കൊച്ചി: കെനിയയിൽ ബസപകടത്തിൽ മരിച്ച മൂവാറ്റുപുഴ പേഴയ്‌ക്കാപ്പിള്ളി കുറ്റിക്കാട്ടുചാലിൽ ജസ്ന (29)യുടെയും മകൾ ഒന്നരവയസുകാരി റൂഹി മെഹ്റിന്റെയും മൃതദേഹങ്ങൾ ഇന്നലെ രാവിലെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ചു. ആദ്യം നെല്ലിക്കുഴിയിലെ പീസ് വാലിയിലേക്കും പിന്നീട് രണ്ട് ആംബുലൻസുകളിൽ 12 മണിയോടെ വീട്ടിലും എത്തിച്ചു. ചുരുങ്ങിയ സമയം മാത്രമാണ് വീട്ടിൽ പൊതുദർശനത്തിന് വച്ചത്. തുടർന്ന് പേഴയ്‌ക്കാപ്പിള്ളി സെൻട്രൽ ജുമാ മസ്ജിദിൽ കബറടക്കി. മാത്യു കുഴൽനാടൻ എം.എൽ.എ, മുൻ എം.എൽ.എ എൽദോ എബ്രഹാം, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം. അലിയാർ തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിക്കാനെത്തി.
മാവേലിക്കര ചെറുകോൽ സ്വദേശി ഗീത ഷോജി ഐസക് (58), പാലക്കാട് മണ്ണൂർ സ്വദേശി റിയ ആൻ (41), മകൾ ടൈറ റോഡ്രിഗ്‌സ് (7) എന്നിവരുടെ മൃതദേഹങ്ങൾ ഇന്നലെ ഖത്തർ എയർവേസ് വിമാനത്തിൽ കൊണ്ടുവന്നു. ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു. ജസ്‌നയുടെ ഭർത്താവ് മുഹമ്മദ് ഹനീഫ, റിയയുടെ ഭർത്താവ് ജോയൽ,മകൻ ട്രാവീസ് എന്നിവർക്കും അപകടത്തിൽ പരിക്കേറ്റിരുന്നു. ഇവരെ ആശുപത്രികളിലേക്ക് മാറ്റി. റിയയുടെയും ടൈറയുടെയും മൃതദേഹങ്ങൾ പാലക്കാട്ടേക്ക് കൊണ്ടുപോയി.
സംസ്ഥാന സർക്കാരിന് വേണ്ടി മന്ത്രി പി. രാജീവ് മൃതദേഹങ്ങൾ ഏറ്റുവാങ്ങി അന്ത്യോപചാരം അർപ്പിച്ചു. ജനറൽ മാനേജർ ടി. രശ്മി,എയർപോർട്ട് ഡയറക്ടർ ജി.മനു എന്നിവരും ആദരാഞ്ജലി അർപ്പിച്ചു.
ജൂൺ ഒമ്പതിന് ഖത്തറിൽനിന്ന് വിനോദസഞ്ചാരത്തിനു പോയ 28 പേരടങ്ങുന്ന ഇന്ത്യൻസംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് നെയ്റോബിയിൽ നിന്ന് 150 കിലോമീറ്റർ അകലെ നെഹ്റൂറുവിൽ മറിഞ്ഞായിരുന്നു അപകടം.
ഗീത ഷോജിയുടെ സംസ്കാരം നാളെ
ഗീത ഷോജിയുടെ മൃതദേഹം എറണാകുളത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നാളെ രാവിലെ 10ന് കൊച്ചി പാലാരിവട്ടം ഷാരോൺ മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ സംസ്‌കരിക്കും. പാലാരിവട്ടം ഷാരോൺ മാർത്തോമ്മ ഇടവകാംഗമാണ്.
വിങ്ങലായി റിയയും ടൈറയും;
കണ്ണീരോടെ വിട നൽകി നാട്
പാലക്കാട്: കെനിയ വാഹനപകടത്തിൽ മരണപ്പെട്ട മണ്ണൂർ കാഞ്ഞിരംപാറ പുത്തൻപുരയിൽ റിയക്കും(41) മകൾ ടൈറക്കും കണ്ണീരോടെ നാട് വിട നൽകി.ഒരു നാടിന്റെ മുഴുവൻ യാത്ര മൊഴി ഏറ്റുവാങ്ങി ഇരുവരും നാടിന് വിട ചൊല്ലി. മക്കളുടെ അപ്രതീക്ഷിത വേർപാടിൽ ഉള്ളുലഞ്ഞ ആ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേർന്നും അവരെ ആശ്വസിപ്പിച്ചും നൂറോളം പേരാണ് ഇന്നലെ റിഷി വില്ലയിലെത്തിയത്. വി.കെ.ശ്രീകണ്ഠൻ എം.പിയും അഡ്വ.ശാന്തകുമാരി എം.എൽ.എയും രാഷ്ട്രീയ നേതാക്കളായ സി.കൃഷ്ണകുമാറും പ്രശാന്ത് ശിവനും അന്ത്യോപചാരമർപ്പിക്കാൻ എത്തിയിരുന്നു.ഈ മാസം 28ന് അവധിയാഘോഷിക്കാൻ നാട്ടിലെത്തേണ്ടിയിരുന്ന കുരുന്നാണ് ചേതനയറ്റ് ഇന്നലെ റിഷി വില്ലയിലേക്കെത്തിയത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലുണ്ടായിരുന്ന ഭർത്താവ് ജോയലും മകൻ ട്രാവിസും ഇന്നലെ വീട്ടിലേക്കെത്തി.സുരക്ഷിതമായി വീട്ടിലെത്തിയതിന് ശേഷമാണ് അമ്മയുടെയും കുഞ്ഞുപെങ്ങളുടെയും മരണ വിവരം ട്രാവസിനെ അറിയിക്കുന്നത്. വിയോഗം ഉൾകൊള്ളാനാവാതെ ചേതനയറ്റ ശരീരങ്ങൾക്ക് മുമ്പിൽ പൊട്ടിക്കരയുന്ന പൊന്നു മോനെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയാതെ വിതുമ്പുകയാണ് ബന്ധുക്കളും അയൽവാസികളും.ഇരുവരുടെയും മൃതദേഹങ്ങൾ ഇന്നലെ രാവിലെ ഒമ്പതരയ്ക്കാണ് ഖത്തർ എയർവേയ്സ് വിമാനത്തിൽ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ചത്.തുടർന്ന് 2.40 നാണ് മൃതദേഹങ്ങൾ കാഞ്ഞിരംപാറയിലെ റിഷി വീട്ടിൽ പൊതുദർശനത്തിനു വെച്ചത്. ഒരു മണിക്കൂർ പൊതുദർശനത്തിന് ശേഷം മൃതദേഹങ്ങൾ ജോയലിന്റെ നാടായ കോയമ്പത്തൂർ പോത്തന്നൂരിൽ സംസ്കരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |