മൃതദേഹം ചാക്കിലാക്കി മൂന്നു
ദിവസം കട്ടിലിടിയിൽ വച്ചു
#പ്രതി ഉറങ്ങിയതും അതേ മുറിയിൽ
# ചാക്കുകെട്ട് കണ്ട മക്കൾ
മുത്തശ്ശിയെ അറിയിച്ചു
തിരുവനന്തപുരം/വെള്ളറട : ഒറ്റയ്ക്ക് താമസിച്ചിരുന്ന 48കാരിയെ അതിദാരുണമായി കൊന്ന് കുഴിച്ചുമൂടിയ കേസിൽ അയൽവാസിയായ സുഹൃത്ത് അറസ്റ്റിൽ. പനച്ചമൂട് പഞ്ചാകുഴി മാവുവിളവീട്ടിൽ പ്രിയംവദയെ കൊന്ന് ചാക്കിൽ കെട്ടി വീടിന് പുറകിൽ കുഴിച്ചിടുകയായിരുന്നു. മാവുവിള വി.എസ് ഹൗസിൽ വിനോദിനെയാണ് (46) വെള്ളറട പൊലീസ് അറസ്റ്റ് ചെയ്തത്. അനുജൻ സന്തോഷിനെയും ചോദ്യം ചെയ്യുകയാണ്. മൃതദേഹം കുഴിച്ചിടാൻ സന്തോഷ് സഹായിച്ചെന്നാണ് സൂചന. സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പ്രതി മൊഴി നൽകി.
ഇന്നലെ രാത്രി വൈകിയാണ് മൃതദേഹം പുറത്തെടുത്തത്. നെയ്യാറ്റിൻകര ഡിവൈ.എസ്.പി ചന്ദ്രദാസിന്റെ സാന്നിദ്ധ്യത്തിൽ പുറത്തെടുത്ത മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
കശുവണ്ടി തൊഴിതൊഴിലാളിയായ പ്രിയംവദ വ്യാഴാഴ്ച ജോലിയ്ക്ക് പോയിട്ട് മടങ്ങിയെത്തിയിരുന്നില്ല. ഭർത്താവുമായി വർഷങ്ങൾക്ക് മുമ്പേ വേർപിരിഞ്ഞു കഴിയുകയായിരുന്നു. മക്കളായ രേഷ്മയുടെയും ചിഞ്ചുവിന്റെയും വിവാഹം കഴിഞ്ഞതോടെ ഒറ്റക്കായി താമസം. ജോലി കഴിഞ്ഞു വരുന്ന അമ്മ ഇവരെ ഫോണിൽ വിളിക്കാറുണ്ട്.വ്യാഴാഴ്ച തിരിച്ചുവിളിച്ചിട്ടും ഫോണെടുത്തില്ല.വീട് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് പൊലീസിൽ പരാതി നൽകി
ഒറ്റയ്ക്ക് താമസിക്കുന്ന പ്രതി വിനോദ്
വ്യാഴാഴ്ചയാണ് കൊലപാതകം നടത്തിയത്. മൃതദേഹം ചാക്കിലാക്കി ശനിയാഴ്ച രാത്രിവരെ കട്ടിലിനടിയിൽ വച്ചിരുന്നു. ആ മുറിയിൽ തന്നെയാണ് വിനോദ് ഉറങ്ങിയിരുന്നതും. ചാക്കുകെട്ട് മക്കൾ കാണാനിടയായതാണ് സംഭവം പുറത്തറിയാൻ കാരണം.
വിനോദിന്റെ ഭാര്യ സിന്ധു വിദേശത്തായതിനാൽ മക്കൾ തൊട്ടടുത്ത വീട്ടിൽ മുത്തശ്ശി സരസ്വതിയോട് ഒപ്പമാണ് താമസം. ഒൻപതാം ക്ളാസിൽ പഠിക്കുന്ന മകളും മൂന്നാം ക്ളാസിൽ പഠിക്കുന്ന മകനും ശനിയാഴ്ച വന്നപ്പോൾ ചാക്കുകെട്ട് കണ്ടിരുന്നു. ഇക്കാര്യം മുത്തശ്ശിയോട് പറഞ്ഞു. രാത്രി അവർ വന്ന് നോക്കിയപ്പോൾ ചാക്കുകെട്ടും സാമ്പ്രാണിത്തിരി കത്തിച്ചുവച്ചിരിക്കുന്നതും കണ്ടു. കൈപോലൊന്ന് പുറത്തേക്ക് കാണുകയുംചെയ്തു. വിനോദ് ആ മുറിയിൽ ഉറക്കത്തിലായിരുന്നു.
ഇന്നലെ രാവിലെ പനച്ചമൂട് ചന്തക്കുസമീപമുള്ള പള്ളിയിൽപോയി വികാരിയോട് പറഞ്ഞു. അദ്ദേഹംചർച്ച് സെക്രട്ടറിയെ അറിയിച്ചു. വാർഡ് മെമ്പർ ശ്യാമിന് വിവരം കൈമാറി. ശ്യാം വെള്ളറട പൊലീസിൽ വിളിച്ചു. സി.ഐ വി.പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. വീട് കഴുകി വൃത്തിയാക്കിയ നിലയിലായിരുന്നു. പരിസരത്ത് രക്തകറയും മുടിയും കണ്ടെത്തി. വീടിന്റെ പുറകിൽ മണ്ണ് വെട്ടിയിട്ടിരിക്കുന്നത് കണ്ടു. മതിലിന്റെയും ബാത്ത്റൂമിന്റെ ഇടിയിലുമുള്ള സ്ഥലത്തായിരുന്നു മൃതദേഹം കുഴിച്ചിട്ടത്. ശനിയാഴ്ച രാത്രി വീട് കഴുകണമെന്ന് പറഞ്ഞാണ് തന്നെ വിളിച്ചുവരുത്തിയതെന്നാണ് മറ്റൊരുവീട്ടിൽ താമസിക്കുന്ന അനുജൻ സന്തോഷിന്റെ മൊഴി. രാത്രിയിൽ മദ്യലഹരിയിലായിരുന്നതിനാൽ ഉറങ്ങിപ്പോയി. പുലർച്ചെയാണ് വീടുകഴുകി വൃത്തിയാക്കിയത്. മൃതദേഹം മറവുചെയ്തത് അറിഞ്ഞിരുന്നില്ലെന്നും മൊഴിനൽകി.
അടിച്ച് ബോധം കെടുത്തി,
കഴുത്ത് ഞെരിച്ച് കൊന്നു
വ്യാഴാഴ്ച രാവിലെ ജോലിപോവുകയായിരുന്ന പ്രിയംവദയുമായി വീടിന് സമീപത്ത് വച്ച് വഴക്കുണ്ടായെന്ന് പ്രതി പറഞ്ഞു.
മർദ്ദിച്ചപ്പോൾ ബോധരഹിതയായി. വീട്ടിനുള്ളിലേക്ക് വലിച്ചിഴച്ച് കയറ്റി. ബോധം തെളിഞ്ഞപ്പോൾ അലറിവിളിക്കാൻ തുടങ്ങി. ഇതോടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ചാക്കിൽ കെട്ടി.കട്ടിലിനടിയിൽ വച്ചു. ശനിയാഴ്ച അർദ്ധരാത്രിയോടെ കുഴിയെടുത്ത് മൂടി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |