തിരുവനന്തപുരം: കേന്ദ്രം മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചേ... മണ്ണെണ്ണ തരുന്നില്ലേ... എന്നൊക്കെയായിരുന്നു കഴിഞ്ഞ രണ്ടുവർഷത്തെ സംസ്ഥാന സർക്കാരിന്റെ പരാതി. മണ്ണെണ്ണ അനുവദിക്കൂ, പാവപ്പെട്ടവർ വിളക്ക് കത്തിക്കട്ടേ... എന്നുപറഞ്ഞ് ഇടയ്ക്കിടക്ക് കേന്ദ്ര പ്രെട്രോളിയം വകുപ്പിന് കത്തുകളും അയച്ചു. ഒടുവിൽ മണ്ണെണ്ണ അനുവദിച്ചു. എന്നിട്ടോ...രണ്ടര മാസമായിട്ടും ഏറ്റെടുക്കാൻ വയ്യ!
വെള്ള കാർഡുകാർക്കടക്കം എല്ലാ വിഭാഗങ്ങൾക്കും റേഷൻ കടകളിൽ നിന്ന് മണ്ണെണ്ണ ലഭിക്കുന്ന വിധത്തിൽ 5,676 കിലോ ലിറ്ററാണ് കേന്ദ്രം അനുവദിച്ചത്. അനുവദിച്ച മണ്ണെണ്ണ ഈ മാസം ഏറ്റെടുത്ത് വിതരണം ചെയ്തില്ലെങ്കിൽ മണ്ണെണ്ണ നഷ്ടപ്പെടുമെന്നായപ്പോൾ സംസ്ഥാനം ഒരടിയന്തര തീരുമാനത്തിലെത്തി. എന്തെന്നോ? അനുവദിച്ച റേഷൻ മണ്ണെണ്ണ വിഹിതം ഏറ്റെടുക്കുന്നതിന് മൂന്ന് മാസത്തെ സാവകാശംകൂടി അനുവദിക്കണമെന്ന്. ആദ്യ ക്വാർട്ടറിലേക്കായി അനുവദിച്ച 56.76 ലക്ഷം ലീറ്റർ എറ്റെടുക്കാൻ അടുത്ത ക്വാർട്ടർ വരെ സമയം നൽകണമെന്നാണ് കത്തിലെ അഭ്യർത്ഥന. വിതരണമേഖലയിൽ ഡീലർമാർക്കും വ്യാപാരികൾക്കുമുള്ള നിരക്കുകൾ പരിഷ്‌കരിക്കണമെന്ന ആവശ്യങ്ങളിൽ സംസ്ഥാന സർക്കാരിന്റെ തീരുമാനം വൈകുന്നതിനാലാണ് സമയം നീട്ടി ചോദിച്ചതെന്നാണ് സർക്കാർപക്ഷം.
ശുപാർശ മുഖ്യമന്ത്രിക്കു മുന്നിൽ
മണ്ണെണ്ണ വിതരണത്തിന് റേഷൻ വ്യാപാരികളുടെയും ഡീലർമാരുടെയും കമ്മിഷൻ പരിഷ്കരിക്കണമെന്ന നിർദേശമടങ്ങുന്ന ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ പുതിയ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ പരിഗണനയ്ക്ക് അയച്ചിരുന്നു. ഒരു മാസം മുമ്പ് സമർപ്പിച്ച ആദ്യ ശുപാർശയിലെ നിരക്കുകൾ കൂടുതലാണെന്ന് ചൂണ്ടിക്കാട്ടി ധനവകുപ്പ് നിരസിക്കുകയായിരുന്നു.
വിഹിതം അനുവദിച്ച് 2 മാസത്തിലേറെയായിട്ടും റേഷൻ മണ്ണെണ്ണ ഏറ്റെടുക്കാത്ത സംസ്ഥാന സർക്കാരിന്റെ നിലപാട് ചർച്ചയായ സാഹചര്യത്തിൽ രണ്ടാമതും ഭക്ഷ്യപൊതുവിതരണ വകുപ്പ് ശുപാർശ നൽകി. ഇതിനു മുന്നോടിയായി ഭക്ഷ്യപൊതുവിതരണ കമ്മിഷണർ റേഷൻ വ്യാപാരികളുടെയും മണ്ണെണ്ണ ഡീലർമാരുടെയും സംഘടനാ പ്രതിനിധികളുടെ യോഗം വിളിച്ച് ചർച്ച നടത്തിയിരുന്നു. ഭക്ഷ്യവകുപ്പ് നിർദേശം സ്വീകരിച്ചാൽ മണ്ണെണ്ണ വില ലിറ്ററിന് 63ൽ നിന്നും 70 ആക്കേണ്ടിവരുമെന്നായിരുന്നു ധനവകുപ്പിന്റെ വാദം. എന്നാൽ മണ്ണെണ്ണ വിലയിടിഞ്ഞതിനാൽ 63 രൂപയ്ക്ക് തന്നെ വിൽക്കാനാകുമെന്ന് 'കേരളകൗമുദി" നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |