കൊച്ചി: വാഹന പരിശോധനയ്‌ക്കിടെ കല്ലൂർക്കാട് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ഇ.എം. മുഹമ്മദിനെ (55) കാറിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച മൂന്നുപേർ പൊലീസ് കസ്റ്റഡിയിൽ. പ്രതികളുടെ പഴയ ഹ്യുണ്ടായ് സാൻട്രോ കാർ തൊടുപുഴയിൽ ഉപേക്ഷിച്ച നിലയിൽ ശനിയാഴ്ച രാത്രി കണ്ടെത്തി.
വെങ്ങല്ലൂർ ഫയർഫോഴ്സ് ഓഫീസിന് എതിർവശത്തെ വഴിയിലായിരുന്നു കാർ. വാഹനം കല്ലൂർക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവം നടന്ന സ്ഥലത്തും കാർ ഉപേക്ഷിച്ചയിടത്തും കാറിലും ഇന്നലെ ഫൊറൻസിക് സംഘം പരിശോധന നടത്തി. എസ്.ഐയെ ഇടിച്ചുവീഴ്‌ത്തിയശേഷം കാറുമായി കടന്നയാളെ പൊലീസ് തിരിച്ചറിഞ്ഞു. ഇയാൾ മറ്റൊരു പൊലീസ് സ്റ്റേഷനിലെ മയക്കുമരുന്ന് കേസിൽ പ്രതിയാണ്.
വലത്കാലിനും തോളിനും സാരമായി പരിക്കേറ്റ എസ്.ഐ തൊടുപുഴ സെന്റ് മേരീസ് ആശുപത്രിയിലാണ്. ശസ്ത്രക്രിയയ്‌ക്ക് ശേഷം ഇന്നലെ മുറിയിലേക്ക് മാറ്റി. കാറിലുണ്ടായിരുന്നവർക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. ഇവരെക്കുറിച്ച് വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
ഇര ഹെെക്കോടതിയിലേക്ക്
ചാലക്കുടി:വനം വകുപ്പ് പിടികൂടിയ മ്ലാവിറച്ചി സർക്കാർ ലാബിലെ പരിശോധനയിൽ പശുവിറച്ചിയാണെന്ന് തെളിഞ്ഞ കേസിൽ ഇര ഹെെക്കോടതിയിലേക്ക്.39 ദിവസം ജയിലിൽ കിടന്ന ചാലക്കുടിയിലെ ചുമട്ടു തൊഴിലാളി സുജേഷാണ് നിയമനടപടിക്കൊരുങ്ങുന്നത്.കേസിന്റെ രേഖകൾ ലഭിക്കുന്ന മുറയ്ക്ക് എഫ്.ഐ.ആർ റദ്ദാക്കലിന് ഹൈക്കോടതിയെ സമീപിക്കുമെന്നും നഷ്ടപരിഹാരത്തിനുള്ള കേസ് നൽകുമെന്നും സുജേഷിന്റെ അഭിഭാഷകൻ അഡ്വ.വിഷ്ണുപ്രസാദ് പറഞ്ഞു.2024 നവംബർ 30ന് പേരാമ്പ്രയിലെ ജോബിയുടെ വീട്ടിൽ നിന്നാണ് ചാലക്കുടി ഡി.വൈ.എസ്.പിയുടെ സ്ക്വാഡ് മാംസം കണ്ടെടുത്തത്.മ്ലാവിറച്ചിയാണെന്ന് തെറ്റിദ്ധരിച്ച് വനപാലകരെ അറിയിക്കുകയും വെള്ളിക്കുളങ്ങര റേഞ്ച് ഓഫീസറുടെ നേതൃത്തിൽ ജോബി,സുജേഷ് ഉൾപ്പെടെ ആറുപേരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.നാല് ദിവസം മുമ്പ് പരിശോധനാ ഫലം പുറത്തുവന്നപ്പോഴാണ് തൊണ്ടി മുതൽ പശുവിന്റെ മാംസമാണെന്ന് വ്യക്തമായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |