തൃശൂർ : ജില്ലയിൽ കഴിഞ്ഞ ദിവസം രാത്രി മുതൽ ആരംഭിച്ച അതിശക്തമായ മഴയിൽ ജനം ദുരിതത്തിൽ. പലഭാഗങ്ങളിലും ശക്തമായ കാറ്റും വീശിയടിച്ചു. കണിമംഗലത്ത് കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. പുക്കാട്ടികര കാരമുക്ക്‌ക്ഷേത്രകുളത്തിൽ കുളിക്കാനിറങ്ങിയ ഇടുക്കി സ്വദേശി ബിറ്റോ(23) ആണ് മരിച്ചത്. കൊടുങ്ങല്ലൂർ എടവിലങ്ങിൽ ശക്തമായ മഴയിൽ വീട് തകർന്നു. കാതിക്കോടത്ത് ബാബുവിന്റെ വീടാണ് തകർന്നത്. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളക്കെട്ട് ഭീഷണിയിലാണ്. നഗരത്തിലും മഴ ശക്തമായി. ചാവക്കാടിന്റെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായി. നൂറുകണക്കിന് വീടുകളാണ് വെള്ളക്കെട്ടിൽ അകപ്പെട്ടിട്ടുള്ളത്. കനോലി കനാലും മത്തികായലും കരകവിഞ്ഞു ഒഴുകി. ചേറ്റുവ പുഴയിലും അറബിക്കടലിലും ജലനിരപ്പ് ഉയരുകയാണ്. കടലേറ്റം രൂക്ഷമായതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോയിട്ടില്ല. പതിനേഴാം തീയതി വരെ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. ഡാമുകളിലേക്കുള്ള നീരൊഴുക്കും വർദ്ധിച്ചിട്ടുണ്ട്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
ജില്ലയിൽ കനത്ത മഴ തുടരുന്നതിനാലും ഓറഞ്ച് അലേർട്ട് നിലനിൽക്കുന്നതിനാലും മുൻകരുതൽ നടപടിയുടെ ഭാഗമായി ഇന്ന് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാലയങ്ങൾ, അങ്കണവാടികൾ, നേഴ്‌സറികൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റം ഉണ്ടായിരിക്കില്ല.
പ്ലസ് വൺ പ്രവേശന നടപടികൾ നടക്കും
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പ്ലസ് വൺ പ്രവേശന പ്രക്രിയകൾ നിശ്ചയിച്ച തീയതികളിൽ പൂർത്തീകരിക്കേണ്ടതുള്ളതിനാൽ പ്ലസ് വൺ പ്രവേശന നടപടികൾ മുൻ നിശ്ചയപ്രകാരം നടക്കുമെന്ന് ജില്ലാ വിദ്യാഭ്യാസ ഡെപ്യുട്ടി ഡയറക്ടർ അറിയിച്ചു.
മുരിങ്ങൂരിൽ ആൽമരം വീണു
ചാലക്കുടി: മുരിങ്ങൂർ ഡിവൈൻ നഗർ ജംഗ്ഷനിലെ കൂറ്റൻ ആൽമരം കടപുഴകി വീണു. കാടുകുറ്റി റോഡിന്റെ ഭാഗത്തേയ്ക്കാണ് വീണത്. തൊട്ടടുത്ത കട ഭാഗികമായി തകർന്നു. ഒരു സ്കൂട്ടറും മരത്തിനടിയിൽ കുടുങ്ങി. ആളപായമില്ല. കാടുകുറ്റി റോഡിൽ ഗതാഗതം മൂന്നുമണിക്കൂറോളം സ്തംഭിച്ചു. ചാലക്കുടി ഫയർഫോഴ്സ് എത്തിയാണ് മരം മുറിച്ചുമാറ്റിയത്. കൊരട്ടി പൊലീസും സ്ഥലത്തെത്തി. അടിഭാഗം കേടുവന്നതിനെ തുടർന്ന് ആൽ മുറിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് മേലൂർ പഞ്ചായത്ത് നേരത്തെ ദേശീയപാത അധികൃതർക്ക് അപേക്ഷ നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |