തിരുവനന്തപുരം: ഇന്നലെ പുലർച്ചെ മുതൽ പെയ്യുന്ന ശക്തമായ മഴയിൽ ജില്ലയിൽ വ്യാപക നാശം. കടലാക്രമണം രൂക്ഷമായതോടെ തീരത്തുള്ള ജനങ്ങൾ ഭീതിയിലാണ്. കടൽഭിത്തി നിർമ്മാണം പൂർത്തിയാകാത്ത പ്രദേശങ്ങളിൽ നെഞ്ചിടിപ്പോടെയാണ് കഴിഞ്ഞദിവസം കിടന്നുറങ്ങിയതെന്ന് പ്രദേശവാസികൾ പറയുന്നു. ശംഖുംമുഖം കൊച്ചുതോപ്പിൽ കടലാക്രമണത്തിൽ രണ്ടു വീടുകൾ ഇടിഞ്ഞു. ശംഖുംമുഖത്തെ അങ്കണവാടി കെട്ടിടം നേരത്തെ കടലെടുത്തിരുന്നു. പല വീടുകളുടെയും അടിഭാഗം ഇളകിയിട്ടുണ്ട്. ശംഖുംമുഖം തീരം പൂർണമായും കടലെടുത്തു. ഇവിടെ കടൽഭിത്തി നിർമ്മിക്കുന്നുണ്ടെങ്കിലും പൂർത്തിയായിട്ടില്ല.
കടൽഭിത്തി നിർമ്മിക്കാത്ത ഭാഗത്തെ വീടുകൾ ഏതുസമയവും നിലം പൊത്താവുന്ന സ്ഥിതിയിലാണ്. വെട്ടുകാട്, വേളി എന്നിവിടങ്ങളിലും കടൽക്ഷോഭം രൂക്ഷമാണ്. ഇന്ന് പുലർച്ചെയോടെ പലരും ബന്ധുവീടുകളിലേയ്ക്ക് താമസം മാറി. വെട്ടുകാട് പള്ളിക്ക് സമീപം ആൾത്താമസമില്ലാത്ത വീടുകളുടെ ഒരു ഭാഗം തകർന്നുവീണു. തിരമാലകൾ ശക്തമായി അടിച്ചുകയറാൻ തുടങ്ങിയതോടെ മത്സ്യത്തൊഴിലാളികളും നാട്ടുകാരും രണ്ടുദിവസം മുമ്പ് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കടൽഭിത്തി നിർമ്മിക്കണമെന്നത് പ്രദേശവാസികളുടെ ദീർഘകാല ആവശ്യമാണ്.
കൗൺസിലറുടെ വീടിന്റെ
മേൽക്കൂര തകർന്നു
വലിയതുറയിൽ കടലാക്രമണത്തിൽ പല വീടുകളുടെയും അടിഭാഗം ഇളകി. ഇന്നലെ ഉച്ചയോടെ ശക്തമായ മഴയിൽ കടപുഴകിയ കൂറ്റൻ തേക്കുമരം വീണ് വാർഡ് കൗൺസിലർ അയറിന്റെ വീടിന്റെ മേൽക്കൂര തകർന്നു. ഈ സമയം കൗൺസിലറും മക്കളും വീട്ടിലുണ്ടായിരുന്നെങ്കിലും ശബ്ദം കേട്ട് ഓടി പുറത്തിറങ്ങിയതിനാൽ അപകടം ഒഴിവായി. ഓടിട്ട വീടിന്റെ മതിലിൽ വിള്ളലുണ്ട്. രാത്രി ഏറെ വൈകിയും മരം പൂർണമായി മുറിച്ചുമാറ്റാനായില്ല.
ഗതാഗതം തടസപ്പെട്ടു
ജില്ലയിൽ പലയിടങ്ങളിലും മരം വീണ് ഗതാഗതം തടസപ്പെട്ടു. ഗൗരീശപട്ടത്ത് കൂറ്റൻ മരം റോഡിലേയ്ക്ക് വീണത് മണിക്കൂറുകളോളം ഗതാഗതം മുടക്കി. വൈദ്യുതിയും തടസപ്പെട്ടു. എൻ.ജി.ഒ ക്വാർട്ടേഴ്സ്,വട്ടിയൂർക്കാവ്, നിറമൺകര,മണക്കാട്,കാലടി സൗത്ത്,കൊഞ്ചിറവിള എന്നിവിടങ്ങളിലും മരം വീണു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |