ട് നോക്കിയപ്പോഴാണ് പുലിയെ കണ്ടത്. ഒച്ചവച്ചതോടെ പുലി ഓടിമറഞ്ഞു. നേർച്ചപ്പാറയിൽ പട്രോളിംഗിലുണ്ടായിരുന്ന വനപാലകർ സ്ഥലത്തെത്തി. കാൽപാടുകൾ പരിശോധിച്ച് പുലിയാണെന്ന് സ്ഥിരീകരിച്ചതായി വനപാലകർ പറഞ്ഞു. പൈതലയിൽ വളർത്തു നായയെ പുലി പിടിക്കാനുള്ള ശ്രമവും ഉണ്ടായി. ചെള്ളിക്കയത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പ് വർഷങ്ങളായി കാടുകയറിയ നിലയിലാണ്. ജനവാസ മേഖലയിലേക്ക് ഇറങ്ങുന്ന വന്യമൃഗങ്ങൾ ഇവിടെയാണ് തങ്ങുന്നതെന്നും കാട് വെട്ടിത്തെളിക്കാനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. വന്യമൃഗങ്ങൾ ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്നത് തടയാനുള്ള മാർഗങ്ങൾ വനംവകുപ്പ് സ്വീകരിക്കണമെന്ന് അയിലൂർ പഞ്ചായത്തംഗം മുഹമ്മദ്കുട്ടി ആവശ്യപ്പെട്ടു. കടുവയുടെ സാന്നിധ്യം അറിയുന്നതിനായി സ്ഥാപിച്ച നിരീക്ഷണ കാമറകളിലൊന്നും ദൃശ്യങ്ങൾ പതിഞ്ഞിട്ടില്ലെന്നും മേഖലയിൽ വനപാലകരുടെ പട്രോളിംഗ് തുടരുന്നുണ്ടെന്നും മംഗലംഡാം ഡെപ്യൂട്ടി റേഞ്ച് ഓഫിസർ കെ.എ.മുഹമ്മദ് ഹാഷിം അറിയിച്ചു.
നിലവിൽ വന്യമൃഗ ഭീഷണി നേരിടുന്ന പ്രദേശങ്ങൾ
വണ്ടാഴി അയിലൂർ പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ നേർച്ചപ്പാറയിൽ കടുവയും പുലിയും.
കഞ്ചിക്കോട് പുതുശേരി പഞ്ചായത്തിലെ ചെല്ലൻകാവിൽ രണ്ട് ആനക്കുട്ടികൾ ഉൾപ്പെടെ എട്ട് കാട്ടാനകളാണ് ഒരാഴ്ചയായി ജനവാസമേഖലയിൽ തമ്പടിച്ചിരിക്കുന്നത്.
നെല്ലിയാമ്പതി സീതാർകുണ്ട് പോബ്സ് എസ്റ്റേറ്റിൽ കാപ്പിക്കാടിനകത്ത് രണ്ട് ആനകൾ ഇറങ്ങി.
കൊല്ലങ്കോട് തെന്മലയോരത്ത് വാഴപ്പുഴയിൽ കരടികളെ കണ്ടതായി പ്രദേശവാസികൾ.
വാഴപ്പുഴയിൽ പത്തിലധികം നായ്ക്കളെ പുലികൾ പിടിക്കുകയും ചെയ്തിട്ടുണ്ട്.
വടക്കഞ്ചേരി കിഴക്കഞ്ചേരി പഞ്ചായത്തിലെ പനംകുറ്റിയിൽ കഴിഞ്ഞ ദിവസങ്ങളിൽ കാട്ടാനകൾ ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |